Latest News

സെക്യൂരിറ്റി ജീവനക്കാരനെ കഴുത്തറുത്തു കൊന്ന കേസില്‍ ഒന്നര വര്‍ഷത്തിനുശേഷം പ്രതി അറസ്റ്റില്‍

തലശ്ശേരി: സെക്യൂരിറ്റി ജീവനക്കാരനെ കഴുത്തറത്തു കൊന്ന സംഭവത്തില്‍ ഒന്നര വര്‍ഷത്തിനുശേഷം അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. മമ്പറം സ്വദേശിയായ എം.കെ. രാഘവനെ കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍പ്രദേശ് പ്രതാപ്ഘട്ടിലെ രാം സേവക് പട്ടേലിന്‍െറ മകന്‍ ഛോട്ടേലാലിനെയാണ് (22) ക്രൈംബ്രാഞ്ചിന്‍െറ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാളെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്തുവരുകയാണ്.

2012 ഡിസംബര്‍ രണ്ടിനാണ് എരഞ്ഞോളി പാലത്തിന് സമീപം കണ്ടിക്കലില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി പ്ളാസ്റ്റിക്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മമ്പറം കീഴത്തൂര്‍ ബാലവാടിക്ക് സമീപത്തെ കോയിപ്രത്ത് മഠത്തുംകണ്ടി എം.കെ. രാഘവനെ (68) കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. 

കമ്പനി ജോലിക്കാരനായ ഛോട്ടേലാല്‍ രാത്രി ഇളനീര്‍ മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പെട്ട രാഘവന്‍ ചോദ്യം ചെയ്തതും തുടര്‍ന്നുണ്ടായ വാക്തര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു. 

കൊലപാതകം കവര്‍ച്ചാ ശ്രമമല്ലെന്ന്‌ ലോക്കല്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. രാഘവന്‍െറ കൈവശമുണ്ടായിരുന്ന 13,000 രൂപ കൊല നടന്നതിന് ശേഷവും നഷ്ടപ്പെട്ടിരുന്നില്ല. അന്വേഷണം അന്യസംസ്ഥാന തൊഴിലാളികളിലേക്ക് നീണ്ടെങ്കിലും തുമ്പൊന്നും കണ്ടത്തൊനായില്ല. തുടര്‍ന്ന് രണ്ട് മാസത്തിനുശേഷം അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് മൂന്നുമാസം മുമ്പ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
ക്രൈംബ്രാഞ്ച് എസ്.പി എന്‍. രാമചന്ദ്രന്‍െറ നേതൃത്വത്തില്‍ ഡിവൈ.എസ്.പി കെ.വി. സന്തോഷ്, ഇന്‍സ്പെക്ടര്‍ കുഞ്ഞിമൊയിന്‍കുട്ടി, എ.എസ്.ഐ കുമാരന്‍കുട്ടി, ബിജുലാല്‍, അജയകുമാര്‍, സത്യനാരായണന്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.



Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.