ബന്തടുക്ക: കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ട സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമായി. ഈ വാര്‍ഡില്‍ മെമ്പറായിരുന്ന സാജു അഗസ്റ്റിന്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും മെമ്പര്‍ സ്ഥാനവും രാജിവെയ്ക്കുകയും പാര്‍ട്ടിയോട് ആലോചിക്കാതെ രാജിവെച്ചതിന് സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഈ സാഹചര്യത്തിലാണ് 13-ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കുന്നത്. പടുപ്പ്, ഈയ്യന്തലം, തങ്കത്തടുക്കം, മക്കട്ടി, ആലത്തുംകടവ് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വാര്‍ഡില്‍ ഒക്ടോബര്‍ അവസാന വാരമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ കോണ്‍ഗ്രസിലെ ജോര്‍ജ്ജ് മക്കട്ടിയെ 80ഓളം വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ സാജു അഗസ്റ്റിന്‍ പരാജയപ്പെടുത്തിയിരുന്നത്.
മുമ്പ് കോണ്‍ഗ്രസിന്റെ കുത്തക സീറ്റായിരുന്നു ഇത്. ബേഡകം സി പി എമ്മില്‍ ഉടലെടുത്ത കലാപവും വിഭാഗീയ പ്രശ്‌നങ്ങളും മൂലം സാജു അഗസ്റ്റിന്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനവും രാജിവെയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സാജുവിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്.
ആസന്നമായ ഉപതെരഞ്ഞെടുപ്പില്‍ സാജു അഗസ്റ്റിന്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത ഏറെയാണെന്ന് സമാന്തരവിഭാഗവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇതിനിടയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസിലെ എ ഐ ഗ്രുപ്പുകള്‍ തമ്മിലുള്ള വടംവലിയും ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഇത് വിഘാതം സൃഷ്ടിക്കുന്നു. എ ഗ്രൂപ്പ് ജോസ് മക്കട്ടിയേയും ഐ ഗ്രൂപ്പ് മിനി ചന്ദ്രനെയും പരിഗണിക്കുന്നുണ്ട്.
സിപിഎം ശങ്കരംപാടി മുന്‍ ബ്രാഞ്ച് സെക്രട്ടറിയും പടുപ്പ് വനിത സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ മധു മാളിയേക്കലിന്റെയും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗം സെമിര്‍ കുമ്പക്കോടിന്റെയും പേരുകളാണ് സിപി എമ്മില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.
1550ഓളം വോട്ടര്‍മാരാണ് ഈ വാര്‍ഡിലുള്ളത്. സജു അഗസ്റ്റിന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ സിപിഎമ്മിനത് കനത്ത തിരിച്ചടിയായി മാറും. അദ്ദേഹം വാര്‍ഡിലുടനീളം നടത്തിയ വികസന പ്രവര്‍ത്തനങ്ങളും യുവാക്കള്‍ക്കിടയിലുള്ള സ്വാധീനവും അദ്ദേഹത്തിന്റെ വിജയ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
കോണ്‍ഗ്രസിലെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മില്‍ സീറ്റിന് വേണ്ടി പിടിവലി തുടര്‍ന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം സാജു അഗസ്റ്റിനെ പിന്തുണയ്ക്കുമെന്ന് സൂചനയുണ്ട്. സിപിഎം നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പടുപ്പ് മേഖലയിലെ ഭൂരിഭാഗം പ്രവര്‍ത്തകരും സാജുവിനെ തുണയ്ക്കാന്‍ ഏറെ സാധ്യതയുണ്ട്.


No comments:
Post a Comment