Latest News

മനോജ് വധം: വിക്രമന്‍ കുറ്റം സമ്മതിച്ചു; പകവീട്ടിയത് സുരേന്ദ്രന്റെ വധത്തിന്: പാര്‍ട്ടിക്ക് പങ്കില്ല

കണ്ണൂര്‍: കതിരൂരില്‍ ആര്‍എസ്എസ് നേതാവ് കെ. മനോജിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സിപിഎം കിഴക്കെകതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗം കട്ടിയാല്‍ മീത്തലെ വീട്ടില്‍ വിക്രമന്‍ (42) ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. താനടക്കം ഏഴംഗ സംഘമാണ് കൊല നടത്തിയതെന്ന് പറഞ്ഞ വിക്രമന്‍ മറ്റ് ആറുപ്രതികളുടെ പേരുകളും പോലീസിനു കൈമാറി. എന്നാല്‍ വിക്രമനും വീഡിയോഗ്രാഫര്‍ ജിതിനും പുറമെയുള്ളവരുടെ പേരുകള്‍ പോലീസ് വിശ്വസിച്ചിട്ടില്ല. പ്രതി പറഞ്ഞ മറ്റു കാര്യങ്ങളും പരിശോധിച്ചുവരികയാണ്.

തന്റെ ദേഹത്തുള്ള പരിക്കുകള്‍ സംഭവസമയത്ത് ബോംബെറിഞ്ഞപ്പോള്‍ ചീളുകള്‍ തറച്ചുകയറി ഉണ്ടായതാണെന്നും വിക്രമന്‍ സമ്മതിച്ചിട്ടുണ്ട്. ബോംബ് ഉണ്ടാക്കിയത് താനാണെന്നും വിക്രമന്‍ പറഞ്ഞു. കൊടുവാള്‍ ഉപയോഗിച്ചാണ് കൊല നടത്തിയതെന്നു പറഞ്ഞ വിക്രമന്‍ ഇത് ഒളിപ്പിച്ചുവച്ച സ്ഥലവും പറഞ്ഞുകൊടുത്തു.

സിപിഎം കിഴക്കെകതിരൂര്‍ ബ്രാഞ്ച് സെക്രട്ടറി മഠത്തിക്കുന്നുമ്മല്‍ സുരേന്ദ്രനെ 1998 ല്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായി താന്‍തന്നെ ആസൂത്രണം ചെയ്താണ് മനോജിനെ വധിച്ചതെന്നും വിക്രമന്‍ ചോദ്യം ചെയ്യലിനിടെ പോലീസിനോടു പറഞ്ഞു. സുരേന്ദ്രന്‍ വധക്കേസിലെ ഒന്നാംപ്രതിയായ മനോജിനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് മനോജിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം വീടിനു പരിസരത്തെ നിര്‍മാണത്തിലുള്ള ഒരു കെട്ടിടത്തിലാണ് താന്‍ ഇത്രയും ദിവസം കഴിഞ്ഞതെന്നാണ് വിക്രമന്‍ പറയുന്നത്. രാത്രിയും പകലും കെട്ടിടത്തിനുള്ളില്‍ തന്നെ കഴിഞ്ഞു. എന്നാല്‍ ഭക്ഷണവും കുളിയും വീട്ടിലെത്തിയായിരുന്നു. കോടതിയില്‍ കീഴടങ്ങിയ വ്യാഴാഴ്ച പുലര്‍ച്ചെ ബസിലാണ് കണ്ണൂരിലെത്തിയത്. കോടതി തുറക്കാന്‍ വൈകുമെന്നതിനാല്‍ പിന്നീട് ബസില്‍ പറശിനിക്കടവ് ക്ഷേത്രത്തിലേക്കു പോയി. അവിടെനിന്നും ബസില്‍ കണ്ണൂര്‍ കാള്‍ടെക്‌സില്‍ ഇറങ്ങിയശേഷം ഓട്ടോറിക്ഷയില്‍ കോടതിയില്‍ എത്തുകയായിരുന്നുവെന്നും വിക്രമന്‍ പറഞ്ഞു.

എന്നാല്‍ വ്യാഴാഴ്ച ഓട്ടോ പണിമുടക്കായിരുന്നില്ലേയെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് പ്രതിക്ക് മറുപടിയുണ്ടായിരുന്നില്ല. ബൈക്കിനു പിന്നിലിരുന്നാണ് വിക്രമന്‍ കണ്ണൂര്‍ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ എത്തിയതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. ബൈക്കിനെ പിന്തുടര്‍ന്ന് കാറില്‍ ഒരു സംഘവുമുണ്ടായിരുന്നതായും അറിവായിട്ടുണ്ട്. കോടതി വളപ്പില്‍ വച്ച് വിക്രമനു നേരേ ആക്രമണമുണ്ടായാല്‍ സംരക്ഷണം നല്‍കാനും സംഘമുണ്ടായിരുന്നുവത്രെ.

യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ കൊലപ്പെടുത്തിയ സംഘത്തില്‍ വിക്രമന്‍ ഉണ്ടായിരുന്നതായി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി രജീഷ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ ജയകൃഷ്ണന്‍ കൊല്ലപ്പെട്ട സമയത്ത് താന്‍ മുംബൈയിലായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതെക്കുറിച്ചു വ്യാഴാഴ്ച ചോദിച്ചപ്പോള്‍ അന്നു താന്‍ ഗള്‍ഫിലായിരുന്നുവെന്നായിരുന്നു മറുപടി. പഴയ മൊഴി പകര്‍പ്പ് കാണിച്ചപ്പോള്‍ അന്നു താന്‍ കള്ളം പറഞ്ഞതാണെന്നായി വിക്രമന്‍. ഇതടക്കം കെട്ടിച്ചമച്ച കഥകളാണ് ചോദ്യം ചെയ്യലില്‍ വിക്രമന്‍ പറയുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

മഴു ഉപയോഗിച്ചാണ് മനോജിനെ വെട്ടിയതെന്നാണ് സംഭവസമയത്ത് മനോജിനൊപ്പമുണ്ടായിരുന്ന പ്രമോദ് മൊഴി നല്‍കിയിരിക്കുന്നത്. കൊടുവാള്‍ ഉപയോഗിച്ചാണ് വെട്ടിയതെന്നു പറയുന്നത് അന്വേഷണത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. 

കൊലയ്ക്ക് ഉപയോഗിച്ച ആയുധം സൂക്ഷിച്ചിട്ടുണ്ടെന്ന പ്രതിയുടെ മൊഴി അനുസരിച്ച് പ്രസ്തുത സ്ഥലത്ത് വെളളിയാഴ്ച അന്വേഷണ സംഘം പരിശോധന നടത്തും. എന്നാല്‍ ഇത് കൊലയ്ക്ക് ഉപയോഗിച്ച യഥാര്‍ഥ ആയുധമായിരിക്കും ഇതെന്ന വിശ്വാസം നിലവില്‍ അന്വേഷണസംഘത്തിനില്ല.

സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ അഞ്ചാംപ്രതിയാണ് കൊല്ലപ്പെട്ട മനോജ്. ഈ കേസില്‍ മനോജിനെ ശിക്ഷിച്ചെങ്കിലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സ്റ്റേ വാങ്ങിയിരുന്നു. ജയരാജനെ വധിക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായി സിപിഎമ്മിന്റെ ഉയര്‍ന്ന നേതാക്കള്‍ ആസൂത്രണം ചെയ്ത് നടത്തിയതാണ് മനോജിന്റെ കൊലപാതകമെന്നാണ് ബിജെപി നേതൃത്വം ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പ്രാഥമിക ചോദ്യം ചെയ്യലില്‍ വിക്രമന്‍ നിഷേധിച്ചിരിക്കുകയാണ്. ജയരാജനുമായി അടുപ്പമുണ്ടായിരുന്നുവെന്നു സമ്മതിച്ച പ്രതി ജയരാജന്റെ ഡ്രൈവറായി ചിലപ്പോഴൊക്കെ പോയിരുന്നുവെന്നും സമ്മതിച്ചു. കടുത്ത പ്രമേഹരോഗിയാണ് താനെന്നും മരുന്ന് കഴിക്കുകയാണെന്നും വിക്രമന്‍ പറഞ്ഞു.

പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ചതിന്റെ ഒരുവര്‍ഷം മുമ്പാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുരേന്ദ്രനെ കൊലപ്പെടുത്തിയത്. സുരേന്ദ്രനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായി താന്‍ ഒറ്റയ്ക്കാണ് കൊല ആസൂത്രണം ചെയ്തതെന്ന വിക്രമന്റെ മൊഴി പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് പോലീസ് കരുതുന്നത്. ഇന്നലെ കണ്ണൂര്‍ കോടതിയില്‍ കീഴടങ്ങിയ വിക്രമനെ ഈ മാസം 25 വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 14 ദിവസത്തോളം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്കിയ സംഭവം അപൂര്‍വമാണെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതി പറഞ്ഞ കാര്യങ്ങള്‍ പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. വ്യാഴാഴ്ച രാത്രി തന്നെ വിക്രമനെ കൊലനടന്ന സ്ഥലത്തടക്കം കേസുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയിരുന്നു. വിശദമായ തെളിവെടുപ്പ് വരും ദിവസങ്ങളില്‍ നടക്കും. 
തെളിവെടുപ്പിനുശേഷം രാത്രി 12 ന് തലശേരി ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ പ്രതിയെ എത്തിച്ചു. വ്യാഴാഴ്ച രാത്രി സ്റ്റേഷനിലാണ് പ്രതി കഴിഞ്ഞത്. 

സ്റ്റേഷന് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് പോലീസിലെ കോഴിക്കോടു നിന്നുള്ള രണ്ട് എസ്‌ഐമാര്‍ മഫ്തിയില്‍ വിക്രമനൊപ്പം സദാസമയവുമുണ്ട്. ലോക്കല്‍ പോലീസുമായി പ്രതി ബന്ധപ്പെടാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
(Rashtradeepika)



Keywords: Kannur News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.