Latest News

ടാക്‌സി ഡ്രൈവര്‍മാരെ തട്ടിക്കൊണ്ടു പോയി കാറും പണവും മോഷ്ടിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

കൊച്ചി: ടാക്‌സി ഡ്രൈവര്‍മാരെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് കാറും പണവും തട്ടിയെടുത്ത കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നിസാര്‍(33), മട്ടാഞ്ചേരി ആനവാതിലില്‍ രാമകൃഷ്ണന്‍(കണ്ണന്‍-40), കൊല്ലം കുരീപ്പുഴ സ്വദേശി മാത്യു(ബാബു-42), പള്ളുരുത്തി കെഎംപി നഗറില്‍ വിജിമോന്‍(35) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി ബിന്റന്‍ ഉള്‍പ്പെടെ അഞ്ചു പ്രതികളെ പിടികിട്ടാനുണ്ട്.

കണ്ണൂര്‍ സ്വദേശികളായ പ്രദീപ്, സുഭാഷ് എന്നിവരെ ബിന്റന്‍ ഇടപ്പള്ളി ലുലുമാളിനു സമീപം വിളിച്ചു വരുത്തി പിടിച്ചുപറി സംഘത്തിനു കൈമാറുകയായിരുന്നുവത്രേ. യുവാക്കളെ ആ കാറില്‍ തന്നെ ബലമായി കയറ്റി തോപ്പുംപടി കരുവേലിപ്പടി വികാസ് റോഡില്‍ ഒഴിഞ്ഞു കിടക്കുന്ന ഗോഡൗണില്‍ എത്തിച്ചു.

രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ മൂന്നു വരെ ഒന്‍പതംഗ സംഘം ക്രൂരമായി മര്‍ദിച്ച് അവശരാക്കി എറണാകുളം സൗത്ത് റയില്‍വേ സ്‌റ്റേഷനില്‍ തള്ളുകയായിരുന്നു. കാറിനു പുറമേ 13,400 രൂപയും എടിഎം കാര്‍ഡുകളും സംഘം പിടിച്ചു വാങ്ങി. രാവിലെ യുവാക്കള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ ഗോഡൗണ്‍ കണ്ടെത്തുകയായിരുന്നു. കാവല്‍ക്കാരനായ ബാബുവിനെ പൊലീസ് പിടികൂടി. ഇയാള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് മൂന്നു പ്രതികളെ പിടികൂടിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ശേഷിക്കുന്നവര്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്ന് എസ്‌ഐ അനില്‍ ജോര്‍ജ് പറഞ്ഞു.

ബാബുവിന്റെ സഹായത്തോടെ ഇവിടെ ഇതിനു മുന്‍പും ഒട്ടേറെപ്പേരെ എത്തിച്ച് മര്‍ദിക്കുകയും പണം തട്ടുകയും ചെയ്തതായി പൊലീസ് സംശയിക്കുന്നുണ്ട്.

സിഐ കെ. സജീവിന്റെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ ടി.കെ. രാജപ്പന്‍, പി.സി. തങ്കച്ചന്‍, സിപിഒമാരായ പി.എം. സമദ്, സുനീര്‍ എന്നിവരാണു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.


Keywords: Kerala News, Kochi, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.