Latest News

മലപ്പുറം ജില്ലയില്‍ ലീഗ് -കോണ്‍ഗ്രസ് ഭിന്നത വീണ്ടും രൂക്ഷമാവുന്നു

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കെ ജില്ലയില്‍ പതിവ് പോലെ കോണ്‍ഗ്രസ് -മുസ്‌ലിംലീഗ് ഭിന്നത വീണ്ടും രൂക്ഷമായി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായും ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്-മുസ്‌ലിംലീഗ് ഭിന്നത ഉടലെടുത്തിരുന്നു.

 ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ പഞ്ചായത്തുകളിലാണ് ഇപ്പോള്‍ വീണ്ടും യുഡിഎഫ് ഐക്യം തകര്‍ന്നിട്ടുള്ളത്. ചിലയിടങ്ങളില്‍ മുസ്‌ലിംലീഗും സിപിഎമ്മും സഹകരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. പോരൂര്‍, മുത്തേടം, കരുവാരക്കുണ്ട്, ചോക്കാട് പഞ്ചായത്തുകളിലാണ് നിലവില്‍ മുസ്‌ലിംലീഗ്- കോണ്‍ഗ്രസ് ഭിന്നത രൂക്ഷമായിട്ടുള്ളത്. 

സംസ്ഥാന-ജില്ലാ നേതാക്കള്‍ വരെ ചര്‍ച്ച നടത്തിയിട്ടും നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കാനായിട്ടില്ല. ജില്ലയിലെ കോണ്‍ഗ്രസ് നേതാവ് ഡി സി സി പ്രസിഡന്റിന്റെ നാടായ പോരൂരിലാണ് ഏറ്റവും അവസാനം പ്രശ്‌നങ്ങളുണ്ടായത്. പോരൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുസ്‌ലിംലീഗ് ഒടുവില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വിഛേദിച്ചിരിക്കുകയാണ്. 

കോണ്‍ഗ്രസിനെതിരെയുള്ള പരസ്യമായ കണ്‍വെന്‍ഷന്‍ മുതല്‍ വാര്‍ത്താ സമ്മേളനവും ഇതിനോടകം നടന്നു. അവസാന വര്‍ഷം മുസ്‌ലിംലീഗിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന ധാരണ കോണ്‍ഗ്രസ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇവിടെ മുസ്‌ലിംലീഗും-കോണ്‍ഗ്രസും തമ്മില്‍ വേര്‍പിരിഞ്ഞത്. ഇതോടെ പഞ്ചായത്ത് ഭരണം സംബന്ധിച്ച ആശങ്കയും നില നില്‍ക്കുന്നുണ്ട്. 

നിലവില്‍ കോണ്‍ഗ്രസ്- ഏഴ്, മുസ്‌ലിം ലീഗ്-മൂന്ന്, എല്‍ ഡി എഫ്-ആറ്, എന്‍ സി പി-ഒന്ന്, സ്വതന്ത്രന്‍ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ ദിവസം ചെറുകോട്ടില്‍ നടന്ന മുസ്‌ലിംലീഗ് പൊതുയോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് മുസ്‌ലിംലീഗ് നേതാക്കള്‍ ഉന്നയിച്ചത്. പ്രസിഡന്റ് സ്ഥാനം നല്‍കുമോയെന്ന ആവശ്യവുമായി രണ്ട് മാസത്തോളം നടന്നിട്ടും അധികാരം നല്‍കാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറായില്ലെന്ന് വണ്ടൂര്‍ മണ്ഡലം മുസ്‌ലിംലീഗ് നേതാവ് വിഎകെ തങ്ങള്‍ പറഞ്ഞു. 

പഞ്ചായത്തില്‍ സി പി എം അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ അതിനെ പിന്തുണക്കാനാണുമാണ് മുസ്‌ലിംലീഗ് തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് പിന്തുണയോടെ സിപിഎം ഭരണം നടത്തിയ പഞ്ചായത്ത് കൂടിയാണ് പോരൂര്‍. 

മുസ്‌ലിംലീഗ് ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തമായി മത്സരിക്കുകയായിരുന്നു. മുത്തേടം പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ചാണ് മത്സരിച്ചതെങ്കിലും കോണ്‍ഗ്രസും ലീഗും ഇപ്പോള്‍ ഇവിടെ നല്ല ബന്ധമല്ല ഉള്ളത്. പ്രസിഡന്റും വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും കോണ്‍ഗ്രസ് ആണ് വഹിക്കുന്നത്. രണ്ടര വര്‍ഷത്തിന് ശേഷം പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കാതിരുന്നതോടെ മുസ്‌ലിംലീഗ് സ്ഥാനമാനങ്ങള്‍ ഒഴിവാക്കുകയായിരുന്നു. 

ഇതിനിടെ ലീഗ് അംഗം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും വെവ്വേറെയാണ് മത്സരിച്ചത്. ചോക്കാട് , കരുവാരക്കുണ്ട് പഞ്ചായത്തുകളിലും ഇരു പാര്‍ട്ടികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് മുസ്‌ലിംലീഗിന്റെ ഇപ്പോഴത്തെ സമ്മര്‍ദ്ദമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. 

സിപി എമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഭരണ സമിതികളെ പരാജയപ്പെടുത്താന്‍ അവസരമുണ്ടെങ്കിലും പോരൂരില്‍ മുസ്‌ലിംലീഗ് വീണ്ടുമൊരു സാഹസത്തിനും ഒരുക്കമല്ല. കൂടാതെ നേരത്തെ കൂടെ നിന്ന് അവസാന വര്‍ഷം സി പി എമ്മുമായുള്ള സഹകരണം അവസാനിപ്പിച്ചതിനാല്‍ മുസ്‌ലിംലീഗുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. കൂടാതെ മുസ്‌ലിംലീഗിന്റെ ഓരോ സമയത്തുള്ള ആവശ്യം അംഗീകരിച്ചുകൊടുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി പറഞ്ഞത്. 

കൂടാതെ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനമൂലം കോണ്‍ഗ്രസിലെ അംഗങ്ങളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.



Keywords: Malappuram, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.