Latest News

വെള്ളക്കരം ഇനിയും കൂട്ടണമെന്ന് അബ്ദുല്ലക്കുട്ടി

കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങളില്‍ ഓരോ സഖാവിന്റെ മുമ്പിലും ലീറ്ററിനു 15 രൂപ വിലയുള്ള മിനറല്‍ വാട്ടറിന്റെ ബഹുരാഷ്ട്രക്കുപ്പി വാങ്ങി നിരത്തുന്ന സിപിഎം നേതൃത്വം, ആയിരം ലീറ്റര്‍ വെള്ളത്തിനു രണ്ടു രൂപ കൂട്ടിയതിന്റെ പേരില്‍ സര്‍ക്കാരിനോടു യുദ്ധം പ്രഖ്യാപിക്കുന്നതു കാപട്യമാണെന്ന് എ.പി. അബ്ദുല്ലക്കുട്ടി എംഎല്‍എ. വെള്ളക്കരം ആയിരം ലീറ്ററിനു നാലു രൂപയായിരുന്നതു 10 രൂപയാക്കണമെന്നും അബ്ദുല്ലക്കുട്ടി അഭിപ്രായപ്പെട്ടു.

നികുതി വര്‍ധന കാലാകാലങ്ങളില്‍ വികസനത്തിനും ജനക്ഷേമത്തിനും ഒഴിച്ചു കൂടാനാവില്ല. ആയിരക്കണക്കിനു രോഗികള്‍ക്കു ഹൃദയശസ്ത്രക്രിയയും കോക്ലിയാര്‍ ഇംപ്ലാന്റേഷനും  സൗജന്യമായി നടത്തിക്കൊടുത്തത് ഈ സര്‍ക്കാരാണ്. ധനമന്ത്രി കെ.എം. മാണിയുടെ കയ്യില്‍ പണം കായ്ക്കുന്ന മരമില്ല. 

ഒരു ലീറ്റര്‍ മിനറല്‍ വാട്ടറിനു 15-20 രൂപയും ആയിരം ലീറ്ററിന്റെ ടാങ്കര്‍ വെള്ളത്തിന് 550 രൂപയും കൊടുക്കുന്ന മലയാളികള്‍ക്ക്, അണക്കെട്ടില്‍ നിന്നു ശേഖരിച്ചു ശുദ്ധീകരിച്ചു സര്‍ക്കാര്‍ പൈപ്പ് വഴി വീട്ടിലെത്തിച്ചു കൊടുക്കുന്ന വെള്ളത്തിന് ആയിരം ലീറ്ററിന് രണ്ടു രൂപ അധികം നല്‍കാനാവില്ലെന്നു പറയുന്നതു നെറികേടാണ്.

ആയിരം ലീറ്റര്‍ വെള്ളത്തിനു കരം നാലു രൂപയായിരുന്നത് ആറു രൂപയാക്കിയതിനാണു സിപിഎം നേതാക്കള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളക്കരം 10 രൂപയെങ്കിലുമാക്കണമെന്നു താന്‍ നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, തമിഴ്‌നാട്ടിലും ഡല്‍ഹിയിലും 10 രൂപയാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.



Keywords: Kannur, Abdulla Kutty, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.