Latest News

യാത്രക്കാരന്റെ ഒറ്റയാള്‍ പോരാട്ടം; എയര്‍ ഇന്ത്യ 10,829 രൂപ നഷ്ടപരിഹാരം നല്‍കണം

കോഴിക്കോട്:  അഗത്തിയില്‍ നിന്നു കോഴിക്കോട്ടു വരേണ്ട വിമാനം കൊച്ചിയില്‍ ഇറക്കിയതിനു കോഴിക്കോട്ടേക്കു ടിക്കറ്റെടുത്ത യാത്രക്കാരന് ടിക്കറ്റ് ചാര്‍ജും ടാക്‌സി ചാര്‍ജും നഷ്ടപരിഹാരവും എയര്‍ ഇന്ത്യ നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി. 2012 ഏപ്രില്‍ 25ന് അഗത്തിയില്‍ നിന്നു കോഴിക്കോട്ടേക്കു വിമാനം കയറിയ രവി ഉള്ളിയേരിയുടെ പരാതിയെ തുടര്‍ന്നാണ് വിധി. ടിക്കറ്റ് ചാര്‍ജായ 5,829 രൂപയും കൊച്ചി- കോഴിക്കോട്ട് ടാക്‌സി ചാര്‍ജായ 2000 രൂപയും നഷ്ടപരിഹാരത്തുകയായ 3000 രൂപയും അടക്കം 10,829 രൂപ നല്‍കാനാണ് ഉത്തരവ്.

എയര്‍ ഇന്ത്യയും ടിക്കറ്റ് ഏജന്റും നാല് അഭിഭാഷകരെ രംഗത്തിറക്കിയെങ്കിലും കേസ് സ്വയം വാദിച്ചാണ് രവി നീതി നേടിയത്. കവരത്തിയില്‍ നിന്നു ഹെലികോപ്ടര്‍ ചാര്‍ട്ട് ചെയ്താണ് രവി അഗത്തിയില്‍ എത്തിയത്. അഗത്തിയിലെ വിമാനത്താവളത്തില്‍ ബാഗേജ് ചെക്കിങ്ങിനു ശേഷമാണ് വിമാനം കൊച്ചിയിലേക്കു പോകുന്നുവെന്ന അറിയിപ്പ് ലഭിക്കുന്നത്. കൊച്ചിയിലെത്തിയപ്പോള്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ രവിയെ കോഴിക്കോട്ട് എത്തിക്കാനോ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ തയാറായില്ല.

തുടര്‍ന്നാണ് അഗത്തി, കോഴിക്കോട്, കൊച്ചി വിമാനത്താവള മാനേജര്‍മാര്‍ക്കും ടിക്കറ്റ് ഏജന്റിനും എതിരെ കോഴിക്കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിനു പരാതി നല്‍കിയത്. പ്രസിഡന്റ് ജി. യദുനന്ദന്‍, അംഗങ്ങളായ എല്‍. ജ്യോതികുമാര്‍, ബീനാ ജോസഫ് എന്നിവരുടെതാണു വിധി.

Keywords:  Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.