Latest News

ബി ജെ പി മുന്നേറ്റം തടയാന്‍ ഒരുങ്ങിയിരിക്കാന്‍ സി പി എം നേതൃത്വത്തിന്റെ നിര്‍ദ്ദേശം

നീലേശ്വരം: സി.പി.എം ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പി മുന്നേറ്റം തടയാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അണികളെ സജ്ജമാക്കാനും സി.പി.എം നീലേശ്വരം ഏരിയാ കമ്മറ്റി തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി.

ഗ്രാമങ്ങള്‍ തോറും അണികളെ സജ്ജരാക്കാനുള്ള കര്‍മ്മ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിനായി പാര്‍ട്ടിക്കു പുറമെ വര്‍ഗ്ഗ ബഹുജന സംഘടനകളേയും രംഗത്തിറക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയുള്ള പ്രക്ഷോഭം എന്ന പേരില്‍ വില്ലേജ് കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും മറ്റും സംഘടിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. 

മഹിളാ അസോസിയേഷന്‍, തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍, ഡി.വൈ.എഫ്.ഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ഇലക്ട്രിസിറ്റി ഓഫീസുകള്‍, ട്രഷറി, വില്ലേജ് ഓഫീസുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നടത്തിയ സമരങ്ങള്‍ ഇതിന്റെ ഭാഗമാണ്.
ഇക്കഴിഞ്ഞ ദിവസം നീലേശ്വരത്ത് ശക്തിപ്രകടനത്തോടു നടത്തിയ ബാലസംഘത്തിന്റെ ജില്ലാ സമ്മേളനവും ഇതിന്റെ ഭാഗം തന്നെയാണ്. മടിക്കൈ-എരിക്കുളത്ത് നടത്തിയ ചരിത്ര സെമിനാറും ബങ്കളത്തെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് കെട്ടിട ഉദ്ഘാടനവും വന്‍ വിജയമാക്കി മാറ്റിയതും അണികളെ സജ്ജരാക്കാന്‍ വേണ്ടിയായിരുന്നു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും, പാലക്കാട് എം.പി എം.ബി.രാജേഷുമാണ് ഈ പരിപാടികളില്‍ പങ്കെടുത്തത്. പ്രാദേശിക തലങ്ങളിലെ നേതാക്കളുടെ ചരമദിനം, രക്തസാക്ഷിദിനം എന്നിവ കേവലം ചടങ്ങുകളില്‍ ഒതുക്കാതെ വന്‍ജനപങ്കാളിത്തത്തോടെ നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം പരിപാടികളില്‍ ജില്ലാ, സംസ്ഥാന നേതാക്കളേയും പങ്കെടുപ്പിക്കും. ഗ്രാമങ്ങളില്‍ നടക്കുന്ന എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആരാധനാലയങ്ങളിലെ ചടങ്ങുകളിലും സക്രിയമായി പങ്കെടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നീലേശ്വരം ഏരിയക്കകത്തെ ചാത്തമത്ത്, പാലായി, തെക്കന്‍ ബങ്കളം, മൂലപ്പള്ളി, മുങ്ങത്ത് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള ബി.ജെ.പി ഗ്രൂപ്പുകളോട് മൃദുസമീപനം സ്വീകരിച്ച് അവരെ തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. അടുത്ത മാസം മുതല്‍ നടക്കുന്ന പാര്‍ട്ടിയുടെ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ വൈവിധ്യ പരിപാടികളോടെ ആകര്‍ഷകമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വര്‍ഗ്ഗ-ബഹുജന സംഘടനകളുടെ ചാര്‍ജ്ജ് വഹിക്കുന്ന നേതാക്കളോടും വിശ്രമരഹിതമായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. പ്രാദേശിക തലങ്ങളിലെ തര്‍ക്കങ്ങളിലും സംഘര്‍ഷങ്ങളിലും അനാവശ്യമായി ഇടപെടാനും പാടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങളില്‍ സീറ്റുകള്‍ നഷ്ടപ്പെടാതെ നോക്കാനും പരമാവധി വര്‍ദ്ധിപ്പിക്കുവാനുമാണ് നിര്‍ദ്ദേശം. ഇതിനായി പ്രാദേശിക തലങ്ങളിലെ നേതാക്കള്‍ മിതത്വം പാലിച്ച് കൂടുതല്‍ ജനകീയരാകണം. 

തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഉറച്ച പാര്‍ട്ടിക്കാര്‍ എന്നതിനപ്പുറം ജനസ്വാധീനമുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കണമെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള നിര്‍ദ്ദേശം.



Keywords: Kasaragod, Neleshwar, Cpim, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.