Latest News

സദാചാര പോലീസിന്റെ മര്‍ദ്ദന ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി

പയ്യന്നൂര്‍: വടക്കുമ്പാട് പള്ളിക്കത്തോട് ക്വാര്‍ട്ടേഴ്‌സില്‍ കയറി യുവാവിനെയും യുവതിയെയും സാദാചാര പോലീസ് ചമഞ്ഞെത്തിയവര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാട്‌സ്അപ്പില്‍ പ്രചരിക്കുന്നു. 29 വയസുകാരനായ യുവാവിനും 34 വയസുകാരിയായ യുവതിക്കുമാണ് മര്‍ദ്ദനമേറ്റത്. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബന്ധുവായ യുവതിയെ യുവാവ് കാണാനെത്തിയപ്പോഴായിരുന്നു സദാചാര പോലീസിന്റെ ആക്രമണം. കഴിഞ്ഞ 25ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.

ഇരുവരെയും മര്‍ദ്ദിക്കുന്നതിന്റെയും ചോദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് വാട്‌സ് അപ്പില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. യുവാവിന്റെ പരാതിപ്രകാരം പയ്യന്നൂര്‍ പോലീസ് കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരേ നേരത്തെ കേസെടുത്തിരുന്നു. കണ്ണൂര്‍ കവപ്പറമ്പ് സ്വദേശിയായ സജീവന്‍ എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോള്‍ മുപ്പതോളം പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് യുവാവ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

മുന്‍ വൈരാഗ്യം വച്ചാണ് അക്രമികള്‍ തന്നെ തല്ലിച്ചതച്ചതെന്നാണ് സജീവന്‍ ആരോപിക്കുന്നത്. നട്ടെല്ലിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. കേള്‍വി ശക്തിയും ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ടെന്നും യുവാവ് പറയുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. റോഡില്‍ വച്ചാണ് തന്നെ ആക്രമിച്ചതെന്ന് സജീവന്‍ നല്‍കിയ പരാതിയില്‍ പറയുന്നതെങ്കിലും വീട്ടില്‍നിന്നുള്ള ദൃശ്യങ്ങളാണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്.

എന്നാല്‍ രാമന്തളി വടക്കുമ്പാടിന് സമീപത്തുവെച്ചാണ് ബൈക്കിലെത്തിയ സജീവനെ ഒരു സംഘം തടഞ്ഞ് മര്‍ദിച്ചത്. പുന്നക്കാടുള്ള സ്ത്രീയുടെ ക്വാട്ടേഴ്‌സിലേക്ക് പോകുന്നു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം റോഡിലൂടെ കാല്‍ കിലോമീറ്ററോളം വലിച്ചിഴച്ച് വീട്ടിലെത്തിക്കുകയായിരുന്നു എന്നാണ് സജീവന്‍ നല്‍കുന്ന വിശദീകരണം. പിന്നീട് സ്ത്രീയുടെ മുന്നില്‍വച്ചും മര്‍ദ്ദിച്ചു.


ക്വാട്ടേഴ്‌സിലെ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സമ്മതിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്ന് സജീവന്‍ പറയുന്നു. യുവാവുമായി ബന്ധപ്പെടുത്തി പറയുന്ന സ്ത്രീയേയും വീഡിയോയില്‍ കാണാം. യുവാവിനൊപ്പം ജോലി ചെയ്യുന്ന സ്ത്രീയുടെ വീട്ടില്‍ വച്ചാണ് പ്രശ്‌നം നടന്നതെന്നും പറയുന്നുണ്ട്. പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.


Keywords: Kannure, Payyannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.