Latest News

വനിതകളടക്കമുള്ള വിദേശ വിനോദസഞ്ചാരികളുടെ സംഘത്തെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

ആലപ്പുഴ: ഓണത്തലേന്നു രാത്രി വനിതകളടക്കമുള്ള വിദേശ വിനോദസഞ്ചാരികളുടെ സംഘത്തെ ബീച്ചിനുസമീപം ആക്രമിച്ച സംഘത്തിലെ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴ സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡ് ഷാ മന്‍സിലില്‍ റമീസ് നൗഷാദ് (21), ജില്ലാ കോടതി വാര്‍ഡ് ഹനീഫാ മന്‍സിലില്‍ അസറുദിന്‍ ഷാനവാസ് (21) എന്നിവരാണു പിടിയിലായത്. വധശ്രമത്തിനു പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാത്രി പത്തരയോടെയാണു നാടിനാകെ അപമാനമുണ്ടാക്കിയ സംഭവം.

പൊലീസ് പറയുന്നത് ഇങ്ങനെ: ഇംഗ്ലണ്ടില്‍നിന്നു ജാസ്ഫര്‍ കാനന്‍, ഹെന്‍ട്രി കോഹറര്‍, വില്യം എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ആറംഗ സംഘം ആലപ്പുഴ ബീച്ചിനു സമീപത്തെ സ്വകാര്യ ബീയര്‍ പാര്‍ലറിന്റെ മുറ്റത്ത് ഇരിക്കുകയായിരുന്നു. തൊട്ടടുത്തുതന്നെ സ്‌പെയിനില്‍നിന്നു സാറാ ലോപ്പസ്, ടാറ്റിയാനോ എന്നിവരുടെ നേതൃത്വത്തിലെത്തിയ വനിതകളുടെ ഒരു സംഘവുമുണ്ടായിരുന്നു.

ഈ വനിതകളോടു റമീസിന്റെയും അസറുദിന്റെയും നേതൃത്വത്തിലുള്ള യുവാക്കളുടെ ആറംഗ സംഘം അപമര്യാദയായി പെരുമാറി. ചില വനിതകളുടെ കൈയില്‍ കയറി പിടിച്ചു. ഭയന്നുപോയ വനിതകള്‍ ഇംഗ്ലണ്ടില്‍ നിന്നെത്തിയ സംഘത്തിനു സമീപം അഭയം തേടി. സംഭവത്തില്‍ ഇടപെട്ട ഈ സംഘത്തോടും യുവാക്കള്‍ വഴക്കിടുകയും പിടിച്ചുതള്ളുകയും ചെയ്തു. തുടര്‍ന്ന് ഇംഗ്‌ളിഷ് സംഘം താമസസ്ഥലത്തേക്കു മടങ്ങി. ഇവരെ പിന്തുടര്‍ന്നെത്തിയ റമീസും അസറുദിനും റയില്‍വേ ക്രോസിനു സമീപത്തു പട്ടിക കൊണ്ടു തലക്കടിക്കുകയും തള്ളിയിടുകയുമായിരുന്നു.

ജാസ്ഫര്‍ കാനന്റെ തലയ്ക്കു മുറിവേറ്റു. വീഴ്ചയില്‍ വില്യമിനു നടുവിനു പരുക്കേറ്റു. ഹെന്‍ട്രി, ജോണി എന്നിവര്‍ക്കും പരുക്കുണ്ട്. വിദേശികള്‍ താമസിച്ചിരുന്ന ഹോംസ്‌റ്റേയുടെ ഉടമ സംഭവ സ്ഥലത്തെത്തി സംഘത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജാസ്ഫര്‍ കാനന്റെ തലയില്‍ ആറു തുന്നലുണ്ട്. പൊലീസിലും എംബസിയിലും സംഘം പരാതി നല്‍കി. സ്പാനിഷ് വനിതകളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.



Keywords: Kasaragod News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.