Latest News

സ്വാതന്ത്ര്യസമരസേനാനി കെ എം കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

നീലേശ്വരം: കമ്യൂണിസ്റ്റ്- കര്‍ഷക പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളും സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ സഹകാരിയും സിപിഐ എം മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവുമായ മടിക്കൈയിലെ കെ എം കുഞ്ഞിക്കണ്ണന്‍ നിര്യാതനായി. 97 വയസായിരുന്നു.

ശനിയാഴ്ച പകല്‍ രണ്ടരയോടെ പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഞായറാഴ്ച പകല്‍ 11 മണിക്ക് മടിക്കൈ പുളിക്കാലിലെ വീട്ടുവളിപ്പില്‍ സംസ്‌കരിക്കും. ശനിയാഴ്ച രാത്രി പടിഞ്ഞാറ്റംകൊഴിവലിലെ വീട്ടില്‍ പൊതുദര്‍ശനത്തിന്‌വെച്ച മൃതദേഹം ഞായറാഴ്ച രാവിലെ 10 മണിയോടെ എരിക്കുളത്തെ സിപിഐ എം ഓഫീസ് പരിസരത്ത് പൊതുദര്‍ശനത്തിന് വെക്കും.


സിപിഐ എം മടിക്കൈ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗമാണ്. ദീര്‍ഘകാലം കാസര്‍കോട് ജില്ലാ മൊത്തവ്യാപാര സഹകരണ സംഘം പ്രസിഡന്റും സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഡയറക്ടറുമായിരുന്നു.

പരേതരായ കെ എം അമ്പാടിയുടെയും കെ മാണിക്കത്തിന്റെയും മകനായി 1917 ജൂണ്‍ 25 ന് മടിക്കൈ പുളിക്കാല്‍ കൊയോംമൂലയിലാണ് ജനനം. ഭാര്യ: പരേതയായ കണ്ണംപാത്തി കുഞ്ഞിപ്പെണ്ണ്. മക്കള്‍: ശാര്‍ങ്ധരന്‍(പുളിക്കാല്‍), കെ എം നാരായണന്‍ (റീജണല്‍ മാനേജര്‍, ജില്ലാ സഹകരണ ബാങ്ക്, കാസര്‍കോട്), മടിക്കൈ രാമചന്ദ്രന്‍ (നോവലിസ്റ്റ്), ഭാസ്‌കരന്‍, ജനാര്‍ദനന്‍ (വക്കീല്‍ ഗുമസ്തന്‍, കാഞ്ഞങ്ങാട്), പ്രഭാകരന്‍ (സിപിഐ എം കുണ്ടേന്‍മൂല ബ്രാഞ്ചംഗം), രമണി, പത്മിനി, സാവിത്രി, പ്രസന്ന (യുഡി ക്ലര്‍ക്ക്, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, കാസര്‍കോട്).

മരുമക്കള്‍: കുമാരന്‍(ചുള്ളി), കെ ദാക്ഷായണി(പുളിക്കാല്‍), സി കെ നാരായണന്‍(റിട്ട. പ്രധാനാധ്യാപകന്‍, പടിഞ്ഞാറ്റംകൊഴുവല്‍), പ്രീത(അന്നൂര്‍), രജനി(ഉദുമ), വസന്ത(പോത്തംകൈ, മടിക്കൈ), എം നാരായണന്‍ (ദോസ്തി സ്റ്റുഡിയോ, കുണ്ടംകുഴി), രാഘവന്‍(പടന്നക്കാട്). സഹോദരങ്ങള്‍: പരേതരായ അമ്പാടി, അമ്പു, കുഞ്ഞാമന്‍.


കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ധീരനായ പോരാളിയെയാണ് കെ എം കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. 97-ാം വയസിലും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്നു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളിലും പൊതുപരിപാടികളിലും കെ എം മുന്‍നിരയില്‍ ഉണ്ടാകുമായിരുന്നു.
സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി മരണംവരെ സമൂഹത്തിനുവേണ്ടി

സമര്‍പിച്ച ജീവിതമായിരുന്നു ഈ സ്വാതന്ത്ര്യസമര സേനാനിയുടേത്. മടിക്കൈ ആലമ്പാടി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഖദര്‍ വസ്ത്രം ധരിച്ച് ദേശീയ പ്രസ്ഥാനത്തിലേക്കിറങ്ങി. 1936ല്‍ കര്‍ഷകസംഘം വളണ്ടിയറായി. 1937ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗം. 1940ല്‍ മടിക്കൈയില്‍ രൂപീകരിച്ച ആദ്യ കമ്യൂണിസ്റ്റ് സെല്ലിലെ ഒമ്പതുപേരില്‍ ഒരാള്‍. 1941ല്‍ കയ്യൂര്‍ സംഭവത്തോടനുബന്ധിച്ച് പൊലീസിന്റെ ഭീകര മര്‍ദനത്തിനിരയായി. കെ എമ്മിനെ അറസ്റ്റ് ചെയ്തപ്പോഴേക്കും കേസ് ചാര്‍ജ് ഷീറ്റ് തയ്യാറായതിനാല്‍ വിട്ടയച്ചു.


കരിവെള്ളൂര്‍ കേസില്‍ 1946ല്‍ അറസ്റ്റിലായി നാലരമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു. 1948- 50 കാലത്ത് രണ്ടുവര്‍ഷം ഒളിവുജീവിതം. ഇക്കാലത്ത് കെ എമ്മിന്റെ വീടും പറമ്പും ജപ്തിക്കുവച്ചു. പിടിച്ചുകൊടുക്കുന്നവര്‍ക്ക് 500 രൂപ ഇനാം പ്രഖ്യാപിച്ചു. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് മൂന്നുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞു. മടിക്കൈയിലും പരിസരങ്ങളിലും നടന്ന വിളകൊയ്ത്ത്- നെല്ലെടുപ്പ് സമരങ്ങളില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഇങ്ങനെ സംഭവബഹുലവും ത്യാഗപൂര്‍ണവുമായിരുന്നു കെ എം കുഞ്ഞിക്കണ്ണന്റെ
രാഷ്ട്രീയജീവിതം.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ മടിക്കൈ ലോക്കല്‍കമ്മിറ്റി അംഗം, കര്‍ഷകസംഘം മലബാര്‍ കമ്മിറ്റി അംഗം, അവിഭക്ത കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗം, കാസര്‍കോട് ജില്ലാകമ്മിറ്റി അംഗം എന്നീ നിലകളിലും സിപിഐ എം അവിഭക്ത നീലേശ്വരം ലോക്കല്‍കമ്മിറ്റി അംഗം, ഹൊസ്ദുര്‍ഗ് ഏരിയാകമ്മിറ്റി അംഗം, ജില്ലാകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
മടിക്കൈ പഞ്ചായത്ത് പ്രസിഡന്റായി 11 വര്‍ഷവും വൈസ് പ്രസിഡന്റായി പത്തുവര്‍ഷവും പ്രവര്‍ത്തിച്ചു. സഹകരണ പ്രസ്ഥാനവുമായി 60 വര്‍ഷത്തെ അടുത്ത ബന്ധമാണ്. നിരവധി സഹകരണ സ്ഥാപനങ്ങളുടെ സാരഥിയായി. കാഞ്ഞങ്ങാട് കോട്ടച്ചേരി കോ- ഓപ്പറേറ്റീവ് സ്‌റ്റോര്‍ സ്ഥാപിച്ചതുമുതല്‍ 33 വര്‍ഷം തുടര്‍ച്ചയായി ഹോണററി സെക്രട്ടറിയായി. 

27 വര്‍ഷം മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. 1988ല്‍ കാസര്‍കോട് ജില്ലാ മൊത്തവ്യാപാര സഹകരണ സംഘം സ്ഥാപിച്ചതുമുതല്‍ രണ്ടുമാസം മുമ്പുവരെ അതിന്റെ പ്രസിഡന്റായിരുന്നു. 22 വര്‍ഷം സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു.




Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.