Latest News

സിദ്ദീഖിന്റെ കൊല; പ്രതികളെക്കുറിച്ച് സൂചന

ന്യൂമാഹി:[www.malabarflash.com] പെരിങ്ങാടി മമ്മി മുക്കിലെ പള്ളിയില്‍ വ്യാപാരിയായ സഹാറിനില്‍ പുതിയപുരയില്‍ സിദ്ദീഖിനെ(69) കൊലപ്പെടുത്തി ഖബര്‍സ്ഥാനില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ കുറിച്ച് പോലീസിന് സൂചനകള്‍ ലഭിച്ചു.

ഖബര്‍സ്ഥാനിനടുത്ത് നിന്നും കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിവരുന്നത്. മുഴപ്പിലങ്ങാട് താമസിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ പേരിലുള്ള സിംകാര്‍ഡാണ് ഫോണിലുള്ളത്.

എന്നാല്‍ കഴിഞ്ഞ ഫിബ്രവരി മുതല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. നേരത്തെ ഫോണ്‍ ഉപയോഗിച്ചത് ന്യൂമാഹി ടവര്‍ ലൊക്കേഷനിലാണെന്നും തെളിവുകളുണ്ട്.

ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായിട്ടാണ് സൂചനകള്‍. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം. നേരത്തെ കസ്റ്റഡിയില്‍ എടുത്ത മൂന്ന് പേരില്‍ രണ്ടുപേരെ പോലീസ് വിട്ടയച്ചിരുന്നു. ഇവരെ വെളളിയാഴ്ച വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. മറ്റൊരാള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് സൂചനകള്‍.

തലശ്ശേരി ഡി വൈ എസ് പി ഷാജു പോളിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടന്നുവരുന്നത്. പാനൂര്‍ സി ഐ അബ്ദുള്‍ വഹാബാണ് നിലവില്‍ കേസന്വേഷിച്ചുവരുന്നതെങ്കിലും ഹൈക്കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് ഹാജരാവാന്‍ പോയ തലശ്ശേരി സി ഐ പി എം മനോജ് തിരിച്ചെത്തുന്നതോടെ അന്വേഷണ ചുമതല ഏറ്റെടുക്കും.

പണം അപഹരിച്ച ശേഷം കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക നിഗമനം. കാട് പടിച്ച് കിടക്കുന്ന പള്ളി പരിസരം സന്ധ്യയായാല്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നും ഇവിടെ ചൂതാട്ടകേന്ദ്രമായി മാറിയതായും പരിസരവാസികള്‍ ആരോപിക്കുന്നുണ്ട്. ന്യൂമാഹി എസ് ഐ ശ്രീഹരിയുടെ നേതൃത്വത്തില്‍ ഈ പ്രദേശത്ത് വ്യാപക പരിശോധന നടത്തിവരുന്നു. കൊല സംബന്ധിച്ച് നാട്ടുകാരില്‍ നിന്നും പോലീസ് മൊഴികള്‍ ശേഖരിച്ച് വരുന്നുണ്ട്. ഉടന്‍ തന്നെ പ്രതികള്‍ അറസ്റ്റിലാവുമെന്നുമാണ് സൂചനകള്‍.






Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.