Latest News

മദീന റൗള സ്ഥലംമാറ്റം: പ്രചാരണം അടിസ്ഥാനരഹിതം

ജിദ്ദ: പ്രവാചകനഗരിയിലെ ഹറം വികസനത്തിന്‍െറ ഭാഗമായി മുഹമ്മദ് നബിയുടെ ഖബറടങ്ങുന്ന റൗള ശരീഫ് സ്ഥലം മാറ്റുന്നു വെന്നു പാശ്ചാത്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അത്തരത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നു നിര്‍ദേശമോ ആലോചനയോ ഉണ്ടായിട്ടില്ലെന്നും ഒ.ഐ.സിയുടെ കീഴിലുള്ള ഇസ്ലാമിക വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക സംഘടന (ഇസസ്കോ) വ്യക്തമാക്കി.

ഇത്തരത്തിലൊരു ശിപാര്‍ശ ഗവണ്‍മെന്‍റിന്‍െറ പരിഗണനയിലുണ്ടെന്ന തരത്തില്‍ ബ്രിട്ടീഷ് പത്രമായ ‘ഇന്‍ഡിപെന്‍ഡന്‍റ്’ പ്രസിദ്ധീകരിച്ച വാര്‍ത്ത ഇസ്ലാമിനും മുസ്ലിംകള്‍ക്കും സൗദി അറേബ്യക്കുമെതിരെ മെനയുന്ന ഗൂഢാലോചനയുടെ ഭാഗമായി കാണണമെന്ന് സംഘടന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

അറബ് മുസ്ലിം രാഷ്ട്രങ്ങള്‍ക്കിടയില്‍ ആഭ്യന്തരസംഘര്‍ഷവും ഭീകരവൃത്തികളും അരാജകത്വവും സൃഷ്ടിക്കുന്ന സാമ്രാജ്യത്വ-സയണിസ്റ്റ് കൂട്ടുകെട്ടിന്‍െറ നീചമായ ശ്രമമാണിത്. ലോക മുസ്ലിംകള്‍ ഈ പ്രചാരണങ്ങളില്‍ വീണു പോകരുതെന്നും പ്രവാചകന്‍െറ ഖബറിടം നിലവിലെ സ്ഥാനത്തുതന്നെ എന്നെന്നും നിലനില്‍ക്കുമെന്നും അറിയിച്ച സംഘടന ഈ ഗുരുതരമായ ആരോപണത്തിന്‍െറ പേരില്‍ പത്രത്തിനും ലേഖകനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സൗദി ഗവണ്‍മെന്‍റിനോട് ‘ഇസസ്കോ’ ആവശ്യപ്പെട്ടു.
പ്രവാചകന്‍െറ ഖബര്‍ മാറ്റവുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്ത അത്യുക്തിയാണെന്ന് ഗവണ്‍മെന്‍റ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘അല്‍അറബിയ്യ’ ചാനലും റിപ്പോര്‍ട്ട് ചെയ്തു. ഹറം വികസനവുമായി ബന്ധപ്പെട്ട് ഇമാം സുഊദ് യൂനിവേഴ്സിറ്റിയിലെ അധ്യാപകനായ ഡോ. അലി ബിന്‍ അബ്ദുല്‍അസീസ് അശ്ശബല്‍ എന്ന ഒരു ഗവേഷകന്‍ പ്രകടിപ്പിച്ച അഭിപ്രായമാണിതെന്നു ‘ഇന്‍ഡിപെന്‍ഡന്‍റ്’ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. 

മസ്ജിദുന്നബവിയോട് ചേര്‍ന്നുള്ള വിശാലമായ ജന്നത്തുല്‍ ബഖീഅ് എന്ന ശ്മശാനത്തിലേക്ക് റൗള മാറ്റാമെന്ന ഒരാളുടെ വ്യക്തിഗതമായ നിര്‍ദേശം മാത്രമാണെന്നും ഇതിനെതിരെ ഇതിനകം വിയോജനക്കുറിപ്പുകള്‍ വന്നു കഴിഞ്ഞിട്ടുണ്ടെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 

മക്ക, മദീന ഇരുഹറമുകളില്‍ നടന്നുവരുന്ന വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചരിത്രസ്മൃതികളുറങ്ങുന്ന പലതും നാമാവശേഷമാവുകയാണെന്ന ആക്ഷേപം ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നുണ്ട്. മക്കയിലെ ഹറം വികസനത്തോടനുബന്ധിച്ച് പ്രവാചക ജനനം നടന്നെന്നു കരുതുന്ന വീട്, മദീന ഹറമിലെ നിലവിലെ വികസിത ഭാഗങ്ങളില്‍ ഹറമിന്‍െറ വിവിധ ഭാഗങ്ങളായി മാറിയ പ്രവാചകപത്നിമാരുടെ വീടുകള്‍ എന്നിവയുടെ സംരക്ഷണത്തിന് ശ്രമമുണ്ടായില്ലെന്ന പ്രചാരണം ചില വിഭാഗങ്ങള്‍ നടത്തിവരുന്നുണ്ട്. ഈ പേരില്‍ സോഷ്യല്‍മീഡിയയില്‍ ചില ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇക്കൂട്ടത്തില്‍ പെടുന്ന ഇസ്ലാമിക് ഹെറിറ്റേജ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നൊരു സംഘടനയുടെ ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ അല്‍അലവിയെ ഉദ്ധരിച്ചാണ് ‘ഇന്‍ഡിപെന്‍ഡന്‍റ്’ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.



Keywords: Gulf News. International News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.