Latest News

വിവാഹധൂര്‍ത്തും ആഭാസത്തരങ്ങളും തടയാന്‍ കടുത്ത തീരുമാനങ്ങള്‍ വേണം: സൗഹൃദ കൂട്ടായ്മ

കാഞ്ഞങ്ങാട്: അനിയന്ത്രിതമായി വര്‍ദ്ധിച്ച് വരുന്ന വിവാഹധൂര്‍ത്തും ആര്‍ഭാടവും ആഭാസത്തരങ്ങളും തടയാന്‍ സമുദായ നേതൃത്വങ്ങളില്‍ നിന്ന് കടുത്ത തീരുമാനമുണ്ടാകണമെന്ന് സൗഹൃദവേദി നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് യതീംഖാന ഹാളില്‍ നടന്ന വിവിധ സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം കൈക്കൊണ്ട നിലപാടിനും നടപ്പിലാക്കുന്ന തീരുമാനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയും സഹകരണവും കൂട്ടായ്മ ഉറപ്പ് നല്‍കി.

വിവാഹാവേളകളില്‍ സമ്പന്നരും സമൂഹത്തിലെ ഉന്നതരും നടത്തുന്ന ആര്‍ഭാടവും ധൂര്‍ത്തും ആഭാസത്തരങ്ങളും അവസാനിപ്പിക്കണമെന്ന് ബോധവല്‍ക്കരണം ഉദ്ഘാടനം ചെയ്ത സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ്ഹാജി പറഞ്ഞു. മന്ത്രിമാരെയും നേതാക്കളെയും പോലീസ് മേധാവികളെയും പങ്കെടുപ്പിച്ച് പൊങ്ങച്ചം കാട്ടുന്നതും ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ആഭാസപ്രകടനങ്ങളും ബൈക്ക് റൈസിങ്ങും ഒഴിവാക്കാന്‍ നടപടിയുണ്ടാകണം. ഈ വിഷയത്തില്‍ സംയുക്ത ജമാഅത്ത് ശക്തമായ നടപടികള്‍ സ്വീകരിക്കും. ശാഖാപരമായ ഭിന്നതകള്‍ക്കതീതമായി എല്ലാ മുസ്ലിം സംഘടനകളും ഈ കാര്യത്തില്‍ കൈക്കോര്‍ക്കണമെന്ന് മെട്രോ മുഹമ്മദ് ഹാജി അഭ്യര്‍ത്ഥിച്ചു.
സമൂഹത്തെ കാര്‍ന്ന് തിന്നുന്ന വിവാഹധൂര്‍ത്തിനും ആര്‍ഭാടങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ യുദ്ധ പ്രഖ്യാപനം നടത്താന്‍ വിഷയാവതരണം നടത്തിയ ചെമ്മനാട് മുസ്ലിം ജമാഅത്ത് ഖത്തീബ് എ.പി.ഹുസൈന്‍ സഖാഫി അഭ്യര്‍ത്ഥിച്ചു. നേതാക്കള്‍ തന്നെ ആര്‍ഭാട വിവാഹങ്ങളുടെ നടത്തിപ്പുകാരാകരുത്. ആര്‍ഭാട വിവാഹങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കൂട്ടായ തീരുമാനങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
വിവാഹധൂര്‍ത്തിനും ആര്‍ഭാടത്തിനുമെതിരെ സംസ്ഥാന മുസ്ലിംലീഗ് എടുത്ത ചരിത്രപരമായ നിലപാട് വിപ്ലവകരമായ തീരുമാനമാണ്. സമുദായം ഒറ്റക്കെട്ടായി ഇതിനെ പിന്തുണയ്ക്കുമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് ബായാര്‍ പറഞ്ഞു. ധൂര്‍ത്തിനും ആര്‍ഭാടത്തിനുമെതിരെ ലീഗ് എടുത്ത തീരുമാനം വോട്ടിന് വേണ്ടിയല്ല. സമൂഹം ഒറ്റക്കെട്ടായി ലീഗ് തീരുമാനത്തിനെ പിന്തുണയ്ക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ധീന്‍ പറഞ്ഞു. ഇത് സംബന്ധമായ തുടര്‍ നടപടികളെ സമുദായം ഒറ്റക്കെട്ടായി പിന്തുണയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ കണ്‍വീനര്‍ ഹാഷിം അരിയില്‍, കാഞ്ഞങ്ങാട് സലഫി ജുമാ മസ്ജിദ് ഖത്തീബ് മുഹാജിര്‍ ഫാറൂഖി, തൃക്കരിപ്പൂര്‍ സലഫി മസ്ജിദ് ഖത്തീബ് യൂസഫ് മൗലവി പൂച്ചിറ, അഖിലേന്ത്യാ ഇമാം കൗണ്‍സില്‍ അംഗം സി.എന്‍.ഷാജഹാന്‍, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന പ്രസിഡന്റ് എ.ഹമീദ്ഹാജി, എംഎസ്എസ് യൂണിറ്റ് പ്രസിഡന്റ് എം.ഹമീദ്ഹാജി തെക്കേപ്പുറം, ദുബൈ കെഎംസിസി പ്രസിഡന്റ് ഹംസ തൊട്ടി എന്നിവര്‍ പ്രസംഗിച്ചു.
കാസര്‍കോട് ഇസ്ലാമിക് സെന്റര്‍ ജുമാമസ്ജിദ് ഖത്തീബ് നാസര്‍ ചെറുകര വിഷയ ക്രോഡീകരണം നടത്തി സംസാരിച്ചു. എം.ഇബ്രാഹിം, അബ്ദുള്ള പാലായി, നാസര്‍ ചെറുകര എന്നിവരുള്‍പ്പെട്ട പ്രസീഡിയമാണ് പരിപാടി നിയന്ത്രിച്ചത്. കെ.കെ.ശഹദ് ഖിറാഅത്ത് നടത്തി. സൗഹൃദവേദി ചെയര്‍മാന്‍ അഹമ്മദ് ബെസ്റ്റോ അദ്ധ്യക്ഷനായി. സെക്രട്ടറി സുറൂര്‍ മൊയ്തുഹാജി സ്വാഗതവും ടി.മുഹമ്മദ് അസ്‌ലം നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.