ദുബൈ: വിവാഹങ്ങള്‍ക്കും മറ്റും ആര്‍ഭാടം നടത്തിയും പൊങ്ങച്ചം കാട്ടിയും സമൂഹത്തില്‍ ഉള്ളവനും ഇല്ലാത്തവ അനുകരിച്ചും നടത്തുന്ന ധൂര്‍ത്ത് കാന്‍സര്‍ പോലെ പടര്‍ന്നു പിടിച്ചിരിക്കുകയാണെന്ന് മുസ്ലിംലിഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ.അഹമ്മദ് എം.പി അഭിപ്രായപ്പെട്ടു.
സമൂഹത്തില്‍ ഉള്ളവനെയും ഇല്ലാത്തവനെയും ഒരു പോലെ ബാധിച്ചിരിക്കുന്ന ഈ വിപത്തിനെതിരെയുള്ള പ്രതിരോധമാണ് മുസ്ലിംലീഗ് ഈ കാമ്പയിനിലൂടെ ഉദ്ദ്യേശിക്കുന്നത്. ആര്‍ഭാട ധൂര്‍ത്തിനെതിരായി സമൂഹത്തെ സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് പ്രഖ്യാപിച്ച പ്രചാരണ കാമ്പയിന്‍ പ്രവാസികളില്‍ എത്തിക്കാന്‍ ദുബൈ കെ.എം.സി.സി നടത്തുന്ന പ്രചാരണ കാമ്പയിന്റെ ഭാഗമായി വിവിധ മുസ്ലിം സംഘടനകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ.അഹമ്മദ്.
കേരളത്തിലെ സാമ്പത്തിക മുന്നേറ്റത്തിന്റെ കരുത്ത് പ്രവാസി അധ്വാനമാണ്. അത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് പ്രവാസി സമൂഹം തയ്യാറാവണം. ധൂര്‍ത്തിനെതിരെ ജാഗ്രത പാലിക്കാന്‍ ഏറ്റവും ശ്രദ്ധിക്കേണ്ടതും പ്രവാസികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാഹചടങ്ങുകളും മറ്റും ലളിതമാക്കണം. അതിന് കൂട്ടായ മുന്നേറ്റം അനിവാര്യമാണ്. കേരളീയ സമൂഹത്തില്‍ നിരവധി സാമൂഹ്യ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും മുസ്്‌ലിംലീഗ് നേതൃത്വം കൊടുത്തിട്ടുണ്ട്. കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിനുള്ള ചാലശക്തി മുസ്ലിംലീഗാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു കാമ്പയിന്‍ ഏറ്റെടുത്ത് മുസ്ലിംലീഗ് ഇടപെടലുകള്‍ നടത്തുന്നത്.
ധൂര്‍ത്ത് പിശാചിന്റെ സുഹൃത്താണ്. അതിനോട് അകലം പാലിക്കണം. അനാവശ്യമായ ആചാരങ്ങള്‍ നിര്‍ത്തലാക്കണം. ശക്തമായ ബോധവത്കരണത്തിലൂടെ മാത്രമെ ഈ ദുരവസ്ഥയില്‍ നിന്ന് സമൂഹത്തെ കരകയറ്റാനാവൂ. മുസ്ലിം ലീഗിന്റെ ഈ കാമ്പയിന്‍ പ്രവാസി സമൂഹം ഏറ്റെടുക്കണമെന്നും ഇ.അഹമ്മദ് പറഞ്ഞു.
ദുബൈ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ആര്‍.നൗഷാദ് അധ്യക്ഷത വഹിച്ചു കാമ്പയിന്റെ ഭാഗമായി ബൃഹത്തായ പദ്ധതികളാണ് കെ.എം.സി.സി ആവിഷ്‌കരിച്ചിരിക്കുന്നത്. ഒരുമാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനാണ് സംസ്ഥാന കമ്മിറ്റി, വിവിധ ജില്ലാ മണ്ഡലം കമ്മിറ്റികളുടെ സഹകരണത്തോടെ രൂപം നല്‍കിയിട്ടുള്ളത്. വിവിധ മുസ്്‌ലിം സംഘടനകളും ഈ കാമ്പയിനുമായി സഹകരിക്കും.
ബോധവത്കരണ ക്ലാസുകള്‍, ലഘുലേഖ വിതരണം തുടങ്ങിയവ സംഘടിപ്പിക്കും. യു.എ.ഇ കെ.എം.സി.സി നേതാക്കളായ പുത്തൂര്‍ റഹ്മാന്‍, ഇബ്രാഹിം എളേറ്റില്‍, യഹ്‌യ തളങ്കര, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ (സുന്നി സെന്റര്‍), അബ്ദുനാഫി (എ.ഐ.എം), അഡ്വ.മുഹമ്മദ് അസ്്‌ലം (ഐസിസി), സി.എം.എ ചേരൂര്‍ (മര്‍ക്കസ്), ഡോ.വൈ അഹമ്മദ് (പീസ് ലവേഴ്‌സ് ഫോറം), നാസര്‍ ഊരകം, ശൗക്കത്തലി ഹുദവി, നസീര്‍ പാനൂര്‍, അഷ്‌റഫ് നാദാപുരം, റഈസ് തലശേരി, ഒ.കെ ഇബ്രാഹിം, ഹനീഫ് ചെര്‍ക്കള, ബീരാവുണ്ണി തൃത്താല, നാസര്‍ കുറ്റിച്ചിറ സംസാരിച്ചു. ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും അഡ്വ.സാജിദ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Keywords: KMCC, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment