Latest News

കോഴിക്കോട്ട് മള്‍ട്ടിപ്ലക്‌സ് തീയറ്ററില്‍ ടിക്കറ്റിനെ ചൊല്ലി തര്‍ക്കം: സുരക്ഷാ ജീവനക്കാരന്‍ മരിച്ചു

കോഴിക്കോട്: മള്‍ട്ടിപ്ലക്‌സ് സിനിമാ തിയറ്ററില്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഒരു സംഘത്തിന്റെ മര്‍ദനമേറ്റു മരിച്ചു. കുന്നമംഗലം സ്വദേശി കരിയാത്തന്‍കാവില്‍ ചന്ദ്രന്‍നായരുടെ മകന്‍ സത്യപ്രകാശ്(50) ആണു മരിച്ചത്. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റു കുഴഞ്ഞുവീണ സത്യപ്രകാശിനെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സെക്യൂരിറ്റി എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) അംഗ മാണു സത്യപ്രകാശ്. ഭാര്യ: അജിതകുമാരി. മക്കള്‍: ആതിര, ആദിഷ. തിയറ്റര്‍ ജീവനക്കാരായ മാത്തോട്ടം സ്വദേശി വിബീഷ്, വയനാട് സ്വദേശി വിപിന്‍ എന്നിവര്‍ക്കും മര്‍ദനത്തില്‍ പരിക്കേറ്റു. ഇവര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട് മാവൂര്‍ റോഡിലെ ആര്‍പി മാള്‍ മള്‍ട്ടിപ്ലക്‌സ് തിയറ്ററില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40ഓടെയാണു സംഭവം. അക്രമിസംഘത്തില്‍ ഉള്‍പ്പെട്ട അജ്മല്‍, സര്‍ജാസ് എന്നിവരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. തിയറ്ററിനു സമീപമുള്ള ഒരു റെഡിമെയ്ഡ് കടയുടെ പാര്‍ട്ണറും ഒരു ജീവനക്കാരനുമാണ് അറസ്റ്റിലായതെന്നു പോലീസ് പറഞ്ഞു. സംഘര്‍ഷത്തെത്തുടര്‍ന്ന് ആര്‍പി മാള്‍ അടച്ചു.

വെള്ളിമൂങ്ങ സിനിമയുടെ 3.15ന് തുടങ്ങുന്ന ഷോയ്ക്കു ടിക്കറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണേ്ടാടെ എട്ടംഗ സംഘം മള്‍ട്ടിപ്ലക്‌സിലെത്തുകയായിരുന്നു. എന്നാല്‍, ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് ഉച്ചയ്ക്ക് 12.15ന്റെ പ്രദര്‍ശനത്തിനാണെന്നും അതിനാല്‍ ടിക്കറ്റ് നല്‍കാനാവില്ലെ ന്നും ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍, ഇത് അംഗീകരിക്കാതെ ടിക്കറ്റ് ആവശ്യപ്പെട്ടു സം ഘം ബഹളംകൂട്ടിയതോടെ വാക്കേറ്റം നട ന്നു. തുടര്‍ന്നു ടിക്കറ്റ് കൗണ്ടറിലെ വിപിന്‍ എന്ന ജീവനക്കാരനെ സംഘം കൈയേറ്റം ചെയ്‌തെന്നു പറയുന്നു.

ഇതു തടയാനെത്തിയ സത്യപ്രകാശിനെയും മറ്റൊരു സുരക്ഷാ ജീവനക്കാരനെയും സംഘം മര്‍ദിക്കുകയായിരുന്നു. അക്രമത്തെത്തുടര്‍ന്നു ‘സഫയര്‍” തിയറ്ററിലെ പ്രദര്‍ശനം നിര്‍ത്തിവച്ചു. ടിക്കറ്റിന്റെ പണം കാണികള്‍ക്കു തിരികെനല്‍കി.

തിയറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോ ധിച്ചു. സെക്യൂരിറ്റിക്കാരനെ സംഘം മര്‍ദിക്കുന്നതും ടിക്കറ്റ് കൗണ്ടറിനടുത്തേക്കു തള്ളിക്കയറിയതും കാമറയില്‍ വ്യക്തമാണെന്നു പോലീസ് പറഞ്ഞു.

സംഘത്തിലുള്‍പ്പെട്ട മറ്റുളളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അക്രമത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണേ്ടായെന്നതു പരിശോധിക്കുമെന്നു സംഭവസ്ഥലത്തെത്തിയ സിറ്റി പോലീസ് കമ്മിഷണര്‍ എ.വി. ജോര്‍ജ് പറഞ്ഞു. സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ എ.ജെ.ബാബു, നടക്കാവ് പ്രിന്‍സിപ്പല്‍ എസ്‌ഐ ജി.ഗോപകുമാര്‍ എന്നിവരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
UPDATE


Keywords: Calicut News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.