Latest News

കൗമാരക്കാരികളെ കുറിച്ച് പഠനം നടത്താന്‍ CPM നേതൃത്വത്തിലുള്ള സംഘടനയ്ക്ക് 86 രൂപ ലക്ഷം അനുവദിച്ചത് വിവാദമായി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ സിപിഎം നേതൃത്വത്തിലുള്ള സംഘടനയ്ക്ക് കൗമാരക്കാരികളെ കുറിച്ച് പഠനം നടത്താന്‍ സാമൂഹിക നീതി വകുപ്പ് 86 ലക്ഷം രൂപ അനുവദിച്ചത് വിവാദമാവുന്നു. സിപിഎമ്മിന്റെ സര്‍വെയെ പോലും എതിര്‍ക്കുന്ന മുസ്‌ലിം ലീഗ് നേതാക്കള്‍ എം.കെ. മുനീര്‍ ഭരിക്കുന്ന വകുപ്പില്‍ നിന്ന് ഇത്രയും ഭീമമായ തുക വിട്ടു കൊടുത്തതിനെതിരെ രംഗത്തെത്തി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയും മന്ത്രി എം.കെ. മുനീറിന് രേഖാമൂലം പരാതി കൊടുത്തു.

അമ്പതിനായിരം കൗമാരക്കാരികളില്‍ സര്‍വെ നടത്താനെന്ന പേരിലാണ് 86 ലക്ഷം രൂപ സ്്ത്രീ പഠന കേന്ദ്രത്തിന് അനുവദിച്ചിരിക്കുന്നത്. ആദ്യ ഗഡുവായി 43 ലക്ഷം വിട്ടുകൊടുത്തു കഴിഞ്ഞു. ഇതിനു പുറമെ, മദ്യം കുടുംബങ്ങളില്‍ ചെലുത്തുന്ന സ്വാധീനം സംബന്ധിച്ച് പഠനം നടത്താന്‍ ഇതേ സംഘടനയ്ക്ക് 3.35 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതേ കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് വ്യക്തമാക്കിയപ്പോള്‍ കടലാസു സംഘടനയ്ക്ക് ഇത്രയും തുക വിട്ടു കൊടുത്തത് ദുരൂഹമാണെന്ന് ബിന്ദു കൃഷ്ണ മന്ത്രിക്ക് പരാതി നല്‍കി. വിശ്വസനീയമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് സംഘടനകള്‍ കേരളത്തിലുണ്ടെന്നും അവയെ ഒന്നും പരിഗണിക്കാതെ ഈ സംഘടനയ്ക്ക് പണം കൊടുത്തത് പ്രതിഷേധാര്‍ഹമാണെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.

രാജ്യസഭാ എംപി ടി.എന്‍. സീമയുടെ നേതൃത്വത്തിലാണ് സ്ത്രീപഠന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യയും കേരള സര്‍വകലാശാലയിലെ ഇടതു സിന്‍ഡിക്കേറ്റ് അംഗം കൂടിയായ പി.എസ്. ശ്രീകല, സുനില്‍ സി.കുര്യന്റെ ഭാര്യയും നര്‍ത്തകിയുമായ നീന പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് സ്ത്രീ പഠന കേന്ദ്രത്തിന്റെ പഠനം നടത്തുന്നത്. 19 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ നേരിടുന്ന ശാരീരിക, സാമൂഹിക വെല്ലുവിളികളെ കുറിച്ചും ആരോഗ്യ-പോഷകാഹാര നിലവാരത്തെ കുറിച്ചും രണ്ടു വര്‍ഷം നീളുന്നതാണ് പഠനം. ഇതിനായി വഞ്ചിയൂരില്‍ ഓഫിസും പ്രവര്‍ത്തനം ആരംഭിച്ചു. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ ഈ പ്രായത്തിലുള്ള പെണ്‍കുട്ടികളെ പങ്കാളികളാക്കുന്നതിനെ കുറിച്ചും വിലയിരുത്തുന്നുണ്ട്.

അമ്പതിനായിരം പെണ്‍കുട്ടികളെ പഠന സംഘം നേരിട്ടു കണ്ട് വിവരങ്ങള്‍ ശേഖരിക്കും. അതായത് ഒരു കുട്ടിയില്‍ നിന്ന് വിവരം ശേഖരിക്കാന്‍ ചെലവഴിക്കുന്നത് 172 രൂപ. പഠനത്തിന്റെ ഓരോ ഘട്ടത്തിലും റിസര്‍ച്ച് മോണിറ്ററിങ് കമ്മിറ്റി റിപ്പോര്‍ട്ട് വിലയിരുത്തും. തുക ചെലവഴിക്കുന്നതിനു മുമ്പ് ഓരോ നടപടികളും കമ്മിറ്റി വിലയിരുത്തുമെന്ന നിബന്ധനയും വച്ചിട്ടുണ്ട്. കടുത്ത സിപിഎം അനുഭാവികള്‍ ഉള്‍പ്പെട്ട സാമൂഹിക നീതി വകുപ്പിന്റെ ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശകള്‍ അനുസരിച്ചാണ് ആദ്യ ഗഡുവായി 43 ലക്ഷം രൂപ വിട്ടുകൊടുത്തിരിക്കുന്നത്. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിലും ഇത്രയും ഭീമമായ തുക പഠനത്തിനു വേണ്ടി ചെലവഴിക്കുന്നതില്‍ മുസ്‌ലിം ലീഗില്‍ നിന്നു തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

നടപടിയിലുള്ള പ്രതിഷേധം ലീഗ് നേതൃത്വം തന്നെ മന്ത്രി എം.കെ. മുനീറിനെ നേരിട്ടു ധരിപ്പിച്ചതായാണ് വിവരം. ഇതിനിടയില്‍ ഇതേ സംഘടനയ്ക്ക് മദ്യം കുടുംബങ്ങളിലും സമൂഹത്തിലും ചെലുത്തുന്ന സ്വാധീനം സംബന്ധിച്ച് പഠനം നടത്താന്‍ കഴിഞ്ഞ ദിവസം 3.35 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് സിപിഎം നേതൃത്വത്തിന് വിവിധ കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വഴിയാണ് സാമൂഹിക നീതി വകുപ്പ് ഒരുക്കിക്കൊടുത്തിരിക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.
(കടപ്പാട്: മനോരമ)



Keywords: MK Muneer, Cpim, Kpa Majeed, Bindu Krishan, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.