Latest News

തീവണ്ടിയാത്രികരെ കൊള്ളയടിക്കല്‍ പതിവാക്കിയ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: തീവണ്ടിയില്‍ കവര്‍ച്ച പതിവാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഒറ്റയാള്‍ സമരത്തിലൂടെ കണ്ണൂരിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ നാരായണകുമാറിന്റെ മകന്‍ കേളകം ശാന്തിഗിരി കലശപറമ്പത്ത് ഹൗസില്‍ എ.എന്‍. നിജില്‍കുമാര്‍ (22)ആണ് പിടിയിലായത്. 

കഴിഞ്ഞ 24ന് മംഗള എക്‌സ്പ്രസില്‍ കാര്‍വാര്‍ സ്വദേശി അയമൂട്ടി സമാജ് ആലായിയുടെ ഭാര്യയുടെ 28,000രൂപയും എ.ടി.എം കാര്‍ഡും രേഖകളുമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് എടുത്തത് നിജില്‍കുമാറാണെന്ന് തെളിഞ്ഞിട്ടുണ്ട്. യുവതി വാനിറ്റി ബാഗ് തലക്ക് വച്ച് കിടന്നുറങ്ങുകയായിരുന്നു. വണ്ടി കണ്ണൂരില്‍ എത്തിയപ്പോള്‍ ബാഗ് തട്ടിപ്പറിച്ച് നിജില്‍കുമാര്‍ ഇറങ്ങിയോടുകയായിരുന്നു. 

കാര്‍വാറില്‍ നിന്ന് ഷോര്‍ണ്ണൂരിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. 25ന് പുലര്‍ച്ചെ 5.15ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇരിട്ടി കല്ലുവയല്‍ സ്വദേശി സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യാമ്മയുടെ ഒന്നേമുക്കാല്‍ പവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തതും നിജില്‍കുമാറാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മംഗലാപുരത്തേക്ക് പോകാന്‍ ത്രേസ്യാമ്മ തീവണ്ടി കാത്തുനില്‍ക്കവേയാണ് മാല പൊട്ടിച്ചെടുത്ത് നിജില്‍ കുമാര്‍ ഓടിമറഞ്ഞത്. 

കായംകുളം ഹെഡ്‌പോസ്റ്റ് മാസ്റ്റര്‍ പി.ആര്‍. രാജന്റെ 40,000 രൂപ വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍, എ.ടി.എം കാര്‍ഡ്, രേഖകള്‍ എന്നിവ അടങ്ങിയ ബാഗ് കവര്‍ന്നതും നിജില്‍കുമാറായിരുന്നു. 

വിലകൂടിയ ഷൂസും ഷര്‍ട്ടും പാന്റ്‌സും ധരിച്ചുനടക്കുന്ന നിജില്‍കുമാര്‍ നീട്ടി വളര്‍ത്തിയ മുടിയില്‍ ചുവന്ന ചായം തേക്കാറുണ്ടായിരുന്നു. ഇതാണ് ഇയാള്‍ പിടിയിലാകാന്‍ ഇടയാക്കിയത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആഭരണം നഷ്ടപ്പെട്ട ത്രേസ്യാമ്മ മുടിനീട്ടി വളര്‍ത്തിയ ഒരാളാണ് മാല പൊട്ടിച്ചെടുത്തതെന്ന് റെയില്‍വേ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ മുടിനീട്ടി വളര്‍ത്തി സ്ഥിരമായി എത്താറുള്ളവരെ നിരീക്ഷണവിധേയരാക്കി. നിരീക്ഷണ വിധേയനായ നിജില്‍കുമാറിനെ ഞായറാഴ്ച രാത്രി വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് കണ്ണൂരില്‍ എത്തിയപ്പോള്‍ മൂന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ടു. തുടര്‍ന്ന് റെയില്‍വേ എസ്.ഐ: രവീന്ദ്രന്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്. 

ഓരോ കവര്‍ച്ച കഴിയുമ്പോഴും ഇയാള്‍ അതുമായി ഗോവ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകും. അവിടെ മദ്യവും മദിരാക്ഷിയുമായി അടിപൊളി ജീവിതം നയിച്ച് പണം തീര്‍ന്നാല്‍ അടുത്ത തീവണ്ടിയില്‍ കയറി കവര്‍ച്ച നടത്തും. 

ഭംഗിയുള്ള വസ്ത്രം ധരിച്ചു നടക്കുന്ന നിജില്‍കുമാര്‍ താന്‍ സിനിമയിലും സീരിയലുകളിലും അഭിനയിക്കുകയാണെന്നാണ് വീട്ടുകാരെ ധരിപ്പിച്ചത്. പത്തിരുപത് ദിവസം കഴിയുമ്പോള്‍ മാത്രമാണ് ഇയാള്‍ വീട്ടിലെത്താറുള്ളത്. തീവണ്ടിയില്‍ നടന്ന മറ്റ് നിരവധി കവര്‍ച്ചകള്‍ക്ക് ഇയാളുമായി ബന്ധമുണ്ടെന്ന് കരുതുന്നു. അതിനായി നിജില്‍കുമാറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.



Keywords: Kannur News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.