Latest News

സുന്ദരി പെണ്‍കുട്ടിയുടെ പഞ്ചാരവാക്കില്‍ മയങ്ങിയ ഇന്ത്യന്‍ സൈനികന് കിട്ടിയത് എട്ടിന്റെ പണി

ഹൈദരാബാദ്: സുന്ദരി പെണ്‍കുട്ടിയുടെ പഞ്ചാരവാക്കില്‍ മയങ്ങിയ ഇന്ത്യന്‍ സൈനികന് കിട്ടിയത് എട്ടിന്റെ പണി. പെണ്ണ് കൈ നിറയെ പണവും ഒപ്പം സ്വന്തം 'ചൂടന്‍' പടങ്ങളും കൈമാറിയപ്പോള്‍ പരിസരം മറന്ന പട്ടാള ഉദ്യോഗസ്ഥന്‍ അവള്‍ ചോദിച്ച ചോദ്യങ്ങള്‍ അറിയാതെ ഉത്തരം പറഞ്ഞപ്പോള്‍ ചോര്‍ന്നത് രാജ്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ രഹസ്യങ്ങളാണ്. ഇന്ത്യന്‍ സേനയില്‍ നായിക് സുബേദാറായ പതന്‍ കുമാര്‍ പൊദ്ദറാണ് പാക്കിസ്ഥാനി ചാരസുന്ദരിയുടെ വലയില്‍പ്പെട്ടത്.

40 വയസുകാരനായ പൊദ്ദാര്‍ സെക്കന്ദരാബാദ് റെയില്‍വേ സ്‌റ്റേഷനിലെ സൈനിക ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു. പശ്ചിമ ബംഗാളിലെ മാള്‍ഡ സ്വദേശിയാണ് ഇയാള്‍. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ പാക്കിസ്ഥാനി ചാരവനിതയ്ക്ക് രഹസ്യങ്ങള്‍ കൈമാറിയെന്നാണ് ഇയാള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍. ഇതിനു പ്രതിഫലമായി ഇയാളുടെ അക്കൗണ്ടില്‍ യുവതി പണം നിക്ഷേപിച്ചിരുന്നതായും ഹൈദരബാദ് പോലീസ് കണ്ടെത്തി.

ഇതിനു പുറമേ തന്റെ നഗ്ന ചിത്രങ്ങളും വീഡിയോയും യുവതി ഇയാള്‍ക്ക് അയച്ചു കൊടുത്തിരുന്നതായും പോലീസ് കണ്ടെത്തി. ലണ്ടനിലേക്ക് തന്റെ ചെലവില്‍ ഒരു യാത്ര പോകാമെന്നും യുവതി ഇയാള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. പൊദ്ദാറിനെ സെന്‍ട്രല്‍ ക്രൈം സ്‌റ്റേഷനും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമാണ് ചോദ്യം ചെയ്യുന്നത്. അനുഷ്‌ക അഗര്‍വാള്‍ എന്നു പേരു പറഞ്ഞ യുവതിയെ ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ പരിചയപ്പെട്ടത്.

യുപിയിലെ ഝാന്‍സി സ്വദേശിനിയാണെന്നും എം.എസ്.സി വിദ്യാര്‍ഥിനിയാണെന്നുമാണ് പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരും സ്ഥിരമായി ചാറ്റ് ചെയ്തിരുന്നു. പൊദ്ദാര്‍ വലയില്‍ വീണെന്നു മനസിലാക്കിയ യുവതി ഒരു ഓഫര്‍ മുന്നോട്ടുവച്ചു. താന്‍ സഹകരിക്കുന്ന എന്‍ജിഒയ്ക്കു വേണ്ടി ഓണ്‍ലൈന്‍ സര്‍വേ നടത്തിത്തരുമോ എന്നായിരുന്നു ചോദ്യം. പ്രതിഫലമായി 10000 രൂപയും വാഗ്ദാനം ചെയ്തു. പൊദ്ദാര്‍ സന്തോഷപൂര്‍വം ജോലി ഏറ്റെടുത്തു.

ഇതനുസരിച്ച് ആദ്യ ഗഡുവായി 9000 രൂപ മാള്‍ഡയിലെ മംഗള്‍ബരി ബ്രാഞ്ചിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി നിര്‍ദേശിച്ചതു പ്രകാരം പൊദ്ദാര്‍ തന്റെ പ്രൊഫഷണല്‍, വ്യക്തിഗത വിവരങ്ങളും ഫോട്ടോയും ഇയാള്‍ അയച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് അനുഷ്‌ക ഫോണില്‍ പൊദ്ദാറിനെ വിളിച്ചു തുടങ്ങുകയും ചെയ്തു. അതുവഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂവ്‌മെന്റ് കണ്‍ട്രോള്‍ ഓഫീസുകളുടെ (എംസിഒ) ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 20,000 രൂപ പൊദ്ദാറിന്റെ അക്കൗണ്ടിലേക്ക് യുവതി നിക്ഷേപിച്ചു. പ്രോക്‌സിയിലൂടെ ഇ മെയിലുകള്‍ പരിശോധിക്കുന്നതിനുള്ള പരിശീലനവും യുവതി നല്‍കി. തുടര്‍ന്ന് അനുഷ്‌ക ആവശ്യപ്പെട്ടത് പടിഞ്ഞാറന്‍ സെക്ടറിലുള്ള ഇന്ത്യന്‍ സേനയുടെ നീക്കത്തിന്റെ വിശദാംശങ്ങളായിരുന്നു. സെക്കന്തരാബാദ് മുതല്‍ ജോധ്പുര്‍ വരെയുള്ള 96 ഫീല്‍ഡ് റെജിമെന്റിന്റെയും 10 മീഡിയം റെജിമെന്റിനെയും വിവരങ്ങള്‍ പൊദ്ദാര്‍ മടി കൂടാതെ യുവതിക്ക് കൈമാറി. സെക്കന്തരാബാദില്‍നിന്ന് സൈനിക സംഘം മാറുമ്പോള്‍ ട്രെയിന്‍ ആവശ്യപ്പെടുന്നതിന്റെ വിവരങ്ങളും ഇയാള്‍ സുന്ദരിക്ക് കൈമാറിയിരുന്നു.

യുവതിയുടെ ആവശ്യപ്രകാരം ഔദ്യോഗിക കമ്പ്യൂട്ടറുകളില്‍ ട്രോജന്‍ വൈറസ് ഇയാള്‍ ഇന്‍സ്റ്റാള്‍ ചെയ്തു. സൈനിക കമ്പ്യൂട്ടറുകള്‍ അനുഷ്‌കയ്ക്ക് എവിടെനിന്നും പരിശോധിക്കാനുളള്ള സൗകര്യവും ഇയാള്‍ ഒരുക്കി. മിസൈല്‍ യൂണിറ്റുകളുടെയും സ്‌റ്റോറേജ് യൂണിറ്റുകളുടെയും ഫോട്ടോയായിരുന്നു അടുത്ത ആവശ്യം. എന്നാല്‍ തന്റെ പരിധിയില്‍ വരാത്ത കാര്യമായതിനാല്‍ ഈ ആവശ്യം നിറവേറ്റാന്‍ പൊദ്ദാര്‍ക്ക് കഴിഞ്ഞില്ല. അനുഷ്‌ക നല്‍കിയ പണം ഉപയോഗിച്ച് ഒരു സെക്കന്‍ഡ് ഹാന്‍ഡ് ലാപ്‌ടോപ് വാങ്ങിയ പൊദ്ദാര്‍ യുവതിയുമായി ബന്ധപ്പെടാന്‍ ഇതാണ് ഉപയോഗിച്ചിരുന്നത്.

നവംബറില്‍ 15,000 രൂപ കൂടി യുവതി പൊദ്ദാറിന്റെ അക്കൗണ്ടിലേക്ക് കൈമാറി. ഇതിനു പ്രതിഫലമായി 12 ആര്‍മി യൂണിറ്റുകള്‍, അവയുടെ ബ്രിഗേഡ് പേരുകള്‍, വിന്യസിക്കുന്ന മേഖലകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ നല്‍കി. ഈ വര്‍ഷം രണ്ട് തവണയായി 30,000 രൂപയാണ് ഇയാളുടെ അക്കൗണ്ടില്‍ എത്തിയത്. ഇതിനു പ്രത്യുപകാരമായി സേനയുടെ വിശദാംശങ്ങളും, കമാന്‍ഡുകളും, ആര്‍മി ബേസുകളും, കോര്‍പ്‌സ്, ഡിവിഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ബ്രിഗേഡുകള്‍ എന്നിയുടെ വിവരങ്ങളാണ് കൈമാറിയത്.

ലണ്ടന്‍ യാത്രയ്ക്ക് കളമൊരുക്കുമ്പോഴാണ് ഇയാള്‍ പോലീസിന്റെ വലയില്‍ കുടുങ്ങുന്നത്. തുടക്കത്തില്‍ നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുത്താണ് അനുഷ്‌ക പൊദ്ദാറിനെ വീഴ്ത്തിയത്. പിന്നീട് സ്വന്തം നഗ്ന വീഡിയോകളും ലൈംഗിക ചാറ്റുകളും ആരംഭിച്ചതോടെ പൊദ്ദാര്‍ പൂര്‍ണമായും ഇവര്‍ക്ക് വിധേയനായി. എന്നാല്‍ അന്വേഷണത്തില്‍ 'അനുഷ്‌ക അഗര്‍വാള്‍' വ്യാജ ഐഡിയാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. ചാരയുവതി നിരവധി സൈനിക ഉദ്യോഗസ്ഥരെ വലയിലാക്കിയതായി സംശയിക്കുന്നുണ്ട്.

ഇവര്‍ നല്‍കിയ വീഡിയോ ഇവരുടേതായിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പ്രോക്‌സികള്‍ ഉപയോഗിച്ചാണ് പൊദ്ദാറുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ ഇവരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കേള്‍ (വിഒഐപി) സംവിധാനം വഴിയാണ് ഇവര്‍ പൊദ്ദാറുമായി ഫോണില്‍ സംസാരിച്ചിരുന്നത്. ഇയാളുടെ പക്കല്‍നിന്ന് മൂന്നു മൊബൈല്‍ ഫോണുകള്‍, 10 സിം കാര്‍ഡുകള്‍, മൂന്നു ഡാറ്റ കാര്‍ഡുകള്‍, ഒരു പെന്‍ ഡ്രൈവ്, ഒരു കാര്‍ഡ് റീഡര്‍, രണ്ടു കമ്പ്യൂട്ടറുകള്‍ എന്നിവ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.

സെക്കന്തരാബാദില്‍ ജോയിന്‍ ചെയ്യും മുന്‍പ് ഇയാള്‍ ജമ്മു കാശ്മീരിലും ജോധ്പൂരിലും ജോലി ചെയ്തിരുന്നു. അനുഷ്‌കയുമായി ചാറ്റ് ചെയ്യാന്‍ സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനിലെ മിലിട്ടറി ബുക്കിംഗ് കൗണ്ടറില്‍ രാത്രി വൈകി മണിക്കൂറുകളോളം ഇയാള്‍ ഒറ്റയ്ക്ക് ഇരിക്കുമായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ആര്‍മി നെറ്റവര്‍ക്കില്‍ സോഷ്യല്‍ മീഡിയ ബ്ലോക് ചെയ്തതിനാലായിരുന്നു ഇത്. പേഴ്‌സണല്‍ ലാപ്‌ടോപ് ഉപയോഗിച്ചായിരുന്നു ഇയാളുടെ ചാറ്റിംഗ്.


Keywords:  Face Book,Indian Soldier, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.