Latest News

സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടുന്ന യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്ത്രീകളേയും വഴിയാത്രക്കാരേയും കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടുന്ന വിരുതനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റുചെയ്തു. ഉപ്പള കൈക്കമ്പയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് മുസ്തഫയെയാണ് (36) വിദ്യാനഗര്‍ എസ്.ഐ. എം. ലക്ഷ്മണന്‍, എ.എസ്.ഐ. രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

മുഹമ്മദ് മുസ്തഫ 12 ഓളം തട്ടിപ്പുകേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ മാത്രം രണ്ട് കേസുകള്‍ നിലവിലുണ്ട്. 2012ല്‍ ദേലമ്പാടിയിലെ വീട്ടമ്മയായ ബീഫാത്വിമയെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസിലും ആലമ്പാടിയിലെ ആഇശ ബീവിയെ കബളപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസിലുമാണ് യുവാവ് അറസ്റ്റിലായത്.

ഏറ്റവും ഒടുവില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ പണമില്ലാതെ വിഷമിക്കുകയായിരുന്ന പയ്യന്നൂരിലെ ഒരു സ്ത്രീയെ കബളിപ്പിച്ച് 50,000 രൂപ തട്ടിയെടുത്ത കേസിലും മുഹമ്മദ് മുസ്തഫയ്‌ക്കെതിരെ മംഗലാപുരം പോലീസ് സ്‌റ്റേഷനിലും കേസെടുത്തിട്ടുണ്ട്. ആശുപത്രി അധികൃതര്‍ തന്റെ വേണ്ടപ്പെട്ടവരാണെന്ന് പറഞ്ഞാണ് സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന പണം വാങ്ങി ബാക്കി തുക പിന്നീട് അടച്ചാല്‍ മതിയെന്നുപറഞ്ഞ് തട്ടിയെടുത്തത്.

ഗള്‍ഫിലുള്ള യുവാക്കളുടെ നാട്ടിലുള്ള വൃദ്ധരായ മാതാപിതാക്കളെ സമീപിച്ച് അറബി സ്വര്‍ണം കൊടുത്തുവിട്ടിട്ടുണ്ടെന്നും സ്വര്‍ണം കിട്ടണമെങ്കില്‍ ടാക്‌സടക്കണമെന്നും പറഞ്ഞാണ് ഇവരുടെ കയ്യില്‍നിന്നും സ്വര്‍ണവും പണവും തട്ടുന്നത്. കാസര്‍കോട് മാര്‍ക്കറ്റ് കുന്നിലെ സ്ത്രീയില്‍ നിന്നും പാലക്കുന്നിലെ മറ്റൊരു സ്ത്രീയില്‍ നിന്നും ഇത്തരത്തില്‍ സ്വര്‍ണം തട്ടിയെടുത്തിരുന്നു. ഉദുമയിലേയും ഉളിയത്തടുക്കയിലേയും രണ്ട് വഴിയാത്രക്കാരെ കബളിപ്പിച്ചും 10,000 രൂപ വീതം തട്ടിയെടുത്തിരുന്നു. മുളിയാര്‍ കോട്ടൂരിലെ ഒരു സ്ത്രീയില്‍ നിന്നും സ്വര്‍ണം തട്ടിയകേസിലും ബേഡകം, അമ്പലത്തറ പോലീസ് സ്‌റ്റേഷനുകളിലും മുഹമ്മദ് മുസ്തഫയ്‌ക്കെതിരെ കേസ് നിലവിലുണ്ട്.

ഉപ്പള കൈക്കമ്പയിലെ ക്വാര്‍ട്ടേഴ്‌സില്‍വെച്ചാണ് പ്രതിയെ പോലീസ് ചൊവ്വാഴ്ച രാവിലെ അറസ്റ്റുചെയ്തത്. പ്രതിയെ വൈകിട്ടോടെ കോടതിയില്‍ ഹജരാക്കും.



Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.