Latest News

നന്മയുടെ മുദ്രാവാക്യത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കുമാവില്ല: സാദിഖലി തങ്ങള്‍

ദുബൈ: നന്മയുടെ മുദ്രാവാക്യത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും ഉപബോധ മനസ്സില്‍ കുടികൊള്ളുന്ന നല്ല ചിന്തകള്‍ ധാര്‍മികതക്കനുകൂലമായി പ്രതികരിക്കുമെന്നും സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. 

സമൂഹം ഏറെ പ്രതിക്കൂട്ടിലാക്കപ്പെടുന്ന വിഷയമാണ്‌ ധര്‍മച്യുതി. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഓരോരുത്തരും ബോധവാന്മാരാവണം. ധാര്‍മികത അപകടത്തിലാവുന്ന സന്ദര്‍ഭത്തില്‍ അകപ്പെട്ടിരിക്കയാണ്‌ സമൂഹം.അതിനെതിരെ വിരല്‍ചൂണ്ടാനുള്ള കരുത്ത്‌ നഷ്‌ടപ്പെടുന്ന അവസരത്തിലാണ്‌ കെ.എം.സി.സി രംഗത്ത്‌ വന്നിട്ടുള്ളത്‌- തങ്ങള്‍ വ്യക്തമാക്കി. 

`ധര്‍മച്യുതിക്കെതിരെ പ്രവാസ ശബ്‌ദം' എന്ന പ്രമേയത്തെ ആസ്‌പദമാക്കി ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച സഞ്ചയം 2014ന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്‌ ആര്‍. ഷുക്കൂര്‌ അധ്യക്ഷത വഹിച്ചു.

സാമൂഹ്യ ജീവിയാണ്‌ മനുഷ്യന്‍. അല്ലാഹു പ്രപഞ്ചം സൃഷ്‌ടിച്ചത്‌ ജീവന്‍ നിലനിര്‍ത്താനാണ്‌. അത്‌ ജീവസ്സുറ്റതാക്കാന്‍ മനുഷ്യന്‌ മാത്രമെ കഴിയൂ. അതിന്‌ കാരുണ്യത്തിന്റെ, സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ കരുത്ത്‌ വേണം. നിര്‍ഭാഗ്യവശാല്‍ അതിന്‌ കൈമോശം വന്നുകൊണ്ടിരിക്കുകയാണ്‌. നേരിന്റെ വഴികാണിക്കാന്‍ അല്ലാഹു നിയോഗിച്ച വഴികാട്ടികളാണ്‌ പ്രവാചകന്മാര്‍. വിവിധ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന നാശങ്ങളെ അവര്‍ നിഷ്‌കാസനം ചെയ്‌തു. 

തെറ്റിലൂടെ സഞ്ചരിക്കുന്നവരെ സംസ്‌കരിച്ചെടുത്തു. സംസ്‌കാരത്തെ പിന്തുടരേണ്ട പിന്‍ഗാമികള്‍ അത്‌ സൂക്ഷിച്ചില്ല. അവര്‍ പൈശാചിക ചിന്തകളെ പുല്‍കിയപ്പോള്‍ മലീമസമായ അന്തരീക്ഷമുയര്‍ന്നു. തിന്മയോട്‌ വിധേയത്വം പുലര്‍ത്തുന്ന ഒരു സമൂഹം കാലഘട്ടത്തിന്റേതായി വളര്‍ന്നിട്ടുണ്ട്‌. ഇത്‌ മാറ്റിയെടുക്കുകയെന്ന ദൗത്യമാണ്‌ യുവതക്ക്‌ നിര്‍വഹിക്കാനുള്ളത്‌. ഗള്‍ഫ്‌ മലയാളികളുടെ തീരുമാനങ്ങളെയും വരുമാനങ്ങളെയും ആശ്രയിച്ചുകഴിയുന്ന നാട്ടില്‍ അഭിപ്രായ രൂപീകരണത്തില്‍ ധിഷണാപരമായ മാറ്റമുണ്ടാക്കാന്‍ ശ്രമിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ലൈഫ്‌ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ ജേതാവ്‌ പാറപ്പുറത്ത്‌ മൊയ്‌തീന്‍കുട്ടി എന്ന ബാവ ഹാജിയെ ചടങ്ങില്‍ ആദരിച്ചു. റിയാസ്‌ മാണൂര്‍ (ധീരത), ബഷീര്‍ കുലുക്കല്ലൂര്‍ (ലേഖനം), അഹമ്മദ്‌ മനാഫ്‌ (റമദാന്‍ ക്വിസ്‌), ഉമര്‍ എരിഞ്ഞിക്കല്‍ നൂര്‍ മുഹമ്മദ്‌ (ഇലക്‌ഷന്‍ പ്രവചനം) എന്നിവര്‍ക്കുള്ള അവാര്‍ഡുകളും സമ്മാനിച്ചു. 

നേതാക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും പെരിന്തല്‍മണ്ണ കെ.എം.സി.സിയുടെ ബൈത്തുറഹ്‌മ പ്രഖ്യാപനവും നടന്നു.

ടി.എ അഹമ്മദ്‌ കബീര്‍ എം.എല്‍.എ, മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി പി. അബ്‌ദുല്‍ ഹമീദ്‌ മാസ്റ്റര്‍, സുലൈമാന്‍ മേല്‍പ്പത്തൂര്‍, പുത്തൂര്‍ റഹ്‌മാന്‍, ഇബ്രാഹിം എളേറ്റില്‍, യഹ്‌യ തളങ്കര, പി.കെ അന്‍വര്‍ നഹ, അഡ്വ. സാജിദ്‌ അബൂബക്കര്‍, പടിയത്ത്‌ ബഷീര്‍ പ്രസംഗിച്ചു. മുസ്‌തഫ വേങ്ങര, യു.കെ യൂസുഫ്‌, നെല്ലറ ഷംസുദ്ദീന്‍, തല്‍ഹത്ത്‌, ഹാരിസ്‌ നീലാമ്പ്ര, ബാബു തിരുന്നാവായ, ചെമുക്കന്‍ യാഹുമോന്‍,അബൂബക്കര്‍ ബി.പി അങ്ങാടി, ഇ.ആര്‍ അലി മാസ്റ്റര്‍, ഒ.ടി സലാം, നിഹ്‌മത്തുള്ള മങ്കട, ഷമീം ചെറിയമുണ്ടം, സിദ്ദീഖ്‌ കാലടി, നിഷാദ്‌ തുടങ്ങിയവര്‍ സന്നിഹിതരായി. സഫ്‌വാന്‍ ഖിറാഅത്ത്‌ നടത്തി. പി.വി നാസര്‍ സ്വാഗതവും മുസ്‌തഫ വേങ്ങര നന്ദിയും പറഞ്ഞു.



Keywords: KMCC, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.