കൊണ്ടോട്ടി: തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഹജ്ജ് ക്യാമ്പിന് തുടക്കം. ഉച്ചയോടെ തീര്‍ഥാടകര്‍ എത്തിത്തുടങ്ങിയെങ്കിലും വൈകുന്നേരം അഞ്ചോടെയാണ് ക്യാമ്പിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക് വര്‍ധിച്ചത്. യാത്രയാക്കാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്.
Keywords: Malappuram, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കോഴിക്കോട് പരപ്പന്‍പൊയില്‍ അഹമ്മദ്കോയ എന്ന തീര്‍ഥാടകനെയാണ് ആദ്യം ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തത്. തീര്‍ഥാടകര്‍ എത്തിയതോടെ ക്യാമ്പിലെ എയര്‍ലൈന്‍സ്, ഹജ്ജ്സെല്‍, കസ്റ്റംസ്, എമിഗ്രേഷന്‍ കൗണ്ടറുകളും പ്രവര്‍ത്തനം തുടങ്ങി. എയര്‍ലൈന്‍സ് അധികൃതര്‍ ലഗേജ് നേരിട്ട് കൈപ്പറ്റിയാണ് രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കുന്നത്. ഓരോ കവര്‍ നമ്പറിലെയും പ്രധാന അപേക്ഷകന്‍ മാത്രമേ എയര്‍ലൈന്‍സ് കൗണ്ടറിലും ഹജ്ജ് സെല്ലിലും റിപ്പോര്‍ട്ട് ചെയ്യേണ്ടതുള്ളൂ.
മുഴുവന്‍ പേരുടെയും യാത്രാരേഖകള്‍ ഉള്‍പ്പെടെയുള്ളവ പ്രധാന അപേക്ഷകനാണ് കൈമാറുക. തീര്‍ഥാടകരുടെ എമിഗ്രേഷന്‍ പരിശോധനയുടെ ആദ്യഘട്ടവും ഹജ്ജ് ക്യാമ്പില്‍ പൂര്‍ത്തിയാകും. തീര്‍ഥാടകര്‍ക്ക് നമസ്കാരത്തിനും പ്രാര്‍ഥനക്കുമുള്ള പ്രത്യേകം സൗകര്യങ്ങളും ക്യാമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹജ്ജ് ക്യാമ്പിലെ മെഡിക്കല്‍ സെല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഒരു വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് ഡോക്ടര്‍മാരുടെയും സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവനവുമാണ് മെഡിക്കല്‍ സെല്ലില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡോ. സി.എം. ദേവകിക്കുട്ടിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സെല്ലിന്‍െറ കോഓഡിനേറ്റര്‍ യു. മുഹമ്മദ് റഊഫാണ്. 24 മണിക്കൂറും സെല്‍ പ്രവര്‍ത്തിക്കും. ഹോമിയോ വിഭാഗത്തിനും പ്രത്യേക സൗകര്യമുണ്ട്.
പെരിന്തല്‍മണ്ണ എം.ഇ.എസ് ആശുപത്രി ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തി. ആന്‍റിബയോട്ടിക് ഉള്‍പ്പെടെ 100ലേറെ ഇനം മരുന്നാണ് മെഡിക്കല്‍ സെല്ലില്‍ ലഭ്യമാക്കിയിട്ടുള്ളത്.
ഹജ്ജ് ക്യാമ്പില്‍ ശനിയാഴ്ച മഗ്‌രിബ് നമസ്കാരത്തിനുശേഷം തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദേശ ക്യാമ്പ് നടത്തി. തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി എന്നിവര്‍ ഉദ്ബോധനം നടത്തി. ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി ക്യാമ്പ് സന്ദര്‍ശിച്ചു.
ഹജ്ജ് ക്യാമ്പിലും വിമാനത്താവളത്തിലുമായി 250 വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ ഇവരെ പ്രത്യേകം നിയോഗിച്ച സ്ഥലങ്ങളില്‍ നിയമിച്ചു. വളണ്ടിയര്‍മാര്‍ക്കായി ശനിയാഴ്ച രാവിലെ പരിശീലനം നടത്തി. ഹജ്ജ് കമ്മിറ്റിയംഗം എ.കെ. അബ്ദുറഹ്മാനാണ് വളണ്ടിയര്‍ കമ്മിറ്റിയുടെ ചുമതല.
തീര്‍ഥാടകര്‍ക്ക് രണ്ട് ചെക്ക് ഇന്‍ ബാഗും ഒരു ഹാന്‍ഡ് ബാഗും മാത്രമേ കൊണ്ടുവരാവൂ എന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. 158 സെ.മീ. ചുറ്റളവുള്ള 22 കിലോ വീതം തൂക്കമുള്ള ചെക്ക് ഇന്‍ ബാഗേ അനുവദിക്കൂ. ഹാന്‍ഡ് ബാഗിന് പരമാവധി 10 കിലോ തൂക്കമേ ഉണ്ടാകാവൂ. 55 സെ. മീ. x 40 സെ. മീ. x 23 സെ. മീ. അളവിലുള്ളതാകണം ഹാന്‍ഡ്ബാഗ്.
ശനിയാഴ്ച കരിപ്പൂരില്‍നിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കായി സൗദി എയര്‍ലൈന്‍സ് മൂന്ന് ചാര്‍ട്ടേഡ് സര്‍വീസ് നടത്തി. വെള്ളിയാഴ്ച യാത്ര മുടങ്ങിയ വിമാനത്തിന് പകരം ശനിയാഴ്ച രാവിലെ 8.20ന് വിമാനം പുറപ്പെട്ടു. ഉച്ചക്ക് മൂന്നിനും 4.30നും ആയിരുന്നു മറ്റ് രണ്ട് സര്‍വീസുകള്‍. ഞായറാഴ്ച ഒരു ചാര്‍ട്ടേഡ് വിമാനമുണ്ട്.
ഇത്തവണ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കായി അഞ്ച് ചാര്‍ട്ടേഡ് സര്‍വീസാണ് സൗദി എയര്‍ലൈന്‍സ് നടത്തുന്നത്. ആദ്യ വിമാനത്തില്‍ 348 തീര്‍ഥാടകരും രണ്ട് വളണ്ടിയര്‍മാരുമാണ് യാത്രയാകുന്നത്. വളണ്ടിയര്‍ ക്യാപ്റ്റന്‍ സി.എം. അസ്കര്‍, പി.വി. അബ്ദുന്നാസര്‍ എന്നിവരാണ് ആദ്യ വിമാനത്തിലെ വളണ്ടിയര്‍മാര്‍.
തീര്‍ഥാടകരുടെ പേരും മക്കയിലെ താമസസ്ഥലവും മൊബൈല്‍ നമ്പറും രേഖപ്പെടുത്തിയ ചാര്‍ട്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് കൈമാറി.
ഞായറാഴ്ച ആദ്യ വിമാനത്തില്‍ പോകേണ്ട തീര്‍ഥാടകര്‍ക്ക് പുലര്‍ച്ചെ അഞ്ച് മുതല്‍ ഏഴുവരെ രജിസ്ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച ആദ്യ വിമാനത്തില്‍ പോകേണ്ട തീര്‍ഥാടകര്‍ക്ക് പുലര്‍ച്ചെ അഞ്ച് മുതല്‍ ഏഴുവരെ രജിസ്ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എറണാകുളം പോത്താനിക്കാട് കൂവള്ളൂര്‍ പ്ളാച്ചേരികുടിയില്‍ ആയിഷയാണ് (88) ആദ്യ വിമാനത്തിലെ പ്രായം കൂടിയ തീര്‍ഥാടക. മകന്‍ കുഞ്ഞിമുഹമ്മദിനൊപ്പമാണ് യാത്ര. കോഴിക്കോട് നല്ലളം ബസാര്‍ വോളംകുളത്ത് ആലിക്കോയയാണ് (86) പ്രായം കൂടിയ തീര്‍ഥാടകന്‍. മകള്‍ സഫിയയും ഒപ്പമുണ്ട്.


No comments:
Post a Comment