Latest News

സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘം പിടിയില്‍

കോട്ടയം: സ്ത്രീകളെ ഉപയോഗിച്ച് പണം തട്ടിയെടുക്കുന്ന ക്വട്ടേഷന്‍സംഘത്തിലെ മൂന്നുപേരെ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഷാഡോ പോലീസ് അറസ്റ്റുചെയ്തു. പത്തു പ്രതികളുള്ള കേസില്‍ ഏഴുപേരെക്കൂടി കിട്ടാനുണ്ട്. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.

കോട്ടയത്തെ പ്രശസ്തനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്തു. സ്ത്രീകളും വിവസ്ത്രരായിരുന്നു. തുടര്‍ന്ന് ഈ ഫോട്ടോയും വീഡിയോയും കാണിച്ച് അഞ്ചുലക്ഷം രൂപ തരണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് കോട്ടയം ഡിവൈ.എസ്.പി. വി.അജിത്, വെസ്റ്റ് സി.ഐ. സക്കറിയ മാത്യു എന്നിവര്‍ അറിയിച്ചു.

കാസര്‍കോട് ധര്‍മതടുക്ക കരിക്കുണ്ട് മുഹമ്മദ് അഷ്‌റഫ് (കൊച്ചി അഷ്‌റഫ്-30), ഫോര്‍ട്ടുകൊച്ചി പുളിക്കല്‍ ഗോഡ്‌സണ്‍ (യേശുദാസ് ലാസര്‍-32), കുമ്പള ചെറുവാട് കടപ്പുറം ഫിഷറീസ് കോളനിയില്‍ ഹസനാര്‍ (കരാട്ടെ ഹസനാര്‍-47) എന്നിവരാണ് പോലീസ്പിടിയിലായത്.
ഒന്നാം പ്രതി കാസര്‍കോട് സ്വദേശി പൂക്കട്ട നിസാര്‍, രണ്ടാംപ്രതി മട്ടാഞ്ചേരി സ്വദേശി കിഷോര്‍, കുഞ്ചിക്ക റിയാസ്, ഫൈസല്‍ എന്നിവരും രണ്ടു സ്ത്രീകളുമാണ് പിടിയിലാകാനുള്ളത്.

കേസില്‍പ്പെട്ട രണ്ടു സ്ത്രീകളെയും തിരിച്ചറിയാനായിട്ടില്ല. ഇതിലൊരാള്‍ ഹിന്ദിയാണ് സംസാരിക്കുന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പറഞ്ഞതായി പോലീസ് അറിയിച്ചു.

ബ്ലൂക്‌മെയില്‍ തട്ടിപ്പുകേസിനു സമാനമാണ് ഈ സംഭവവും. പ്രതികള്‍ ഉള്‍പ്പെടുന്ന സംഘം മുമ്പ് സൂപ്പര്‍സ്റ്റാര്‍ സിനിമയുടെ നിര്‍മാതാവിനെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതികളാണ്.

ഇവരുള്‍പ്പെടുന്ന സംഘത്തിനെതിരെ തിരുവനന്തപുരം, ആലുവ, എറണാകുളം, കളമശ്ശേരി, കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം തുടങ്ങിയ ഇടങ്ങളില്‍ കേസുകളുണ്ട്. മംഗലാപുരവും ബാംഗ്ലൂരും കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ മുമ്പും കൂട്ടിക്കൊണ്ടുപോയി നഗ്നചിത്രം എടുത്തിരുന്നു. അതുപയോഗിച്ച് ഭീഷണിപ്പെടുത്തി രണ്ടുതവണയായി 15 ലക്ഷം രൂപ വാങ്ങി. വീണ്ടും തുക ചോദിച്ചെങ്കിലും നല്‍കാന്‍ തയ്യാറായില്ല.

ആഗസ്ത് 29ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പ്രതികള്‍ കോട്ടയത്തേക്കു വിളിച്ചുവരുത്തി. ഇവര്‍ക്കൊപ്പം കൊച്ചി സ്വദേശി കുഞ്ചിക്ക, തമ്മനം സ്വദേശി റിയാസ് എന്നിവരും ഉണ്ടായിരുന്നു. കോട്ടയത്തെത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ അദ്ദേഹത്തിന്റെ കാറില്‍ത്തന്നെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി. പിന്നീട് വീട്ടിലേക്കു വിളിച്ച് അഞ്ചുലക്ഷം രൂപ തന്നാലേ മോചിപ്പിക്കാനാവൂ എന്നറിയിച്ചു.

വീട്ടുകാര്‍ വിവരം പോലീസില്‍ പറഞ്ഞു. പ്രതികളുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിലാണ് രണ്ടു പ്രതികള്‍ പിടിയിലായത്.

ഗുരുവായൂരില്‍വെച്ചാണ് രണ്ടു പ്രതികള്‍ പിടിയിലായത്. വാഹനവും കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ ബന്ദിയെ കാസര്‍കോട്ടെത്തിച്ച് ലോഡ്ജില്‍ താമസിച്ചു. അവിടൈവച്ച് ഇയാളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. ഒരു സ്ത്രീയെ കൊണ്ടുവന്ന് നഗ്നയാക്കി ഇദ്ദേഹത്തിനൊപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്തു. വീണ്ടും വീട്ടിലേക്കു വിളിച്ച് അഞ്ചുലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് ഇടണമെന്നും പറയിച്ചു.

പണം കിട്ടിയില്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടയില്‍ പോലീസന്വേഷണം മുറുകിയെന്നുറപ്പായതോടെ ബാക്കിയുള്ള പ്രതികള്‍ ബന്ദിയെ വിട്ടയയ്ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു പ്രതി ഹസനാരെ കുമ്പളയില്‍ നിന്നും പിടികൂടിയത്.

പോലീസ് പറയുന്നതിനപ്പുറം സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് സൂചന. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും പണം നഷ്ടമായിട്ടില്ലെന്നുമാണ് ആദ്യമൊക്കെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പറഞ്ഞിരുന്നത്. വെസ്റ്റ് എസ്.ഐ. ടി.ആര്‍.ജിജു, എ.എസ്.ഐ. മാത്യു, ശ്രീരംഗന്‍, ഷാഡോ പോലീസുകാരായ എ.എസ്.ഐ. ഡി.സി.വര്‍ഗീസ്, സജികുമാര്‍, പി.എന്‍.മനോജ്, പ്രകാശ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.



Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.