Latest News

വിവാഹത്തട്ടിപ്പ് നടത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന വ്യാജ പൂജാരി അറസ്റ്റില്‍

അടൂര്‍: വിവാഹത്തട്ടിപ്പ് നടത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന വ്യാജപൂജാരിയെ അടൂര്‍ പോലീസ് അറസ്റ്റുചെയ്തു.മാവേലിക്കര വെണ്മണി ഏറ്റത്ത്മുറിയില്‍ വല്യമലയില്‍ ദീപാഭവനം ആനന്ദനെയാണ് (56) പോലീസ് അറസ്റ്റുചെയ്തത്. 

2012 അവസാനം മുതല്‍ അടൂരിനടുത്ത് പെരിങ്ങനാട് ചെറുപുഞ്ച കൂട്ടുങ്ങല്‍ ക്ഷേത്രത്തില്‍ ചെമ്പകത്തറ കോലോത്ത് ഇല്ലത്ത് അനന്തകൃഷ്ണന്‍നമ്പൂതിരി എന്നപേരിലാണ് പൂജകള്‍ നടത്തിവന്നത്. ഇതിനിടെ ചെറുപുഞ്ചയിലെ ഒരു സ്ത്രീ മകളുടെ വിവാഹം നടക്കാത്തതിന് പ്രത്യേകപൂജ നടത്തുന്നതിനായി ഇദ്ദേഹത്തെ സമീപിച്ചു. പൂജകള്‍ക്കുശേഷം മകളുടെ വിവാഹവും നടന്നു.

നേരത്തെ ഭര്‍ത്താവ് മരിച്ചുപോയ ഈ സ്ത്രീ ഇതിനിടയില്‍ പൂജാരിയുമായി അടുപ്പത്തിലാകുകയും ചെയ്തു. പഴനിയില്‍ കൊണ്ടുപോയി മാലയിട്ട് വിവാഹം കഴിച്ചതായി പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന എട്ടുപവന്റെ സ്വര്‍ണ്ണാഭരണങ്ങളും ബാങ്കിലുണ്ടായിരുന്ന രണ്ടുലക്ഷംരൂപയും ആനന്ദന്‍ കൈക്കലാക്കി. തുടര്‍ന്ന് ഒളിവില്‍പ്പോയി. പണവും ആഭരണവും നഷ്ടപ്പെട്ട സ്ത്രീ അടൂര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് അടൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുനലൂര്‍ ആരംപുന്ന ധര്‍മ്മശാസ്താക്ഷേത്രത്തില്‍ അനന്തകൃഷ്ണന്‍നമ്പൂതിരി എന്നപേരില്‍ പൂജ നടത്തിക്കൊണ്ടിരുന്ന ആനന്ദനെ പോലീസ് അറസ്റ്റുചെയ്തത്.

കടമ്പനാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ചെങ്ങന്നൂര്‍ പുത്തന്‍കാവ് ക്ഷേത്രം, വയ്യാറ്റുപുഴ ഭദ്രകാളിക്ഷേത്രം, അഹമ്മദാബാദ് അയ്യപ്പസ്വാമിക്ഷേത്രം എന്നിവിടങ്ങളിലും പൂജാരിയായി തട്ടിപ്പ് നടത്തിയിട്ടുണ്ട്. എസ്.ഐ. കെ.എസ്.ഗോപകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീഷ്, അഷറഫ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്.



Keywords:  Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.