Latest News

ഷാര്‍ജ കെ.എം.സി.സി. അഹ്‌ലാമു ശിഹാബ് ഗ്രാമീണ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: ഷാര്‍ജ കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം ബദിയടുക്ക പഞ്ചായത്തിലെ കോട്ട പ്രദേശത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഹ്‌ലാമു ശിഹാബ് ഗ്രാമീണ കുടിവെള്ള പദ്ധതി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിച്ചു.

ഓരോ പ്രദേശത്തിന്റെയും പ്രശ്‌നങ്ങള്‍ പഠിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനംതുല്ല്യതയില്ലാത്തതാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നാടും വീടും കുടുംബവും വിട്ട് ഗള്‍ഫില്‍ കഷ്ടപ്പെട്ട് ജോലി ചെയ്ത് കിട്ടുന്ന വരുമാനത്തില്‍നിന്ന് നിശ്ചിത സംഖ്യ മാറ്റിവെച്ച് നാടിനെ കെട്ടിപ്പടുക്കാനും നാട്ടുകാരെ സേവിക്കാനുമാണ് കെ.എം.സി.സി.പ്രവര്‍ത്തകര്‍ മുന്നോട്ടുവരുന്നത്. മഹത്തരമായ ഈ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് തങ്ങള്‍ പറഞ്ഞു.


മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് സലാം ഹാജി കുന്നില്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. 

ഷാര്‍ജ കെ.എം.സി.സി. ജനറല്‍ സെക്രട്ടറിയായിരിക്കെ മരണപ്പെട്ട എം.പി. മുഹമ്മദ് കുഞ്ഞിക്ക് കെ.എം.സി.സി. സുരക്ഷാ സ്‌കീമിന്റെ സഹായമായി അദ്ദേഹത്തിന്റെ കുടുംബത്തിന് അനുവദിച്ച മൂന്ന് ലക്ഷം രൂപയുടെ ചെക്ക് മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ്ഹാജി കൈമാറി.


ജീവകാരുണ്യ പ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയുമായ കിളിംഗാര്‍ സായിറാം ഗോപാലകൃഷ്ണ ഭട്ടിനെ ചടങ്ങില്‍ ആദരിച്ചു. സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി ഉപഹാരം നല്‍കി. ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി പ്രാര്‍ത്ഥന നടത്തി.

മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് എ.ഹമീദ്ഹാജി, സെക്രട്ടറിമാരായ എം.അബ്ദുല്ല മുഗു, കെ.ഇ.എ. ബക്കര്‍, എം.എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി.അബ്ദുല്‍ റസാഖ്, യു.ഡി.എഫ്. കണ്‍വീനര്‍ പി.ഗംഗാധരന്‍ നായര്‍, കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, ഫാദര്‍ വിന്‍സന്റ് ഡിസൂസ, എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര, വൈസ് പ്രസിഡണ്ട് എ.എ.ആയിശ, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ ജയറാം, കെ.എം.സി.സി. നേതാക്കളായ സഹദ് പുറക്കാട്, ഹംസ തൊട്ടി, ഖാലിദ് പാറപ്പള്ളി, സി.ബി.കരീം ചിത്താരി പ്രസംഗിച്ചു. കെ.എം.സി.സി. വൈസ് പ്രസിഡണ്ട് അബ്ദുല്ല കമാംപാലംപദ്ധതി വിശദീകരിച്ചു.


കുടിവെള്ളമില്ലാതെ ദുരിതമനുഭവിച്ചിരുന്ന പ്രദേശത്തെ വിവിധ മതസ്ഥരായ 52 നിര്‍ധന കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ചുകൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഷാര്‍ജ കെ.എം.സി.സി.യുടെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ പുതിയൊരു കാല്‍വെപ്പാണ് കാസര്‍കോട്ട് മണ്ഡലത്തിലെ ഈ പദ്ധതി.


ടാങ്ക് നിര്‍മ്മിക്കുന്നതിനായുള്ള സ്ഥലം സൗജന്യമായി നല്‍കിയത് ആയിഷയാണ്. സി.എച്ച്. അബ്ദുല്ല പടിക്കലാണ് കുഴല്‍കിണര്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം നല്‍കിയത്. 15000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ടാങ്ക്, കുഴല്‍കിണര്‍, മോട്ടോര്‍, അനുബന്ധ സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടെ 11 ലക്ഷത്തോളം രൂപയാണ് പദ്ധതിക്കുവേണ്ടി ചെലവിട്ടത്.
ഷാര്‍ജ കെ.എം.സി.സി. ജനറല്‍ സെക്രട്ടറിയും കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കെ മരണപ്പെട്ടുപോയ എം.പി. മുഹമ്മദ്കുഞ്ഞി ഹാജിയുടെ പേരാണ് പദ്ധതി പ്രദേശത്തിന് നല്‍കിയിരിക്കുന്നത്.




Keywords: Kerala News, Kasaragod, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.