Latest News

വിഷമഴ പെയ്ത മണ്ണില്‍ ദുരിതം അവസാനിക്കുന്നില്ല; തലവളരുന്ന വിചിത്ര രോഗവുമായി കുരുന്ന് കൂടി

പെര്‍ല: അനുദിനം തല വളരുന്ന വിചിത്ര രോഗവുമായി (ഹൈഡ്രോസെഫാലസ്) ഒരു കുഞ്ഞു കൂടി വിഷമഴ പെയ്ത മണ്ണില്‍ പിറന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശമായ എന്‍മകജെ പഞ്ചായത്തിലെ പെര്‍ല പര്‍ത്താജെയില്‍ സുന്ദര നായികിനും ഭാര്യ താരയ്ക്കും പിറന്ന ആണ്‍കുഞ്ഞാണ് ദുരിതച്ചങ്ങലയിലെ പുതിയ കണ്ണി.

ഒരു മാസം മാത്രം പ്രായമായ കുഞ്ഞിന് ഇടതു ചെവിയും കണ്‍പോളകളുമില്ല. ത്വക്ക് മുഴുവനും ചുക്കിച്ചുളിഞ്ഞ നിലയിലാണ്. ഉറങ്ങാനാവാതെ കരച്ചിലിന്റെ തളര്‍ച്ചയിലാണ് കുടുംബം മുഴുവനും. കാത്തിരുന്നു കിട്ടിയ മുത്ത് സെപ്റ്റംബര്‍ 13ന് മംഗലാപുരം ഗവ. ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. പ്രസവ സമയത്ത് കുട്ടിയുടെ തല പുറത്തുവരാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കുഞ്ഞിന്റെ തലയില്‍ നിന്ന് സ്രവം കുത്തിയെടുത്ത് കളഞ്ഞിരുന്നു.

തുടര്‍ന്ന് ഇരുപത് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. രണ്ടു മാസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും കൂലിപ്പണിക്കാരനായ സുന്ദര നായികിന് സാമ്പത്തിക ചെലവ് താങ്ങാന്‍ കഴിയാത്തതോടെ വീട്ടിലേക്ക് മടങ്ങി. സുന്ദര നായികിനും താരയ്ക്കും മൂന്നു പെണ്‍മക്കള്‍ കൂടിയുണ്ട്. ആണ്‍കുട്ടി വേണമെന്ന പ്രാര്‍ഥനകള്‍ക്കൊടുവിലാണ് കുഞ്ഞിന്റെ പിറവി. വേണം അടിയന്തര ശസ്ത്രക്രിയ കുട്ടിക്ക് മൂന്നു മാസത്തിനുള്ളില്‍ ശസ്ത്രക്രിയ വേണമെന്നാണ് വിദഗ്ധാഭിപ്രായം.

തലച്ചോറിലെ സ്രവം നട്ടെല്ലിലേക്ക് ഒഴുകുന്നതിനുള്ള സംവിധാനം ഇല്ലാത്ത അപൂര്‍വ രോഗമാണിതെന്ന്് ഡോക്ടര്‍മാര്‍ പറയുന്നു. തലയില്‍ തിങ്ങിനിറയുന്ന സ്രവം പിന്നീട് തലച്ചോറിനെ ഞെരുക്കും. തല നാള്‍ക്കു നാള്‍ വലുതാവുകയും ചെയ്യും. ചികില്‍സ്‌ക്കായി ന്യൂറോ സര്‍ജന്റെ സേവനവും തേടണം. എന്നാല്‍ ചികില്‍സയ്ക്കു ചെലവഴിക്കാന്‍ പണമില്ലാതെ വലയുകയാണ് കുടുംബം. കാസര്‍കോട്ടെ മണ്ണിലും വെള്ളത്തിലും കീടനാശിനിയുടെ അംശമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുമ്പോഴും എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയില്‍ വിചിത്ര രോഗങ്ങള്‍ ബാധിച്ച കുഞ്ഞുങ്ങള്‍ പിറക്കുന്നത് തുടരുകയാണ്.
(കടപ്പാട്: മനോരമ)


Keywords: Kasaragod, Endosulfan, Kerala News, Alappuza, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.