Latest News

സംസ്‌കാരം സംബന്ധിച്ച തര്‍ക്കം; മൃതദേഹവുമായി പോലീസ് കറങ്ങിയത് ഒരു ദിവസം

കണ്ണൂര്‍: പയ്യാമ്പലം ശ്മശാനവുമായി ബന്ധപ്പെട്ട അധികാരത്തര്‍ക്കം തുടരുന്നതിനിടയില്‍ കണ്ണൂരിലെ പോലീസുകാര്‍ മൃതദേഹവുമായി കറങ്ങിയത് ഒരുദിവസം. വ്യാഴാഴിച രാവിലെ പടന്നപ്പാലത്തെ ആളൊഴിഞ്ഞ പൊട്ടക്കിണറ്റില്‍ കാണപ്പെട്ട അജ്ഞാത മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പമാണ് പോലീസുകാര്‍ക്ക് പൊല്ലാപ്പായത്.

അഴുകി തിരിച്ചറിയാന്‍ പറ്റാത്ത അജ്ഞാത മൃതദേഹം രാവിലെ 10 ഓടെയാണ് കണ്ണൂര്‍ ടൗണിലെ എസ്‌ഐമാരായ മനോഹരന്‍, വിക്രമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

ഉച്ചകഴിഞ്ഞ് രണേ്ടാടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം പോലീസ് ആംബുലന്‍സില്‍ പയ്യാമ്പലത്തെത്തിച്ചു. ദഹിപ്പിക്കാന്‍ മാത്രമേ അനുമതിയുള്ളൂവെന്നു പറഞ്ഞ് ശ്മശാനം നടത്തിപ്പുകാര്‍ പോലീസിനെ തിരിച്ചയച്ചു. തുടര്‍ന്ന് പോലീസ് മൃതദേഹവുമായി പള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസിലെത്തി. പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തി. ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം മറവുചെയ്യുന്നതിന് തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചു.

പ്രശ്‌നം ഇരുവിഭാഗവും കളക്ടറുടേയും എഡിഎമ്മിന്റെയും തഹസില്‍ദാറുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തീരുമാനത്തിന് പിന്നെയും മണിക്കൂറുകള്‍ വേണ്ടിവന്നു.

മൃതദേഹമായതിനാല്‍ കുഴിച്ചിടുന്നതിന് സാങ്കേതിക തടസങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. വിദ്യ പോലീസിനെ ധരിപ്പിച്ചു. ഒടുവില്‍ ജില്ലാ ഭരണകൂടം പയ്യാമ്പലത്ത് അടക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധത്തില്‍ അഴുകിയതിനാല്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ നിയമം അനുശാസിക്കുന്നില്ലെന്ന് പോലീസുകാര്‍ പറഞ്ഞു.



Keywords: Kannur News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.