ഒടയംചാല്‍ : കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ യു ഡി എഫിലെ ഘടക കക്ഷിയായ സോഷ്യലിസ്റ്റ് ജനതപ്രതിനിധി കെ ദിവ്യക്ക് കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട വയമ്പില്‍ സ്വീകരണമൊരുക്കിയ സി പി എം പനത്തടി ഏരിയാ കമ്മിറ്റിയംഗങ്ങളായ എം ഗോപാലന്‍, പി ദാമോദരന്‍ എന്നിവരെ പരസ്യമായി താക്കീത് ചെയ്യാനും തീരുമാനം ബ്രാഞ്ച് കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യാനും പാര്‍ട്ടി പനത്തടി ഏരിയാ കമ്മിറ്റിയോഗം തീരുമാനിച്ചു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് എം ഗോപാലന്‍. പി ദാമോദരനാകട്ടെ വയമ്പ് വാര്‍ഡിലെ പഞ്ചായത്ത് അംഗമാണ്. ദിവ്യയുടെ ജന്മനാടാണ് വയമ്പ്. സി പി എം കുടുംബത്തിലെ അംഗമായ ദിവ്യ കാഞ്ഞങ്ങാട് നഗരസഭയിലെ അരയിയില്‍ പ്രവാസിയായ മണിയെ വിവാഹം കഴിച്ച ശേഷമാണ് സോഷ്യലിസ്റ്റ് ജനതയുടെ പ്രവര്‍ത്തനവുമായി പൊതുരംഗത്തിറങ്ങിയത്.
നഗരസഭയിലെ 20-ാം വാര്‍ഡായ അരയിയില്‍ നിന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ദിവ്യ ബാര്‍ വിവാദത്തെ തുടര്‍ന്ന് മുസ്‌ലിം ലീഗിലെ ഹസീന താജുദ്ദീന്‍ സ്ഥാനം രാജിവെച്ച ഒഴിവിലാണ് ചെയര്‍പേഴ്‌സണായത്. ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ സി പി എം ബല്ല ലോക്കല്‍ കമ്മിറ്റിയംഗം സി ജാനകിക്കുട്ടിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.
ജന്മനാടായ വയമ്പില്‍ ഗ്രാമസഭയില്‍ വെച്ച് ദിവ്യയെ ആദരിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ പി ദാമോദരന്‍ നിര്‍ദ്ദേശം വെക്കുകയും ഇതനുസരിച്ച് ദിവ്യയെ ഗ്രാമസഭയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പാര്‍ട്ടി നേതൃത്വം ദിവ്യക്ക് സ്വീകരണം നല്‍കുന്നതില്‍ നിന്ന് പിന്‍തിരിയാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇത് അവഗണിച്ചു കൊണ്ട് ദിവ്യയെ ഗ്രാമസഭയില്‍ വിളിച്ചു വരുത്തി ആദരിക്കുകയായിരുന്നു. ഗ്രാമസഭയില്‍ അദ്ധ്യക്ഷം വഹിച്ചത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാനം കൃഷ്ണനാണ്. ഗ്രാമസഭയോഗത്തിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ഉടന്‍ അപകടം മണത്തറിഞ്ഞ ബാനം കൃഷ്ണന്‍ യോഗം പിരിച്ചു വിട്ടതായി അറിയിച്ച് സ്ഥലംവിട്ടു.
തൊട്ടു പിന്നാലെ എഴുന്നേറ്റ പി ദാമോദരന്‍ ആരും പിരിഞ്ഞു പോകരുതെന്നും ദിവ്യയെ ആദരിക്കുന്ന ചടങ്ങ് കൂടി നടക്കേണ്ടതുണ്ടെന്ന് അറിയിക്കുകയും അവിടെ ഉണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗം എം ഗോപാലനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ക്ഷണിക്കുകയും ചെയ്തു.
പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ഗ്രാമസഭയില്‍ കെ ദിവ്യക്ക് സ്വീകരണം നല്‍കിയതിനാണ് എം ഗോപാലനെയും പി ദാമോദരനെയും പാര്‍ട്ടി പരസ്യമായി താക്കീത് ചെയ്യാന്‍ തീരുമാനിച്ചത്. ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ പങ്കെടുത്ത ഏരിയാ കമ്മിറ്റിയോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.


No comments:
Post a Comment