Latest News

എസ്‌കെഎസ്എസ്എഫ്‌ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അന്തരിച്ചു

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മികച്ച സംഘാടകനുമായ ചെങ്കളയിലെ ഇബ്രാഹിം ഫൈസി ജെഡിയാര്‍ (37) നിര്യാതനായി.[www.malabarflash.com]

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെയാണ് അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
വിവിധ മഹല്ലുകളില്‍ ഖത്തീബായും സദര്‍ മുഅല്ലിമായും സേവനം അനുഷ്ഠിച്ചിരുന്നു. മികച്ച സംഘാടകനും കൂടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എസ്.കെ.എസ്.എസ്.എഫ് ശംസുല്‍ ഉലമാ അവാര്‍ഡിനും അര്‍ഹനായിരുന്നു.


എസ് കെ എസ് എസ് എഫ് ബേഡഡുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ്, ചെര്‍ക്കള മേഖല ജനറല്‍ സെക്രട്ടറി, ജില്ല ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1982ല്‍ ബന്തടുക്ക പടുപ്പ് ജെഡിയാറിലാണ് ജനനം. പ്രഥമ ദര്‍സ് പഠനം സ്വദേശമായ ബന്തടുക്ക ഏണിയാടിയിലായിരുന്നു. പീന്നീട് ദീര്‍ഘകാലം നെല്ലിക്കുന്നിലായിരുന്നു ദര്‍സ് പഠനം. മര്‍ഹൂം പി.എ അബദുറഹ്മാന്‍ ബാഖവി ജുനൈദി ഉസ്താദ് തിരുവട്ടൂരാണ് പ്രഥാന ഗുരുനാഥന്‍. പി സുലൈമാന്‍ ദാരിമി മലപ്പുറം ജിഎസ് അബ്ദുറഹ്മാന്‍ മദനി, പി.എം അബ്ദുല്‍ ഹമീദ് മദനി എന്നിവരും ദര്‍സിലെ ഗുരുനാഥന്മാരാണ്. എസ്എസ്എല്‍സിയാണ് ഭൗതിക പഠനം.

2004ലാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നിന്ന് ഫൈസി ബിരുദം നേടിയത്. സമസ്ത പ്രസിഡന്റുമാരായ മര്‍ഹൂം കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, കുമരം പുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്.

അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം ഇക്കഴിഞ്ഞ ആഗസ്ത് 12നാണ് ചെങ്കളയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. പരേതനായ അബ്ദുല്‍ റഹിമാന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: അനീസ. മക്കള്‍: ഹദിയ (എട്ട്), മുഹമ്മദ് നബ്ഹാന്‍ (നാല്). മയ്യിത്ത് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ചെങ്കള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.