Latest News

മംഗള്‍യാന്‍ വിജയത്തില്‍ അരയിയില്‍ ഗ്രാമപ്രദക്ഷിണം

കാഞ്ഞങ്ങാട്: പ്രഥമ ചൊവ്വാ ദൗത്യം വിജയിച്ച അഭിമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് അരയി യുപി സ്‌കൂള്‍ ശാസ്ത്ര ക്ലബ്ബ് അംഗങ്ങള്‍ നടത്തിയ ഗ്രാമപ്രദക്ഷിണം നവ്യാനുഭവമായി.

ജീവന്റേയും ജലത്തിന്റെയും അടയാളങ്ങള്‍ക്കായി മനുഷ്യന്‍ ഉറ്റുനോക്കുന്ന ചൊവ്വാ ഗ്രഹത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന വിജ്ഞാന വിസ്‌ഫോടനങ്ങള്‍ക്ക് തുടക്കം കുറിച്ച അപൂര്‍വ്വ ദൃശ്യം ടെലിവിഷനില്‍ കണ്ട സന്തോഷത്തിലാണ് കുട്ടികള്‍ രാവിലെ വിദ്യാലയത്തിലെത്തിയത്. 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററിലെ വിക്ഷേപണ തറയില്‍ നിന്ന് മംഗള്‍യാനിനോടൊപ്പം ഉയര്‍ന്ന് പൊടിപടലങ്ങളും കാതടപ്പിക്കുന്ന സ്‌ഫോടനങ്ങളുടെ അലയൊലികളും ഉണ്ടാക്കിയ ഉത്കണ്ട വിട്ടുമാറും മുമ്പ് നടത്തിയ ആഹ്ലാദ പ്രകടനത്തില്‍ കുട്ടികളോടൊപ്പം നാട്ടുകാരും ആവേശപൂര്‍വ്വം പങ്കെടുത്തു. 

ശാസ്ത്രലോകം കൈവരിച്ച നേട്ടങ്ങളെ വാനോളം പുകഴ്ത്തിയ കുരുന്നുകള്‍ ചൊവ്വാദോഷത്തെക്കുറിച്ച് നാട്ടില്‍ പ്രചരിക്കുന്ന അന്ധവിശ്വാസങ്ങളെ കണക്കറ്റ് കളിയാക്കാനും മറന്നില്ല. 

പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, പി.ഈശാനന്‍, വി.കെ.സുരേഷ്ബാബു, പ്രമോദ് കാടംകോട്, ശോഭന കൊഴുമ്മല്‍, വിനോദ്കുമാര്‍ മണിയറവീട്, സിനി എബ്രഹാം, സ്‌കൂള്‍ ലീഡര്‍ പി.ഖദീജ എന്നിവര്‍ നേതൃത്വം നല്‍കി.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.