Latest News

'അടികിട്ടിയാല്‍ സഹിക്കാം, കുത്തുവാക്കുകള്‍ സഹിക്കാന്‍ വയ്യെന്ന് ' രജിതയുടെ ആത്മഹത്യാകുറിപ്പ്

വെള്ളരിക്കുണ്ട്: വീടിനകത്ത് കെട്ടിത്തൂങ്ങി ജീവനൊടുക്കിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി രജിത എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. വെള്ളരിക്കുണ്ട് പോലീസ് അതിര്‍ത്തിയില്‍ കൊന്നക്കാടിനടുത്ത വെങ്കല്ലിലെ ബാബുവിന്റെയും അനിതയുടെയും മകളും മാലോത്ത് കസബ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ രജിത സെപ്തംബര്‍ 12 ന് രാത്രി വീട്ടില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ശ്രമം നടത്തുകയും ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച പെണ്‍കുട്ടി പിറ്റേന്ന് രാവിലെ മരണപ്പെടുകയുമായിരുന്നു.

രജിതയുടെ കിടപ്പ് മുറിയിലെ ബെഡ്ഡിലാണ് ഒരു തുണ്ട് കടലാസില്‍ എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്. ' അടികിട്ടിയാല്‍ സഹിക്കാം, വാക്കുകള്‍ സഹിക്കാന്‍ വയ്യ' -രജിത ഇങ്ങിനെ കുറിച്ചിട്ടു. പെണ്‍കുട്ടി വീട്ടില്‍ അച്ഛനമ്മമാരുടെ മാനസിക പീഡനത്തിനിരയായിട്ടുണ്ടെന്ന സൂചനയിലേക്കാണ് ആത്മഹത്യാകുറിപ്പ് വിരല്‍ ചൂണ്ടുന്നത്.
പെണ്‍കുട്ടി ബന്ധുവായ സന്തോഷ് എന്ന യുവാവുമായി അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഈ ബന്ധത്തെ നഖശിഖാന്തം എതിര്‍ത്തിരുന്നുവത്രെ. പെണ്‍കുട്ടിയെ വഴക്ക് പറയുകയും ശകാരിക്കുകയും കുത്തുവാക്കുകളുപയോഗിച്ച് മാനസികമായി തളര്‍ത്തുകയും ചെയ്യുക പതിവായിരുന്നുവെന്ന് പറയപ്പെടുന്നു.
ശകാരം സഹിക്കാന്‍ വയ്യാതെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത് എന്നാണ് പോലീസിന് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചന. അതിനിടെ രജിതയുടെ പോസ്റ്റുമോര്‍ട്ടം നടത്തുന്നത് രണ്ട് ദിവസം വൈകി. ശനിയാഴ്ച ഉച്ചയോടെ വെള്ളരിക്കുണ്ട് അഡീഷണല്‍ എസ് ഐ എം വി ചന്ദ്രനും സംഘവും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി രജിതയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനുള്ള റിപ്പോര്‍ട്ട് പോലീസ് സര്‍ജന് കൈമാറാന്‍ ചെന്നപ്പോള്‍ പോലീസ് സര്‍ജന്‍ ഗോപാലകൃഷ്ണപ്പിള്ള അന്ന് ആശുപത്രിയിലുണ്ടായിരുന്നില്ല. 

പിന്നീട് പോലീസ് ഇദ്ദേഹത്തിന്റെ ജൂനിയര്‍ ഡോക്ടറെ സമീപിച്ചെങ്കിലും രജിതയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് ജൂനിയര്‍ ഡോക്ടര്‍ പോലീസിനെ അറിയിച്ചത്. പോലീസ് സര്‍ജന്‍ എത്തിയതിന് ശേഷം മാത്രമേ പോസ്റ്റുമോര്‍ട്ടം നടത്തേണ്ടതുള്ളൂവെന്നും അദ്ദേഹം കോഴിക്കോട്ടുണ്ടായിരുന്ന പോലീസ് സര്‍ജ്ജന്‍ എസ് ഗോപാലകൃഷ്ണപ്പിള്ളയെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് സംഭവം ധരിപ്പിക്കുകയും ചെയ്തു. 

താന്‍ എത്തിയതിന് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മതിയെന്നാണ് ഗോപാലകൃഷ്ണപ്പിള്ള അറിയിച്ചത്. അദ്ദേഹം തിങ്കളാഴ്ച പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ ശേഷമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്‌.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.