തിരുവനന്തപുരം: പത്ത് വര്‍ഷത്തിനകം സമ്പൂര്‍ണ മദ്യനിരോധം ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
പഞ്ചനക്ഷത്ര ബാറുകള്‍ അനുവദിക്കുന്നതില്‍ കോടതിക്ക് വിവേചനം തോന്നുന്നുവെങ്കില്‍ അത് കൂടി നിരോധിക്കാന്‍ ഉത്തരവിടുകയാണ് വേണ്ടത്. പഞ്ചനക്ഷത്ര ബാറുകളുടെ പേരില്‍ മറ്റു ബാറുകള്‍ കൂടി അനുവദിക്കണമെന്ന് പറയുന്നത് ശരിയല്ല. ഇന്ത്യയിലെ മുസ്‌ലിംകളെ രക്ഷിക്കാനെന്ന പേരില്‍ അല്‍ഖാഇദ പോലുള്ള സംഘടനകള്‍ നല്‍കുന്ന ആഹ്വാനം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാരന്തൂര്‍ മര്‍കസ് വാര്‍ഷിക സമ്മേളനത്തിന്റെ സംസ്ഥാനതല പ്രചാരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം.
പതിറ്റാണ്ടുകള്‍ നീണ്ട മുറവിളികള്‍ക്കൊടുവില്‍ മദ്യനിരോധം നടപ്പാക്കാന്‍ സര്‍ക്കാര്‍ നട്ടെല്ല് കാണിച്ചപ്പോള്‍ പ്രതീക്ഷയോടെയാണ് കേരളം ഈ തീരുമാനത്തെ വരവേറ്റത്. എന്നാല്‍, ഇപ്പോള്‍ ഉരുണ്ട്കളി നടക്കുകയാണ്. ഘട്ടംഘട്ടമായുള്ള മദ്യനിരോധത്തിന് വേണ്ടിയാണ് സമയപരിധി നിശ്ചയിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇനി ഇതില്‍ നിന്ന് പിന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരും.
ഭരണഘടനയുടെ 47 നിര്‍ദേശക തത്വങ്ങളില്‍ തന്നെ മദ്യനിരോധം നടപ്പാക്കണമെന്ന് പറയുന്നുണ്ട്. സര്‍ക്കാറിന്റെ തീരുമാനത്തെ കോടതി അംഗീകരിക്കുകയാണ് വേണ്ടത്. മദ്യം നിരോധിക്കുന്നതിനെ എതിര്‍ക്കാന്‍ ഒരു ജഡ്ജിയും മുതിരില്ലെന്നാണ് പ്രതീക്ഷ. മദ്യം നിരോധിച്ചത് മൂലം വരുമാനനഷ്ടമുണ്ടാകുമെന്ന് പറയുന്നതില്‍ വസ്തുതയില്ല. മദ്യപാനം മൂലമുണ്ടാകുന്ന ദുരിതങ്ങളുടെ കണക്കെടുത്താല്‍ ഇക്കാര്യം ബോധ്യമാകും.
കുടുംബാന്തരീക്ഷവും സമൂഹികാന്തരീക്ഷവും തകര്‍ക്കുന്നതില്‍ മദ്യപാനം വലിയ പങ്ക് വഹിക്കുന്നു. മദ്യം ഒഴുക്കിയിരുന്ന സമൂഹത്തിന് മുന്നില്‍ അവതരിച്ച ഇസ്‌ലാമിന് അവരെയെല്ലാം അതില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞു. മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സുന്നി സമൂഹവും എക്കാലവും മുന്നോട്ടുവെച്ചത്. ഈ ആവശ്യം ഉന്നയിച്ച് നിരന്തരം പ്രക്ഷോഭം നടത്തിയ സുന്നി സംഘടനകള്‍ ഇരു മുന്നണികള്‍ കേരളം ഭരിച്ചപ്പോഴും നിരോധം ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നു.
ഇന്ത്യയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന അല്‍ഖാഇദയുടെ ആഹ്വാനം വിലപോവില്ല. ഇന്ത്യയില്‍ ഒരു ബാഹ്യശക്തിയുടെയും ഇടപെടല്‍ ആവശ്യമില്ല. ഇന്ത്യന്‍ ജനത ഇത് അംഗീകരിക്കില്ല. നല്ല ഭരണഘടനയും നിയമസംഹിതയുമുള്ള രാജ്യം ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും ഉറപ്പ് വരുത്തുന്നുണ്ട്.
അല്‍ഖാഇദ പോലുള്ള സംഘടനകളുടെ ആഹ്വാനം രാജ്യത്തെ മുസ്‌ലിംകളെ സംരക്ഷിക്കുന്നതിന് പകരം കൊലക്ക് കൊടുക്കാന്‍ മാത്രമേ ഉപകരിക്കൂ. ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷങ്ങളുടെ ശത്രുകളാക്കി മാറ്റാന്‍ ഇത് കാരണമാകും. ന്യൂനപക്ഷങ്ങളെ ഒറ്റിക്കൊടുക്കുന്ന ഇത്തരം നീക്കങ്ങള്‍ തിരിച്ചറിയണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശീയതലത്തില്‍ കൂടുതല്‍ വിപുലമാക്കും. കാശ്മീരില്‍ നിന്ന് ഉള്‍പ്പെടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് നിരവധി കുട്ടികള്‍ വര്‍ഷങ്ങളായി മര്‍കസില്‍ പഠിക്കുന്നുണ്ടെങ്കിലും ഇതേ ചൊല്ലിയൊന്നും ഒരു വിവാദവും ഉണ്ടായിട്ടില്ല. അന്യസംസ്ഥാന കുട്ടികളെ അനാഥലയങ്ങളില്‍ ചേര്‍ത്ത് സര്‍ക്കാറിന്റെ ഗ്രാന്റ് തട്ടുന്ന പരിപാടിയും മര്‍കസില്‍ ഇല്ല.
മര്‍കസിന്റെ പ്രവര്‍ത്തനങ്ങളെയെല്ലാം പ്രതീക്ഷയോടെയാണ് സമൂഹം നോക്കി കാണുന്നതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നടത്തി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ പി സി ഇബ്‌റാഹീം മാസ്റ്റര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എ പി അബ്ദുല്‍കരീം ഹാജി ചാലിയം, എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, വി എം കോയ മാസ്റ്റര്‍, എസ് എസ് എഫ് ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുര്‍റസാഖ് സഖാഫി, വിഴിഞ്ഞം അബ്ദുര്‍റഹ്മാന്‍ സഖാഫി, സിദ്ദീഖ് സഖാഫി നേമം, ആലംകോട് ഹാശിം ഹാജി, ഷാഹുല്‍ഹമീദ് സഖാഫി ബീമാപള്ളി പ്രസംഗിച്ചു.
Keywords: Kandapuram, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment