Latest News

സ്വര്‍ണം പൂശിയ മുക്കുപണ്ടങ്ങള്‍ പണയം വെച്ച് പണം തട്ടിയ മൂന്ന് പേര്‍ പിടിയില്‍

കാസര്‍കോട്: സ്വര്‍ണം പൂശിയ മുക്കുപണ്ടങ്ങള്‍ ബാങ്കുകളിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും പണയപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മധൂര്‍ പട്‌ളയിലെ ഇബ്രാഹിം ഹാരിസ് (പട്‌ള ഹാരിസ് 40), എരിയാലിലെ താമസക്കാരനായ കീഴൂരിലെ എ. ഹസന്‍ (38), പാലക്കാട് കോങ്ങാട്ടെ സക്കീര്‍ ഹുസൈന്‍ (40) എന്നിവരെയാണ് കാസര്‍കോട് ഡിവൈഎസ്പി ടി.പി. രഞക്കജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ആഭരണങ്ങള്‍ കണ്ടെടുത്തു. കാസര്‍കോട് സിജെഎം കോടതിയില്‍ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

മുക്കുപണ്ടം നിര്‍മിച്ച് അതിനുമുകളില്‍ സ്വര്‍ണം പൂശി 916 സീല്‍ പതിച്ച് ബാങ്കുകള്‍, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി വന്‍ തുക വായ്പയെടുക്കല്‍, മറിച്ചു വില്‍ക്കല്‍ എന്നിവയാണ് സംഘത്തിന്റെ തട്ടിപ്പ് രീതികളെന്ന് പൊലീസ് പറഞ്ഞു. ചെര്‍ക്കളയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒന്നേകാല്‍ പവന്‍ വീതം തൂക്കമുള്ള 11 വളകള്‍ പണയപ്പെടുത്തി ഇവര്‍ പണം വാങ്ങിയിരുന്നു.

പണയപ്പെടുത്തിയ സ്വര്‍ണം എടുക്കാന്‍ സഹായിക്കുന്ന തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനം പിന്നീട് ഇതു വീണ്ടെടുക്കാന്‍ പണം നല്‍കി. ഇതുപയോഗിച്ച് സ്വര്‍ണം എടുത്ത ശേഷം ഇതേ സ്ഥാപനത്തില്‍ മറിച്ചുവിറ്റു. പിന്നിട് സ്വര്‍ണം വാങ്ങിയവര്‍ ഇത് ഉരച്ചുനോക്കിയപ്പോഴാണ് വ്യാജസ്വര്‍ണമാണെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്നു വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചത്.

കാസര്‍കോടിനു പുറമെ കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, മലപ്പുറം ഉള്‍പ്പെടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും സംഘം വ്യാജസ്വര്‍ണം പണയപ്പെടുത്തി വായ്പയെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രദീപ് ചവറ, സിനീഷ് സിറിയക്, സുനില്‍ ഏബ്രഹാം, ജയപ്രകാശ് എന്നിവരും ഉണ്ടായിരുന്നു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.