ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലാഭത്തിനായി ഉത്തര്‍ പ്രദേശില്‍ ചില ബി ജെ പി നേതാക്കള്‍ ‘ലൗ ജിഹാദ്’ വിഷയം ഊതിപ്പെരുപ്പിക്കുമ്പോള്‍, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ചോദിക്കുന്നു; അതെന്താണെന്ന്. ‘ലൗ ജിഹാദി’നെ സംബന്ധിച്ച് തനിക്ക് ഒരു വിവരവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ലൗ ജിഹാദ്’ വിഷയത്തില്‍ താങ്കളുടെ നിലപാട് എന്താണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്താണ് ‘ലൗ ജിഹാദ്’ എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. ഉത്തര്‍ പ്രദേശില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ ലക്ഷ്മികാന്ത് ബജ്പയി, യോഗി ആദിത്യനാഥ് എം പി എന്നിവരടക്കമുള്ള ബി ജെ പി നേതാക്കള്‍ ഈ വിഷയം കത്തിക്കുന്ന പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിംഗ് ഇങ്ങനെ പ്രതികരിച്ചത്.
മുസ്‌ലിംകളില്‍ നിന്ന് ഹിന്ദു പെണ്‍കുട്ടികള്‍ അകലം പാലിക്കണമെന്ന് ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ബി ജെ പി നേതാക്കള്‍ നിരന്തരം പ്രസ്താവനയിറക്കിയതിനെ കുറിച്ച് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ രാജ്‌നാഥ് ഇങ്ങനെ മറുപടി നല്‍കി. ‘എന്താണത്, എനിക്കറിയില്ല’.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആദ്യ നൂറ് ദിവസത്തെ സംബന്ധിച്ച് പത്രസമ്മേളനം നടത്തുമ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. രാജ്‌നാഥിന്റെ മറുപടി കേട്ട് ഹാളില്‍ കൂട്ടച്ചിരി മുഴങ്ങി. അതേസമയം, സിമിക്കെതിരായ നിരോധം അഞ്ച് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി അദ്ദേഹം അറിയിച്ചു.
മുസ്‌ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റിക്കുകയാണെന്ന് ആരോപിച്ച യോഗി ആദിത്യനാഥ് എം പി ഇപ്പോള്‍ നിയമനടപടികള്‍ നേരിടുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആദിത്യനാഥിന് വിലക്കുണ്ട്. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വഡോദരയില്‍ കഴിഞ്ഞ ദിവസം ‘ലൗ ജിഹാദ്’ വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കുന്ന ലഘുലേഖകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മറ്റ് സമുദായത്തിലെ യുവാക്കളുടെ കെണിയില്‍ പെണ്‍കുട്ടികള്‍ അകപ്പെടരുതെന്ന് കാണിച്ചുള്ള ലഘുലേഖകള്‍ പലയിടത്തും വിതരണം ചെയ്തിരുന്നു. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം ലഘുലേഖകളെ സംബന്ധിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വി എച്ച് പിയുടെ പേരിലുള്ള ലഘുലേഖ ഗുജറാത്തിയിലാണ് തയ്യാറാക്കിയിരുന്നത്. ലൗ ജിഹാദിനെ സംബന്ധിച്ച് പരാമര്‍ശം നടത്തി വിവാദത്തിലായ ബി ജെ പി നേതാവ് യോഗി ആദിത്യനാഥിനെ പിന്തുണച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു.
ഹിന്ദു പെണ്‍കുട്ടികള്‍ കെണിയിലകപ്പെടുകയും വിവാഹത്തിന് ശേഷം നിര്‍ബന്ധിത പരിവര്‍ത്തനത്തിന് ഇരയാകുകയുമാണെന്നും പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ ഉദ്ധവ് എഴുതിയിരുന്നു. ഹിന്ദു സംസ്‌കാരത്തെ നശിപ്പിക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് അതെന്ന് ഉദ്ധവ് ആരോപിച്ചിരുന്നു.
Keywords: Love Jihad, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment