ദുബൈ: പ്രബുദ്ധതയുള്ള നേതൃത്വത്തിന് മാത്രമെ സമൂഹത്തില്‍ സംഘബോധം സൃഷ്ടിക്കാന്‍ കഴിയുകയുള്ളുവെന്നും നേതൃവൈഭവം വിഭവ ലഭ്യതയെ എളുപ്പമാക്കുമെന്നും മുസ്‌ലിം ലീഗ് നേതാവും വാഗ്മിയുമായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ പറഞ്ഞു.
രാഷ്ട്രീയവും സാമൂഹികവുമായി വിഷയങ്ങളെ മൗലികമായി വിലയിരുത്താന്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. മൗലികമായ ആശയങ്ങളെ ആധാരമാക്കി വേണം പരിപാടികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കുവാനും. ചരിത്രത്തിന്റെയും ആശയങ്ങളുടെയും പിന്‍ബലമില്ലാത്ത സംഘശക്തിക്ക് ശാശ്വതമായ നിലനില്‍പില്ല. ആസ്വാദനമാണ് ജീവിതമെന്ന് തെറ്റിദ്ധരിച്ച വ്യക്തികള്‍ക്കോ സമൂഹങ്ങള്‍ക്കോ വളര്‍ച്ചയുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച 'സഞ്ചയം 2014' പരിപാടിയില്‍ പഠന സെഷനില്‍ 'സംഘശക്തി-ചരിത്രത്തിന്റെ പാതയിലൂടെ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അഹമ്മദ് കബീര്‍.
സമരബോധമില്ലാത്ത സമൂഹത്തിന് വിജയങ്ങള്‍ കൈവരിക്കാനാവില്ല. ലാഭക്കൊതിയുടെ അടിസ്ഥാനത്തിലാണ് പോക്ക് എങ്കില്‍ സമൂഹം നശിക്കും. സൃഷ്ടിപരത കൊണ്ട് മുന്നോട്ട് പോകുന്ന നവജാഗരണമാണ് നമ്മള്‍ ലക്ഷ്യമാക്കേണ്ടത്. മുസ്‌ലിംലീഗിന്റെ പൂര്‍വ്വസൂരികളായ നേതാക്കള്‍ നമുക്ക് മാതൃകയായിട്ടുണ്ട്.
കെ.എം സീതി സാഹിബ് മുതല്‍ ഖായിദെമില്ലത്ത്, സി.എച്ച് വരെയുള്ള ആദ്യകാല നേതാക്കളുടെ ജീവിതവും മാര്‍ഗവും മാതൃകയാണ്. അജണ്ട നിശ്ചയിച്ച് ജനപക്ഷത്ത് നിന്നാല്‍ വിജയം സുനിശ്ചിതമാണെന്നാണ് അവര്‍ നമുക്ക് കാണിച്ചു തന്നതെന്നും അദ്ദേഹം പറഞ്ഞു.
പഠന സെഷന്‍ യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ചരിത്രബോധവും അറിവുമില്ലാത്ത സമൂഹത്തിന് നിലനില്‍പില്ലെന്ന് പുത്തൂര്‍ റഹ്മാന്‍ ചൂണ്ടിക്കാട്ടി. ചരിത്രം അറിയുന്നവരും ചരിത്രം പറയുന്നവരുമായ വ്യക്തികളും സമൂഹവും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാമൂഹികാവസ്ഥ ഏറെ അപകടകരമാണ്. വൈകാരികമായ വിഷയങ്ങള്‍ക്ക് തടിച്ചുകൂടുന്ന ആള്‍ക്കൂട്ടങ്ങള്‍ക്ക് സൃഷ്ടിപരമായി മാറ്റങ്ങളുണ്ടാക്കാന്‍ കഴിയില്ല. വര്‍ത്തമാന ലോകത്ത് നമ്മെ ഇരുത്തിചിന്തിപ്പിക്കേണ്ട കാര്യമാണിത്.
കേരളത്തില്‍ മുസ്‌ലിംലീഗിന്റെ സംഘശക്തിയുടെ വിജയത്തിന് ആധാരമായ വസ്തുതകളെ ചരിത്രത്തിന്റെ കണ്ണുകൊണ്ടാണ് വിലയിരുത്തേണ്ടത്. പരിശുദ്ധ ഖുര്‍ആന്‍ മനുഷ്യകുലത്തെ ഉണര്‍ത്തുന്നത് ആദ്യകാല പ്രവാചകന്മാരുടെയും സമുദായങ്ങളുടെയും ചരിത്രം ഉദ്ധരിച്ചുകൊണ്ടാണ്. മുസ്‌ലിംലീഗിന്റെ ത്യാഗീവര്യന്മാരായ നേതാക്കളും ഇതേ പാതയാണ് നമുക്ക് കാണിച്ചു തന്നിരിക്കുന്നത്. ഭാവി സമൂഹത്തിന്റെ വളര്‍ച്ചക്കും പുന:സൃഷ്ടിക്കുമായി ചരിത്രാവബോധമുള്ള പുതുനാമ്പുകളെ വളര്‍ത്തിയെടുക്കേണ്ട ചുമതല നമുക്കുണ്ടെന്നും പുത്തൂര്‍ ഉണര്‍ത്തി.
ധര്‍മ്മച്യുതിക്കെതിരെ പ്രവാസ ശബ്ദം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മലപ്പുറത്തിന്റെ കാഴ്ചപ്പാട് എന്ന പ്രബന്ധം ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍നഹ അവതരിപ്പിച്ചു. അബൂബക്കര്‍ ബി.പി അങ്ങാടി അധ്യക്ഷത വഹിച്ചു. ഖുര്‍ആനില്‍ നിന്ന് എന്ന വിഷയത്തില്‍ ഷൗക്കത്തലി ഹുദവി സംസാരിച്ചു. ശറഫുദ്ദീന്‍ ഹുദവി പ്രാര്‍ത്ഥന നടത്തി.
തുടര്‍ന്ന് നടന്ന മുഖാമുഖം പരിപാടിയില്‍ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.അബ്ദൂല്‍ഹമീദ് മാസ്റ്ററും വിശദീകരണം നല്‍കി. മുഖാമുഖം പരിപാടി ഇ.ആര്‍ അലിമാസ്റ്റര്‍ നിയന്ത്രിച്ചു. മുസ്തഫ വേങ്ങര നന്ദിയും ചെമ്മുക്കന്‍ യാഹുമോന്‍ നന്ദിയും പറഞ്ഞു.
Keywords: KMCC, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment