Latest News

എയര്‍ ഇന്ത്യാ വിമാനം നിലത്തിറങ്ങുന്നതിനിടെ രണ്ട് ടയറുകള്‍ പൊട്ടിത്തെറിച്ചു, ദുരന്തം ഒഴിവായി

തിരുവനന്തപുരം: ഇറങ്ങുന്നതിനിടെ ടയര്‍ പൊട്ടിയ എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍ കുടുങ്ങി. ടയര്‍ പൊട്ടിയെങ്കിലും അപകടം ഒഴിവായി. ആര്‍ക്കും പരിക്കില്ല. മാലിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ഇന്ത്യ 264 വിമാനത്തിന്റെ ടയറുകളാണ് ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ചത്.

വിമാനത്തില്‍ 142 യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്നു. ഇവരെ വിമാനത്താവളത്തിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) എയര്‍ഇന്ത്യ അധികൃതരോട് റിപ്പോര്‍ട്ട് തേടി.

ശനിയാഴ്ച ഉച്ചയ്ക്ക് 12.40 നെത്തിയ വിമാനത്തിന്റെ ഇടതുഭാഗത്തുള്ള നാല് ടയറുകളില്‍ ആദ്യത്തെ രണ്ടെണ്ണമാണ് പൊട്ടിയത്. തുടര്‍ന്ന് 200 മീറ്ററോളം നിരങ്ങി ഓടിയതിന് ശേഷമാണ് വിമാനം ടാക്‌സ് വേയ്ക്ക് സമീപം നിര്‍ത്തിയത്. ഈ വിമാനം പിന്നീട് ബാംഗ്ലൂരിലേക്കും അവിടെനിന്ന് ചൈന്നെയിലേക്കും പോകേണ്ടിയിരുന്നതാണ്. യാത്രക്കാരെ മറ്റ് വിമാനങ്ങളില്‍ കയറ്റിവിടുമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെ 8.50 ന് തിരുവനന്തപുരത്ത് നിന്ന് മാലിയിലേക്ക് പോയ വിമാനമാണിത്. സാധാരണ പുറപ്പെടുംമുന്‍പ് യാത്രയ്ക്ക് വിമാനം എല്ലാതരത്തിലും തയ്യാറാണെന്ന് ഫ്ലൈറ്റ് എന്‍ജിനിയര്‍ സര്‍ട്ടിഫൈ ചെയ്യും. ഈ വിമാനത്തിനും ൈഫ്‌ലറ്റ് എന്‍ജിനിയര്‍ 'ഫിറ്റ് ടു ൈഫ്‌ല' സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നതാണ്. എയര്‍ ഇന്ത്യയുടെ ഫ്‌ലൈറ്റ് എന്‍ജിനിയര്‍ ഈ വിമാനത്തില്‍ത്തന്നെയുണ്ടായിരുന്നു. മാത്രമല്ല യാത്രാമദ്ധ്യേ വിമാനത്തിന് മറ്റ് സാങ്കേതിക തകരാറൊന്നും ഇല്ലായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കിയതുമാണ്.
എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം ടയറുകള്‍ പൊട്ടിത്തെറിച്ചതില്‍ അപാകമുണ്ടെന്നാണ് എയര്‍ഇന്ത്യയും വിലയിരുത്തിയിരിക്കുന്നത്. സംഭവത്തില്‍ എയര്‍ഇന്ത്യയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ പൈലറ്റ് അറിയിച്ചിരുന്നില്ലെന്നും വിമാനത്താവള വൃത്തങ്ങള്‍ പറഞ്ഞു.

കാലാവസ്ഥാവ്യതിയാനമോ മറ്റേതെങ്കിലും തകരാറോ കൊണ്ടായിരിക്കാം ടയറുകള്‍ പൊട്ടാനിടയാക്കിയതെന്ന് എയര്‍ഇന്ത്യ സ്റ്റേഷന്‍മാസ്റ്റര്‍ എസ്.എസ്.ബി. ജേക്കബ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ടയറുകള്‍ എത്തിച്ച് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയശേഷം വിമാനം പുറപ്പെടുമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.