Latest News

മൗനത്തിന്‍െറ പ്രണയഭാഷക്ക് ജീവിതസാഫല്യം

ചെറുവത്തൂര്‍: മൗനത്തിന്‍െറ വര്‍ണങ്ങളാല്‍ പ്രകാശം വിതറി അരുണ്‍ ഗോപാലിന്‍െറ ജീവിതത്തിലേക്ക് രാഖി കൈപിടിച്ച് പ്രവേശിച്ചപ്പോള്‍ നിശ്ശബ്ദ പ്രണയത്തിന്‍െറ സാക്ഷാത്കാരമായി അത് മാറി. 

വിധിയോട് എതിരിട്ട് ജീവിതത്തില്‍ അദ്ഭുതങ്ങള്‍ ചമച്ച രാഖി രവീന്ദ്രന്‍ എന്ന മൂകയായ ചിത്രകാരിയുടെ വിവാഹമാണ് സംസാരഭാഗ്യം ലഭിക്കാത്ത 300ഓളം സുഹൃത്തുക്കളുടെ ആശീര്‍വാദത്തോടെ നടന്നത്. തിമിരി ബാങ്ക് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ചയാണ്, വര്‍ഷങ്ങള്‍ നീണ്ട മൂക പ്രണയത്തിനൊടുവില്‍ അരുണ്‍, രാഖിക്ക് താലി ചാര്‍ത്തിയത്.
ജന്മനാ സംസാരശേഷി നഷ്ടമായ ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലെ രാഖി വരകളെ കൂട്ടുപിടിച്ചാണ് മൗനത്തെ വാചാലമാക്കിയത്. പ്രൈമറി ക്ളാസ് മുതല്‍ വരകളില്‍ വിസ്മയം തീര്‍ത്ത ഈ മിടുക്കിയെ തേടി ദേശീയതലത്തില്‍നിന്നുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ എത്തിയിരുന്നു. ശിശുദിനത്തോടനുബന്ധിച്ച് ദേശീയതലത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ സമ്മാനാര്‍ഹയായി രാഷ്ട്രപതിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു. 

കാസര്‍കോട് മാര്‍തോമ ബധിര വിദ്യാലയത്തില്‍ പ്ളസ്ടു പഠനത്തിനിടയിലാണ് അരുണും രാഖിയും കണ്ടുമുട്ടുന്നത്. രാഖിയെപ്പോലെ വരകളുടെ ലോകത്തായിരുന്നു അരുണും. ഈ സാമ്യതയാണ് ഇരുവരെയും അടുപ്പത്തിലാക്കിയത്. വിദൂര വിദ്യാഭ്യാസം വഴി എം.കോം പഠനം നടത്തുന്ന രാഖി കോഴിക്കോട്ടെ സ്വകാര്യ വിദ്യാലയത്തിലെ അധ്യാപികയാണിപ്പോള്‍. 

തിരുവനന്തപുരത്ത് നിഷ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചിത്രകലാ അധ്യാപകനാണ് അരുണ്‍ ഗോപാല്‍. മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സംസാരശേഷിയില്ലാത്ത കൂട്ടുകാര്‍ മുഴുവനും എത്തിയിരുന്നു.
ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലെ രവീന്ദ്രന്‍-ഗംഗാദേവി ദമ്പതികളുടെ മകളാണ് രാഖി. കാസര്‍കോട് ചട്ടഞ്ചാലിലെ പരേതനായ ഗോപാലന്‍-ഉമാദേവി ദമ്പതികളുടെ മകനാണ് അരുണ്‍.



Keywords: Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.