കാഞ്ഞങ്ങാട്: വേട്ടയാടി പിടിച്ച കാട്ടിറച്ചി തേടിയെത്തിയ വനപാലകര്‍ക്ക് കിട്ടിയത് 20 കിലോ ചന്ദന മുട്ടികള്‍. കാലിച്ചാനടുക്കം എരളാലിലെ ചോളയില്‍ വീട്ടില്‍ റെജി മാത്യുവിന്റെ(44) വീട്ടില്‍ നിന്നാണ് ചന്ദന മുട്ടികള്‍ വനപാലകര്‍ പിടിച്ചെടുത്തത്.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
റെജിയുടെ വീട്ടില്‍ കാട്ടിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് വനപാലകര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ജി പ്രദീപ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ വി വി ശശികുമാര്‍, കെ മധുസൂദനന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ രാജീവ് എന്നിവര്‍ റജിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. എന്നാല്‍ വീടിന്റെ എല്ലാഭാഗത്തും പരിശോധന നടത്തിയെങ്കിലും ഇറച്ചിയൊന്നും ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് തിരിച്ചു പോകാനൊരുങ്ങിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍കൂടി പരിശോധന നടത്തിയതോടെ ഒരു ചാക്ക് കെട്ട് ശ്രദ്ധയില്‍പ്പെട്ടു.
ചാക്ക് അഴിച്ച് പരിശോധിച്ചപ്പോഴാണ് ഇതിനകത്ത് ചന്ദനമുട്ടികള്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദനമുട്ടികള്‍ കസ്റ്റഡിയെടുത്ത വനപാലകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആനപ്പാറ സര്‍ക്കാറിയിലെ ജോര്‍ജിന് വില്‍പ്പന നടത്താന്‍ വേണ്ടിയാണ് ഇവ സൂക്ഷിച്ചതെന്ന് റെജി മറുപടി നല്‍കി.
ചന്ദനമുട്ടികള്‍ക്ക് കിലോയ്ക്ക് 1800 രൂപാവരെ ലഭിക്കുന്നുണ്ടെന്നും റെജി വ്യക്തമാക്കി. മലയോരമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചന്ദനമാഫിയ സംഘത്തിലെ പ്രധാനകണ്ണികളില്‍ ഒരാളാണ് റെജിയെന്ന് വ്യക്തമായിട്ടുണ്ട്.
അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് മുറിച്ചെടുത്ത ചന്ദന മരങ്ങള്‍ കഷ്ണങ്ങളാക്കി റെജി വില്‍പ്പനയ്ക്കായി സൂക്ഷിച്ചുവെയ്ക്കുകയായിരുന്നു. കാസര്‍കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ചന്ദന മോഷണം വ്യാപകമായിട്ടുണ്ട്.
അമ്പലത്തറ, രാജപുരം, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട്, നിലേശ്വരം തുടങ്ങിയ പോലീസ് സ്റ്റേഷനുകളുടെ പരിധികളിലും കാസര്‍കോട്ടെ അതിര്‍ത്തി പ്രദേശങ്ങളിലും ചന്ദന മോഷണം സജീവമാണ്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഗ്രാമങ്ങളില്‍ നിന്നും സ്വകാര്യ വ്യക്തികളുടെ പറമ്പുകളില്‍ നിന്നും ഗൂഢസംഘം ചന്ദനമരങ്ങള്‍ മുറിച്ചുകടത്തുന്നുണ്ട്. പുല്ലൂര്‍, ചാലിങ്കാല്‍, പെരിയ തുടങ്ങിയഭാഗങ്ങളിലും ലക്ഷകണക്കിന് രൂപയുടെ ചന്ദനമരങ്ങളാണ് മുറിച്ചു കടത്തുന്നത്.


No comments:
Post a Comment