Latest News

ബേഡകം: മുന്നാട് ലോബി പിടിമുറുക്കുന്നു

ബേഡകം: ബേഡകം സി പി എമ്മിലെ വിഭാഗീയതയില്‍ വിജയം കൊയ്‌തെടുത്ത ഔദ്യോഗിക പക്ഷം പുതിയ ചില കരുനീക്കങ്ങള്‍ തുടങ്ങി. പാര്‍ട്ടി ബേഡകം ഏരിയാ നേതൃത്വം മുന്നാട് ലോബിയുടെ കൈപ്പിടിയില്‍ ഒതുങ്ങിത്തുടങ്ങി. 

ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയില്‍ പ്രവേശിച്ച സി ബാലന്റെ പ്രവര്‍ത്തന മണ്ഡലം കുറ്റിക്കോലാണെങ്കിലും അദ്ദേഹം അനുകൂലിക്കുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ബേഡകം ഏരിയാ സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന പി രാഘവന്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക പക്ഷത്തിന്റെ പ്രവര്‍ത്തക തട്ടകമായ മുന്നാട് ഇനി പാര്‍ട്ടി പ്രവര്‍ത്തനം കേന്ദ്രീകരിക്കപ്പെടും. 

സമാന്തര വിഭാഗത്തിന് നേതൃത്വം നല്‍കുന്ന കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോപാലന്‍ മാസ്റ്ററെയും ജില്ലാ കമ്മിറ്റിയംഗമായിരുന്ന മുന്‍ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി ദിവാകരനെയും അവരെ അനുകൂലിക്കുന്നവരെയും പൂര്‍ണമായും തഴയുക എന്ന അജണ്ട നടപ്പിലാക്കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ ആദ്യ നീക്കം.
നാല് മാസത്തിനകം നടക്കാനിരിക്കുന്ന പാര്‍ട്ടി ജില്ലാ സമ്മേളനത്തിലൂടെ സി ബാലനെയും മുന്‍ ഡി വൈ എഫ് ഐ കേന്ദ്രകമ്മിറ്റിയംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ജനാധിപത്യമഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഇ പത്മാവതി എന്നിവരെ ജില്ലാ കമ്മിറ്റിയംഗങ്ങളായി ഉള്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. പുതിയ ഏരിയാ സെക്രട്ടറിയായി ഇപ്പോള്‍ ബേഡകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അനന്തനെയാണ് ഔദ്യോഗികപക്ഷം കണ്ടുവച്ചിട്ടുള്ളത്.
ഏരിയാ കമ്മിറ്റിയംഗം ജയപുരം ദാമോദരനെ ബേഡകം പഞ്ചായത്ത് പ്രസിഡണ്ടായി ഉയര്‍ത്തിക്കൊണ്ടു വരാനുള്ള കരുനീക്കങ്ങളും ശക്തമായതായി സൂചനയുണ്ട്.
ദീര്‍ഘകാലം ബേഡകം സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡണ്ടായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ജയപുരം ദാമോദരന്‍.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.