Latest News

പുണ്യ ഭൂമി ഒരുങ്ങി; ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇനി രണ്ടു നാള്‍

മക്ക:ഹജ്ജിന്റെ കര്‍മങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ ഇനി രണ്ടു നാള്‍കൂടി. ആയുസ് മുഴുവന്‍ നീണ്ട തേട്ടത്തിനൊടുവില്‍ കൈവന്ന സൗഭാഗ്യം വാരിപ്പുണരാന്‍ മെയ്യും മനവും പാകപ്പെടുത്തി മസ്ജിദുല്‍ ഹറാമില്‍ മനമുരുകിയുള്ള പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് വെള്ളിയാഴ്ചത്തെ പുണ്യ അറഫ സംഗമത്തിന്. പ്രത്യാശയുടെ താഴ്‌വരയിലേക്കുള്ള പ്രയാണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നാലു സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഇബ്രാഹിം നബി (അ) മുഖേന നടത്തിയ ദൈവിക വിളംബരംകേട്ട് എത്തിയവരാണ് അവരൊക്കെയും.

വെള്ളിയാഴ്ചയും അറഫ ദിനവും ഒത്തുകൂടിയതിലുള്ള ആത്മനിര്‍വൃതിയിലാണ് തീര്‍ഥാടക സമൂഹം. സഊദികളും പ്രവാസികളും ഇവര്‍ക്കൊപ്പം മിനയിലൊത്തുചേരും. തുടര്‍ന്നുള്ള അഞ്ചാറു ദിവസം മിനയെന്നപോലെ അറഫയും മുസ്ദലിഫയും അല്ലാഹുവിന്റെ അതിഥികളാല്‍ നിറഞ്ഞുകവിയും. മക്കയില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് മിന താഴ്‌വര കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്ന ഇവിടെ തീര്‍ഥാടകര്‍ക്ക് താമസിക്കാനായി കൂടാര നഗരി ഒരുങ്ങി. വ്യാഴാഴ്ച തുടങ്ങുന്ന ചടങ്ങുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ത്തിയാകും. വ്യാഴാഴ്ചത്തെ തിരക്ക് കണക്കിലെടുത്ത് ബുധനാഴ്ച രാത്രി മുതല്‍ മിനയിലേക്ക് നീങ്ങിതുടങ്ങും. അറഫയിലെ നമിറ പള്ളിയിലാണ് സഊദി ഗ്രാന്‍ഡ് മുഫ്തി അബ്ദുല്‍ അസീസ് ആലുശൈഖ് അറഫ പ്രസംഗം നടത്തുക.

ഒന്നേകാല്‍ ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണ് ഈ പള്ളിക്കുള്ളത്. നമിറ പള്ളി എന്ന പോലെ മിനയിലെ ഖൈഫ് പള്ളിയിലും മുസ്ദലിഫയിലെ മസ്ജിദുല്‍ ഹറാം പള്ളിയിലും ഹാജിമാര്‍ പ്രാര്‍ഥന നടത്തും. മദീനയില്‍നിന്നുള്ള തീര്‍ഥാടകരില്‍ ഭൂരിഭാഗവും പ്രവാചക നഗരിയോട് ഇന്നലെ തന്നെ വിടപറഞ്ഞു. അവശേഷിക്കുന്നവര്‍ ഇന്നത്തോടെ മക്കത്തെത്തും. ഇതോടെ മദീന തിരക്കൊഴിഞ്ഞെങ്കിലും മക്കയും മസ്ജിദുല്‍ ഹറാമും തിരക്കിന്റെ പാരമത്യത്തിലെത്തും. മണിക്കൂറുകളോളം കാത്തുനിന്നാണ് ത്വവാഫ് ചെയ്യാന്‍ കഴിയുന്നത്. മത്വാഫിലെ തിരക്ക്മൂലം മുകള്‍തട്ടിലാണ് ത്വവാഫ് ചെയ്യുന്നത്. കിങ് അബ്ദുല്ല പദ്ധതിയില്‍ പൂര്‍ത്തീകരിച്ച ഹറംപള്ളിയുടെ ഭാഗങ്ങള്‍ നിസ്‌കരിക്കാനായി തുറന്നുകൊടുത്തു. ഒന്നേമുക്കാല്‍ ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലമാണ് പുതുതായി പ്രാര്‍ഥനക്ക് സൗകര്യമൊരുക്കിയിട്ടുള്ളത്.

ഹജ്ജിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ മിസ്അല്‍ ബിന്‍ അബ്ദുല്ല അറിയിച്ചു. ഹജ്ജ് വേളകളില്‍ തീര്‍ഥാടകരുടെ ആരോഗ്യ സംരക്ഷണത്തിന് 22000 ആരോഗ്യ പരിചാരകരെ നിയമിച്ചിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ അത്യാധുനിക എയര്‍ ആംബുലന്‍സുകളും ആരോഗ്യ സംരക്ഷണത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവരെ ശനിയാഴ്ചവരെ കസ്റ്റഡിയില്‍വെക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവ് നല്‍കി. ഇത്തരത്തിലെത്തുന്ന വിദേശികളുടെ വിസ റദ്ദ് ചെയ്ത് നാട്ടിലേക്കയക്കും.

പത്തു വര്‍ഷത്തേക്ക് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇന്നലെ മുതല്‍ മിനയിലേക്കും അറഫയിലേക്കും പ്രത്യേക അനുമതിയുള്ളവരെ മാത്രമെ പ്രവേശിപ്പിക്കുന്നുള്ളൂ. മക്കയിലേക്കുള്ള നാനാവഴികളിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കി. ഹാജിമാരല്ലാത്തവരെ പ്രാധാന്യം കണക്കിലെടുത്തു മാത്രമെ കടത്തിവിടുന്നുള്ളൂ.

വിദേശ ഹാജിമാരുടെ വരവ് ഔദ്യോഗികമായി അവസാനിച്ചു. ഇതോടെ ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് ഹജ്ജ് ടര്‍മിനലും മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഹജ്ജ് ടര്‍മിനലും താത്കാലികമായി അടച്ചു. ഇനി ഹജ്ജിന്റെ മടക്കയാത്ര സമയത്തായിരിക്കും ഇവിടങ്ങളില്‍ തുറക്കുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.