Latest News

ഈ ഓട്ടോക്കാര്‍ ഒടുവില്‍ സംഗീതവഴിയില്‍ ഒത്തുചേര്‍ന്നു

ചെറുവത്തൂര്‍: ഹൃദയം നിറച്ച് സംഗീതവുമായി ചെറുവത്തൂര്‍ ടൗണില്‍ വര്‍ഷങ്ങളായി ഓട്ടോ ഓടിച്ചവര്‍ ഒടുവില്‍ സംഗീതവഴിയില്‍ ഒത്തുചേര്‍ന്നു. ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡ് ഓട്ടോറിക്ഷ തൊഴിലാളികളായ ഒരു സംഘം സംഗീതപ്രേമികളാണ് ഗാനമേള ട്രൂപ്പുണ്ടാക്കി ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത്. 

പ്രാരബ്ധങ്ങള്‍ തടസ്സമായപ്പോള്‍ പഠനവും കലാപ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ് ഈ ഓട്ടോക്കാര്‍. പുതുതലമുറയ്ക്ക് ഇഷ്ടപ്പെടുന്നതും പഴയ തലമുറ നെഞ്ചേറ്റിയതുമായ പാട്ടുകള്‍ കോര്‍ത്തിണക്കിയാണ് ഗാനമേള സംഘം പരിപാടി അവതരിപ്പിക്കുന്നത്. 

കല്യാണവീട്, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിലെ മറ്റു ചടങ്ങുകള്‍, വിദ്യാര്‍ഥികള്‍ക്കായുള്ള ക്യാമ്പുകള്‍ തുടങ്ങിയവയിലൂടെയാണ് ഇവര്‍ ഹൃദയരാഗവുമായി സഞ്ചരിക്കുന്നത്. 

വര്‍ഷങ്ങളായി ചെറുവത്തൂരില്‍ ഓട്ടോഡ്രൈവര്‍മാരായ രവി ആലന്തട്ട, ചന്ദ്രശേഖരന്‍ കൊവ്വല്‍, മധു ചെമ്പ്രകാനം, ജുനൈര്‍ മടക്കര, റസാഖ് ചെറുവത്തൂര്‍ എന്നിവരാണ് പ്രധാന ഗായകര്‍. മതസൗഹാര്‍ദ ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും സമന്വയിപ്പിച്ച് രണ്ടുമണിക്കൂര്‍ നേരമാണ് പരിപാടി അവതരിപ്പിക്കുന്നത്. 

ഒരുവര്‍ഷം മുമ്പ് ഓലാട്ട് എയുപി സ്കൂളില്‍ സംഘടിപ്പിച്ച എന്‍എസ്എസ് ക്യാമ്പിലാണ് ട്രൂപ്പിന്റെ അരങ്ങേറ്റം. ഓട്ടോ സ്റ്റാന്‍ഡില്‍ ക്യൂവിലാകുമ്പോള്‍ ലഭിക്കുന്ന സമയത്താണ് ഇവര്‍ ഒത്തുചേര്‍ന്ന് പരിശീലനം നടത്തുന്നത്. 



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.