Latest News

PSC നോട്ടിഫിക്കേഷന്‍ നടത്തി ഒരു വര്‍ഷത്തിനകം നിയമനശുപാര്‍ശ ലക്ഷ്യം-പിഎസ്‌സി ചെയര്‍മാന്‍

കാസര്‍കോട്: ജോലിക്കായി നോട്ടിഫിക്കേഷന്‍ നടത്തി ഒരു വര്‍ഷം കൊണ്ട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അഡൈ്വസ് മെമ്മോ നല്‍കണമെന്ന പിഎസ് സിയുടെ ലക്ഷ്യം സാക്ഷാത്ക്കരിക്കുമെന്ന് സംസ്ഥാന പിഎസ് സി ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പിഎസ് സി ഓഫീസ് കമ്പ്യൂട്ടവര്‍വല്‍ക്കരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണ്‍ലൈന്‍ പരീക്ഷ, ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ എന്നിവ നടത്താന്‍ പിഎസ്‌സി തയ്യാറെടുത്തു കഴിഞ്ഞു. സാങ്കേതിക വിദ്യയും കംപ്യൂട്ടര്‍വല്‍ക്കരണവും പിഎസ്‌സി യുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചു. 120ഓളം വരുന്ന പിഎസ് സി ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷകള്‍ നടത്തി രണ്ട് മാസത്തിനകം ഫലം പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നുണ്ട്. പിഎസ്‌സി നിയമനത്തിലെ റോട്ടേഷന്‍ സംവിധാനവും കംപ്യൂട്ടവര്‍വല്‍ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഇന്ത്യയിലെ തൊഴില്‍ സേവന മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
നിലവില്‍ പിഎസ്‌സി സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികളുടെ 1.02 കോടി അപേക്ഷകള്‍ കൈകാര്യം ചെയ്തുവരുന്നു. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയുടെ 16 ലക്ഷവും ലാസ്റ്റ് ഗ്രേഡ് സര്‍വ്വെന്റ്‌സ് തസ്തികയുടെ 14 ലക്ഷം അപേക്ഷകളും കൈകാര്യം ചെയ്യുന്നു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുടെ പിഎസ്‌സി അപേക്ഷകര്‍ കൂട്ടിയാലും ഇത്രയും സംഖ്യ വരില്ല. രാജസ്ഥാനില്‍ കൈകാര്യം ചെയ്തുവരുന്നത് മൊത്തം നാലരലക്ഷം അപേക്ഷകളാണ്.
നടപടിക്രമങ്ങള്‍, കാര്യക്ഷമത, വേഗത, വിശ്വസ്തത, സുതാര്യത, കൃത്യത എന്നിവയില്‍ പിഎസ്‌സി ഏറ്റവും മുന്‍പന്തിയിലാണ് ഇത്രയും വിശ്വസ്തമായ മറ്റൊരു സ്ഥാപനം ഇല്ല. അതിന്റെ വിശ്വസ്തതയെ ബാധിക്കുന്ന രീതിയിലുളള സംഹാരാത്മക വിമര്‍ശനം ഉപേക്ഷിക്കണം. ഇത്രയധികം അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അപൂര്‍വ്വമായി ചെറിയ പിഴവുകള്‍ ഉണ്ടാവുക എന്നത് മനുഷ്യസഹജമാണ് . അത്തരം തെറ്റുകളെ രൂക്ഷമായി വിമര്‍ശിക്കുന്നതിനെയും സ്വാഗതം ചെയ്യുന്നതായും രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ പിഎസ്‌സിയുടെ അഭിപ്രായം കൂടി അറിഞ്ഞ് സര്‍ഗ്ഗാത്മകമായി വിമര്‍ശിക്കുന്നതാണ് ഉചിതം. ലോക്കപ്പ് മര്‍ദ്ദനം പോലെയുളള വിമര്‍ശനം ഉപേക്ഷിക്കണം.
പിഎസ്‌സി സ്വീകരിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് നടത്തിയ വിമര്‍ശനം നടത്തുന്നത് സത്യസന്ധമായ വിവരങ്ങള്‍ അറിയാത്തവരാണ്. ഒരു തൊഴിലിനായി നിഷ്‌ക്കര്‍ഷിക്കുന്ന തൊഴില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് .അസിസ്റ്റന്റ് ലേബര്‍ ഓഫീസറാണ് ജാതി, വരുമാനം തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് റവന്യൂ ഉദ്യോഗസ്ഥരുമാണ് . ഇത്തരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പിഎസ് സി സ്വീകരിച്ചേ മതിയാകൂ. അതിനെ ചോദ്യം ചെയ്യാന്‍ പിഎസ്‌സിയെ ഭരണഘടന അനുവദിക്കുന്നില്ല. സാങ്കേതികവിദ്യയും കംപ്യൂട്ടര്‍വത്ക്കരണവും പിഎസ്‌സിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചു.
യോഗത്തില്‍ പിഎസ്‌സി മെമ്പര്‍ യു. സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പിഎസ് സിയുടെ കാസര്‍കോട് ജില്ലയുടെ ചുമതലയുളള മെമ്പര്‍ സിമി റോസ്‌ബെല്‍ജോണ്‍ ആശംസകള്‍ അര്‍പ്പിച്ചു. പിഎസ് സി മെമ്പര്‍മാരായ പ്രൊഫസര്‍ ഗ്രേസമ്മ മാത്യു, എ.വി വല്ലഭന്‍, പ്രൊ. എന്‍. ശെല്‍വരാജ്, ഡോ. മോഹന്‍ദാസ്, കെ. പ്രേമരാജന്‍, അഡ്വ. എം.കെ സക്കീര്‍, അഡ്വ. വി.ടി തോമസ്, എം.കെ ജീവന്‍, പി. ശിവാനന്ദന്‍, ഹരീന്ദ്രനാഥ്, കൊച്ചുത്രേസ്യ, ഇ. രവീന്ദ്രനാഥന്‍, ടി.ജി ഇസ്മായില്‍, പിഎസ് സി അഡീഷണല്‍ സെക്രട്ടറി കെ.എം വിശ്വനാഥന്‍, വയനാട് ജില്ലാ പിഎസ് സി ഓഫീസര്‍ കെ. ഗണേഷ്, കണ്ണൂര്‍ ജില്ലാ പിഎസ് സി ഓഫീസര്‍ വി.വി സുരേന്ദ്രന്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എം. സന്ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. പിഎസ്‌സി സെക്രട്ടറി പി.സി ബിനോയ് സ്വാഗതവും ജില്ലാ പിഎസ് സി ഓഫീസര്‍ പ്രകാശന്‍ കുനേരി നന്ദിയും പറഞ്ഞു.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.