Latest News

സൗമ്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഭര്‍ത്താവ് അമ്മാവന്റെ ഭാര്യയായ കാമുകിക്ക് വേണ്ടി വിറ്റു



കാഞ്ഞങ്ങാട്: ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തില്‍ മനംനൊന്ത് അജാനൂര്‍ കടപ്പുറത്തെ സ്വന്തം വീട്ടുപറമ്പിലെ കിണറ്റില്‍ ചാടി ജീവനൊടുക്കിയ നവവധു സൗമ്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഭര്‍ത്താവ് കീഴൂര്‍ കടപ്പുറം സ്വദേശി വിനു തന്റെ കാമുകി പ്രസീതക്ക് വേണ്ടി വിറ്റഴിച്ചതായി കണ്ടെത്തി. വിനുവിന്റെ അമ്മാവന്റെ ഭാര്യയാണ് കീഴൂര്‍ കടപ്പുറത്ത് താമസിക്കുന്ന പ്രസീത.

സൗമ്യ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വിനുവിനും പ്രസീതക്കുമെതിരെ ആത്മഹത്യ പ്രേരണാകുറ്റത്തിന് പോലീസ് കേസെടുത്തു. തിരുവോണ നാളില്‍ അര്‍ദ്ധരാത്രിയിലാണ് സൗമ്യ ജീവനൊടുക്കിയത്.

അജാനൂര്‍ കടപ്പുറത്തെ മോഹനന്‍-സരോജ ദമ്പതികളുടെ മകളായ സൗമ്യയും കീഴൂര്‍ കടപ്പുറത്തെ കരുണന്‍-ഭാനു ദമ്പതികളുടെ മകന്‍ വിനുവും തമ്മില്‍ മാര്‍ച്ച് 5 നാണ് കീഴൂര്‍ ധര്‍മ്മശാസ്താവ് ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ ഇവരുടെ ദാമ്പത്യ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു.

അമ്മാവന്റെ ഭാര്യയായ കാമുകിയോട് അതിരുവിട്ട ബന്ധമായിരുന്നു വിനുവിന്റേതെന്ന് സൗമ്യ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞിരുന്നു. സൗമ്യയുടെ പതിനെട്ട് പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ വിനു വാങ്ങുകയും യുവതിയോട് ആലോചിക്കാതെ കാമുകിക്ക് വേണ്ടി വിറ്റഴിച്ചിരുന്നു. വിനുവും കാമുകി പ്രസീതയുമാണ് തന്റെ ആത്മഹത്യക്ക് കാരണമെന്ന് സൗമ്യ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുകയും ചെയ്തു.

സൗമ്യയെ വിനു തന്റെ വീട്ടില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കാറുണ്ട്. വിവാഹത്തിന് ശേഷം ഒരുമാസം കഴിഞ്ഞ് വിനു ഗള്‍ഫിലേക്ക് പോയി. അവിടെ വെച്ച് പലതവണ സൗമ്യയെ വിളിച്ച് ഫോണിലൂടെ അസഭ്യ വാക്കുകള്‍ പറയുക പതിവായിരുന്നു.

കാമുകിയെ കുറിച്ച് സൗമ്യയോട് വാതോരാതെ സംസാരിക്കാറുണ്ടായിരുന്നു. ഈ സംഭാഷണങ്ങളൊക്കെ സൗമ്യ തന്റെ ഫോണില്‍ റിക്കാര്‍ഡ് ചെയ്തിരുന്നു. റിക്കാര്‍ഡ് ചെയ്ത ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ അധ്യാപികയായിരുന്നു സൗമ്യ.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.