Latest News

മലപ്പുറം ജനശിക്ഷാ സന്‍സ്ഥാന് സാക്ഷരതാ പുരസ്കാരം സമ്മാനിച്ചു

ന്യൂഡല്‍ഹി: നൈപുണ്യ വികസന രംഗത്തെ മികച്ച നേട്ടത്തിനുള്ള ദേശീയ സാക്ഷരതാ മിഷന്റെ അവാര്‍ഡ് മലപ്പുറം ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്‍ (ജെഎസ്എസ്) രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഏറ്റുവാങ്ങി. ചെയര്‍മാന്‍ പി.വി. അബ്ദുല്‍ വഹാബ്, ഡയറക്ടര്‍ വി. ഉമ്മര്‍ കോയ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് സ്വീകരിച്ചത്. സമൂഹത്തില്‍ പാവപ്പെട്ടവര്‍ക്കും നിരക്ഷരര്‍ക്കും സ്വയം തൊഴില്‍ ലക്ഷ്യമിട്ടു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണു ജെഎസ്എസ്. കേരളത്തില്‍ ഒന്‍പതെണ്ണമുള്‍പ്പെടെ, രാജ്യത്ത് 260 ജില്ലകളില്‍ ഈ സംവിധാനമുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണു മലപ്പുറം അവാര്‍ഡിന് അര്‍ഹമായത്. കേരളത്തില്‍ ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ജെഎസ്എസ് എന്ന ബഹുമതിയും ഇതോടെ മലപ്പുറത്തിനു സ്വന്തമായി. സ്ത്രീശാക്തീകരണത്തിനായി നടപ്പാക്കിയ ഉല്ലാസ് പദ്ധതിയാണു മലപ്പുറം ജെഎസ്എസിന്റെ പ്രധാന നേട്ടം. വിധവകള്‍, വിവാഹമോചിതര്‍, 40 വയസ്സു കഴിഞ്ഞ വിവാഹിതര്‍ എന്നിവര്‍ക്കു പരിശീലനം നല്‍കിയശേഷം സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന പദ്ധതിയാണിത്.

നിലവില്‍ 250 പേര്‍ പദ്ധതിക്കു കീഴില്‍ തൊഴില്‍ ചെയ്യുന്നു. പട്ടിക ജാതി, വര്‍ഗ വിഭാഗത്തിനായി നടപ്പാക്കിയ സ്വയം തൊഴില്‍ പദ്ധതിയിലൂടെ 2400 പേര്‍ ഉപജീവനമാര്‍ഗം കണ്ടെത്തി. സാന്ത്വന ചികില്‍സാ ഘട്ടത്തിലുള്ള രോഗികള്‍ക്കും തീരമേഖലയ്ക്കുമായി നടപ്പാക്കിയ പ്രത്യേക സ്വയം തൊഴില്‍ പദ്ധതികളും അവാര്‍ഡ് നിര്‍ണയത്തിനായി പരിഗണിച്ചു. അവാര്‍ഡ് ദാന ചടങ്ങില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അധ്യക്ഷയായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് പങ്കെടുത്തു.



Keywords: Malappuram, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.