Latest News

തലശ്ശേരി കൊലപാതകം സംഘപരിവാര്‍ ദേശീയ നേതാക്കളുടെ സാന്നിധ്യം സംസ്ഥാനത്തുള്ളപ്പോള്‍

കണ്ണൂര്‍: സിപിഎം - ബിജെപി രാഷ്ട്രീയം ഏറ്റവും സെന്‍സേഷണലായി മാറിയിരിക്കുന്ന കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവിന്‍റെ കൊലപാതകം മലബാറില്‍ അതീവ ജാഗ്രതയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു . വര്‍ഷങ്ങളായി ശാന്തമായിരുന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചതിന് പിന്നില്‍ ആസൂത്രിതമായ രാഷ്ട്രീയ ഗൂഡാലോചനയാണ് പോലീസ് സംശയിക്കുന്നത് .

സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യം സംസ്ഥാനത്ത് ഉള്ള സാഹചര്യത്തില്‍ ആര്‍ എസ് എസിനെതിരെ ഉണ്ടായ പ്രകോപനം എതിരാളികളുടെ കരുതിക്കൂട്ടിയുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു എന്ന ആരോപണമാണ് ആര്‍ എസ് എസ് നേതാക്കള്‍ക്കുള്ളത് . അതിനാലാണ് ജില്ലാ നേതാവിന്‍റെ മരണമായിട്ടും ഹര്‍ത്താല്‍ ജില്ലയില്‍ ഒതുക്കാതെ സംസ്ഥാന വ്യാപകമാക്കി മാറ്റാന്‍ നേതാക്കളെ പ്രേരിപ്പിച്ചത് .

വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര സെക്രട്ടറി ജനറല്‍ പ്രവീണ്‍ തൊഗാഡിയ , ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ , സര്‍സംഘ ചാലക് മോഹന്‍ ഭഗത് എന്നിവര്‍ സംസ്ഥാനത്ത് ഉള്ളപ്പോള്‍ തങ്ങളുടെ പക്ഷത്തേയ്ക്ക് ഉണ്ടായ ആക്രമണം ആര്‍ എസ് എസിനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു . തങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണമായാണ് ആര്‍ എസ് എസ് അതിനെ കാണുന്നത് .

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള മലബാര്‍ രാഷ്ട്രീയം സി പി എം , ആര്‍ എസ് എസ് സംഘടനകളെ സംബന്ധിച്ച് പിരിമുറുക്കത്തിന്‍റെത് ആയിരുന്നു . വന്‍ തോതില്‍ ഇടതുപക്ഷ അണികള്‍ ആര്‍ എസ് എസ് , ബി ജെ പി പ്രസ്ഥാനങ്ങളിലേയ്ക്ക് ചോരുന്നു എന്ന യാഥാര്‍ത്ഥ്യം ഇടതുപാര്‍ട്ടികളെ ചൊടിപ്പിച്ചിരുന്നു . സി പി എമ്മില്‍ നിന്നും മാത്രമല്ല , സി പി ഐ , ജെ എസ് എസ് , സി എം പി അണികളില്‍ വലിയൊരു വിഭാഗം ബി ജെ പി പക്ഷത്ത് അണിനിരന്നു കഴിഞ്ഞതായാണ് ഇടത് വിലയിരുത്തല്‍ .

മലബാറിലെ ജെ എസ് എസ് , സി എം പി അണികളില്‍ ഏതാണ്ട് നല്ലൊരു ശതമാനം അണികള്‍ സി പി എമ്മില്‍ എത്തേണ്ടതിന് പകരം ബി ജെ പി, ആര്‍ എസ് എസ് സംഘടനകളില്‍ ചേക്കേറി എന്നാണ് വിലയിരുത്തല്‍ . ഈ സാഹചര്യത്തില്‍ അണികളെ പിടിച്ചു നിര്‍ത്താന്‍ പഴയ കണ്ണൂര്‍ മോഡല്‍ പുനസ്ഥാപിക്കണം എന്ന ചിന്ത ഇടത് പക്ഷത്ത് ചില നേതാക്കളില്‍ ഉണ്ടായിരുന്നതായാണ് ബി ജെ പി ആരോപിക്കുന്നത് . അതിന്‍റെ ഭാഗമായാണ് ആക്രമണം എന്നാണ് ആര്‍ എസ് എസും സംശയിക്കുന്നത് .

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഇത്തവണ ശോഭായാത്ര നടത്തിയാല്‍ തടയുമെന്ന് ഒരു നേതാവ് പറഞ്ഞപ്പോള്‍ എങ്കില്‍ നേതാവിന്‍റെ വീട്ടുപടിക്കല്‍ നിന്നും യാത്ര ആരംഭിക്കും എന്നായിരുന്നു ആര്‍ എസ് എസിന്‍റെ പ്രതികരണം . മാത്രമല്ല , ബി ജെ പി യെ പ്രതിരോധിക്കാന്‍ കണ്ണൂര്‍ മോഡലാണ് അഭികാമ്യം എന്ന സി പി എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിന്‍റെ പ്രഖ്യാപനവും മലബാറില്‍ ആര്‍ എസ് എസിനെതിരെയുള്ള ആഹ്വാനമായിരുന്നില്ലേ എന്ന ചോദ്യമാണ് ആര്‍ എസ് എസ് ഉയര്‍ത്തുന്നത് .

എന്തായാലും കണ്ണൂരില്‍ മുന്‍ കാലങ്ങളില്‍ ഒന്നും ഇല്ലാത്ത വിധം അതീവ ജീഗ്രതാ നിര്‍ദേശമാണ് പോലീസ് നല്‍കിയിരിക്കുന്നത് . വര്‍ഷങ്ങളായി കണ്ണൂരില്‍ നിലനിന്ന സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അനുവധിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ആഭ്യന്തര വകുപ്പ് . സ്ഥിതിഗതികള്‍ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നേരിട്ട് നിരീക്ഷിക്കുകയാണ് .

ആര്‍ എസ് എസ് നേതാവ് കൊല്ലപെട്ട കേസില്‍ മുഖം നോക്കാതെ യഥാര്‍ത്ഥ പ്രതികളെത്തന്നെ അറസ്റ്റ് ചെയ്യാനാണ് പോലീസിന് നിര്‍ദേശം . ചൊവ്വാഴ്ച കോഴിക്കോട്ടുണ്ടായിരുന്ന മുഖ്യമന്ത്രി തന്നെ ഉന്നത പോലീസ് അധികാരികളുമായി സ്ഥിതിഗതികള്‍ നേരിട്ട് വിശകലനം ചെയ്തിരുന്നു .



Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.