Latest News

മനോജ് വധംവിക്രമന്‍ ഉപയോഗിച്ച സിംകാര്‍ഡ് കണ്ടെടുത്തു

തലശേരി: മനോജ് വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി കിഴക്കേ കതിരൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ വിക്രമന്‍ ഉപയോഗിച്ച സിം കാര്‍ഡ് കണ്ടെടുത്തു. കൊലക്ക് ഉപയോഗിച്ച ആയുധം ചാടാലി പുഴയില്‍ ഉപേക്ഷിച്ചുവെന്ന വിക്രമന്റെ മൊഴിയെ തുടര്‍ന്ന് പരിശോധനക്ക് മുങ്ങല്‍ വിദഗ്ധരുടെ സേവനം തേടാനും തീരുമാനിച്ചു.


മനോജ് വധത്തിന് തൊട്ടുമുമ്പ് ആഗസ്ത് 30 വരെ വിക്രമന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ പോലീസ് നേരത്തെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ആ ഫോണില്‍ നിന്ന് വിളിച്ചവരെ കുറിച്ചും ഫോണിലേക്ക് തിരിച്ചു വിളിച്ചുവരെ കുറിച്ചുമുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
കൊലയാളി സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ചിലരെയും ഈ ഫോണില്‍ നിന്ന് വിളിച്ചതായി സൂചന ലഭിച്ചിരുന്നു. 

30ന് ശേഷം വിക്രമന്‍ ഉപയോഗിച്ച ഫോണിന്റെ സിം കാര്‍ഡാണ് ഇപ്പോള്‍ അന്വേഷണ സംഘം കണ്ടെടുത്തത്. കേസ് അന്വേഷണത്തില്‍ ഇത് നിര്‍ണ്ണായക തെളിവായി മാറുമെന്ന് കരുതുന്നു. കൊലക്ക് ഉപയോഗിച്ച ആയുധം ഉപേക്ഷിച്ചത് സംഭവം നടന്നതിന്റെ 20 മീറ്റര്‍ അകലെയാണെന്നാണ് വിക്രമന്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ അവിടെ പരിശോധന നടത്തിയപ്പോള്‍ ആയുധം കണ്ടുകിട്ടിയില്ല. വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ചാടാലി പുഴയിലാണ് ആയുധം ഉപേക്ഷിച്ചതെന്ന മൊഴി നല്‍കി. ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടുണ്ട്. 

അതിനു കാരണം കൊല്ലപ്പെട്ട മനോജിന്റെയും പ്രതി വിക്രമന്റെയും വീടിന് സമീപവും കൊല നടന്ന പ്രദേശത്തിന് അടുത്തുമാണ് പുഴ എന്നതാണ്. ചാടാലി പുഴയില്‍ ആയുധം ഉപേക്ഷിച്ചുവെന്ന മൊഴിയെ തുടര്‍ന്ന് വെളളിയാഴ്ച വൈകുന്നേരം അത് കണ്ടെടുക്കാന്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായം അന്വേഷണ സംഘം തേടിയിരുന്നു. 

എന്നാല്‍ ഇക്കാര്യം അറിഞ്ഞ് മാധ്യമ പടയെത്തിയതോടെ അന്വഷണ സംഘം നീക്കം ഉപേക്ഷിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ മുങ്ങല്‍ വിദഗ്ധരെ കൊണ്ട് ചാടാലി പുഴയില്‍ പരിശോധന നടത്തും. 

അതേസമയം കൊലപാതക സമയത്ത് വിക്രമന്‍ ഉപയോഗിച്ചിരുന്ന വസ്ത്രം കത്തിച്ചു കളഞ്ഞുവെന്നാണ് മൊഴി നല്‍കിയത്. അതിനിടെ കേസ്അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കതിരൂര്‍ മേഖലയിലെ രണ്ട് ലോക്കല്‍ സെക്രട്ടറിമാര്‍ക്കും രണ്ട് പ്രവര്‍ത്തകര്‍ക്കും അന്വേഷണ സംഘം നോട്ടീസ് നല്‍കി.



Keywords: Kannur News, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.