Latest News

ഓര്‍മ്മയുടെ ഓണകൂട്ടൊരുക്കി പാലക്കുന്നില്‍ കാരണവര്‍ കൂട്ടം

കരിവെളളൂര്‍: ഗതകാലത്തിന്റെ ഓര്‍മ്മ പെരുക്കത്തില്‍ ഓണമുണ്ട നാളുകളെ വീണ്ടെടുത്ത് നന്മകളുടെ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ഒരുക്കിയ ഓണവട്ടത്തിന്റെ ഭാഗമായുളള കാരണവകൂട്ടമാണ് പൈതൃകത്തിന്റെയും ആചാരത്തിന്റെയും നാളുകളിലേക്ക് ഒരു തിരനോട്ടം നടത്തിയത്. 

ജനപഥങ്ങള്‍ പാടിപതിഞ്ഞ മാവേലിക്കഥയ്ക്കപ്പുറം നാട് ഓണത്തെ നെഞ്ചിലേറ്റിയ അനുഭവപ്പെരുക്കത്തിന്റെ കഥകളായിരുന്നു അവര്‍ പുതുതലമുറയുമായി സംവദിച്ചത്. ഓണത്തിന് മുന്‍പെത്തുന്ന നിറപ്പുത്തരിയും ആടിമാസത്തിന്റെ ആധികളകറ്റുന്നതില്‍ വഹിക്കുന്ന നിര്‍ണ്ണായകമായ പങ്കും പൈതൃകത്തിന്റെ പാതയില്‍ നാട്ടകങ്ങള്‍ നെഞ്ചോട് നെഞ്ച് എതിരിടുന്ന ഓണപ്പോരും വയസ്സു ബാധിച്ച ഓര്‍മ്മയില്‍ നിന്നും അവര്‍ ചികഞ്ഞെടുത്തപ്പോള്‍ മൂത്തവരുടെ വാക്കിന് നിനക്കാത്ത കനം. എസ്. എം.എസുകളില്‍ മുറുകി ഉറയുന്ന പുതിയ കാലത്തെ ഓണസ്വപ്നങ്ങള്‍ക്ക് പകരം സ്‌നേഹത്തിന്റെ നനുത്ത ഓണാനുഭവങ്ങള്‍ സമ്മാനിക്കുകയാണ് കാരണവ കൂട്ടത്തിലൂടെ പാലക്കുന്ന് പാഠശാല ഉദ്ദേശിച്ചത്.
കാര്‍ഷിക സര്‍വ്വകലാശാല അസലവയല്‍ പ്രാദേശിക ഗവേഷണകേന്ദ്രം റിട്ട. അസോസിയേറ്റ് ഡയറക്ടറും എഴുത്തുകാരനുമായ പ്രൊഫ.കെ.കണ്ണന്‍ , വൈദ്യുതി വകുപ്പ് റിട്ട. ഡെപ്യൂട്ടി ചീഫ്. എഞ്ചിനീയര്‍ എം. വി.ഗോപാലകൃഷ്ണന്‍ , മുന്‍ പഞ്ചായത്ത് മെമ്പര്‍ എ.പി.ചെറിയമ്പു, റിട്ട.പ്രധാന അധ്യാപകന്‍ കെ.പി.വെളുത്തമ്പു, ടി.വി.ദാമോദരന്‍, മൃഗസംരക്ഷണ വകുപ്പ് റിട്ട. ഫീല്‍ഡ് ഓഫീസര്‍ കെ.ഗോവിന്ദന്‍, റിട്ട.പോസ്റ്റ്മാസ്റ്റര്‍, കെ.അപ്പുക്കുട്ടന്‍ നമ്പി, റിട്ട. എക്‌സൈസ് ഉദ്ദ്യോഗസ്ഥന്‍ ടി.കെ.സുധാകരന്‍, പൂരക്കളി കലാകാരന്‍മാരായ കോട്ടമ്പത്ത് ബാലകൃഷ്ണന്‍, കൂവകണ്ടത്തില്‍ നാരായണന്‍ എന്നിവരടക്കം 87 കാരണവന്മാരെ ചടങ്ങില്‍ ഓണക്കോടിയും ഉപഹാരവും നല്‍കി ആദരിച്ചു. 

ഡോ. ആര്‍.സി.കരിപ്പത്ത് ഉദ്ഘാടനം ചെയ്തു. കരിവെളളൂര്‍ കെ.വി.സദാനന്ദപൈ, പച്ചാടക്കന്‍ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, കൊടക്കാട് കൊട്ടുക്കര ശേഖരന്‍ നമ്പി, വടക്കുമ്പാട് കോളിയാടന്‍ കണ്ണന്‍ എന്നിവരുടെ സ്മരണയ്ക്ക് പാഠശാലാഗ്രന്ഥാലയത്തിന് സമര്‍പ്പിക്കുന്ന അലമാരയുടെ താക്കോല്‍ ലൈബ്രറി കൗണ്‍സില്‍ താലക്ക് സെക്രട്ടറി വൈക്കത്ത് നാരായണന്‍ ഏറ്റുവാങ്ങി. 

വൈകീട്ട് നമ്പിക്കുളത്തില്‍ നടന്ന ഓണത്തല്ല് കാണാന്‍ വമ്പിച്ച ജനാവലിയാണ് ഒത്തുകൂടിയത്. വിജയികള്‍ക്ക് പി.വി.നാരായണി സമ്മാനങ്ങല്‍ നല്‍കി. കൊടക്കാട് നാരായണന്‍ സ്വാഗതവും, പി.ഗോപി നന്ദിയു പറഞ്ഞു. എ.ശശീധരന്‍ അധ്യക്ഷത വഹിച്ചു.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.