Latest News

ജമീലക്ക് കണ്ണീരില്‍ നനഞ്ഞ സ്വപ്നങ്ങളുണ്ട്, പക്ഷേ...

വടകര: ഒരുവര്‍ഷം മുമ്പ് തുടങ്ങിയ വീടിന്‍െറ പണി പൂര്‍ത്തിയാക്കണം, രണ്ട് പെണ്‍മക്കളുടെ പഠനം, ഒപ്പം കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തുന്ന ഭര്‍ത്താവിന് താങ്ങാവണം. അങ്ങനെ നിറയെ സ്വപ്നങ്ങളാണ് ജമീലയുടെ മനസ്സിലുള്ളത്. എന്നാല്‍, ഒന്നരമാസം മുമ്പ് തിരിച്ചറിഞ്ഞ വൃക്കരോഗം സ്വപ്നങ്ങളെ കണ്ണീരിലാഴ്ത്തി.

സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബത്തിന് ഇനി മുന്നോട്ടുനീങ്ങണമെങ്കില്‍ സുമനസ്സുകളുടെ കൈത്താങ്ങ് വേണം.
ഒഞ്ചിയം പാനവയല്‍കുനിയില്‍ സിദ്ദീഖിന്‍െറ ഭാര്യ ജമീലയാണ് (29) ഗുരുതരമായ വൃക്കരോഗം ബാധിച്ച് ദുരിതം പേറുന്നത്.
ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച ഇവര്‍ ഡയാലിസിസിനു വിധേയമായാണ് ജീവന്‍ നിലനിര്‍ത്തുന്നത്. പ്രതീക്ഷിക്കാത്ത ദുരിതം ഈ കുടുംബത്തിന്‍െറ താളം തെറ്റിച്ചു. ഇതിനകം നടത്തിയ ചികിത്സകള്‍ക്കുതന്നെ വലിയ തുകയായി.
കൂലിത്തൊഴിലാളിയായ ഭര്‍ത്താവ് സിദ്ദീഖിന് ഭാരിച്ച ചികിത്സച്ചെലവ് താങ്ങാന്‍ കഴിയില്ല.
പണിപൂര്‍ത്തിയാവാത്ത ഒറ്റമുറി വീട്ടില്‍ ഏഴും മൂന്നും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളോടൊപ്പം പ്രയാസപ്പെടുകയാണിവര്‍. ഇനി വൃക്ക മാറ്റിവെക്കുകമാത്രമേ പോംവഴിയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വൃക്ക മാറ്റിവെക്കുന്നതിനും തുടര്‍ ചികിത്സക്കുമായി 25 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
ഉമ്മയെ കീഴടക്കിയ രോഗത്തെക്കുറിച്ചറിയാതെ രണ്ടാം ക്ളാസുകാരി റിഫാ ഷെറിനും മൂന്നര വയസ്സുള്ള റിദാ ഫാത്തിമയും കുട്ടിക്കളികളില്‍ മുഴുകുന്നതു കാണുമ്പോള്‍ എല്ലാവരുടെയും മനസ്സു പിടയും. ദയനീയാവസ്ഥ തിരിച്ചറിഞ്ഞ് നാട്ടുകാര്‍ സഹായഹസ്തവുമായി രംഗത്തത്തെി. 
കക്ഷിരാഷ്ട്രീയ ഭേദമന്യേ വിപുലമായ കമ്മിറ്റിയാണ് രൂപവത്കരിച്ചിരിക്കുന്നത്. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഓര്‍ക്കാട്ടേരി ശാഖയില്‍ A/C No: 67292982132, ബ്രാഞ്ച് കോഡ്: 70799, ഐ.എഫ്.സി: എസ്.ബി.ടി.ആര്‍ 0000799 നമ്പര്‍ അക്കൗണ്ട് എടുത്ത് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്.

 എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നതായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റും സഹായകമ്മിറ്റി ചെയര്‍പേഴ്സനുമായ പി.വി. കവിത പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.