Latest News

പൊള്ളലേറ്റവര്‍ക്ക് ആശ്രയമായി വേണുഗോപാലന്‍ വൈദ്യര്‍

ചെറുവത്തൂര്‍: പൊള്ളലേറ്റവരെ പച്ചമരുന്നു കൊണ്ട് സുഖപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് കയ്യൂര്‍ ആലന്തട്ടയിലെ സി കെ വേണുഗോപാലന്‍. നാട്ടുവൈദ്യ ചികിത്സയിലൂടെ രോഗികള്‍ക്ക് ആശ്രയമായി മാറിയ ഇദ്ദേഹം ചികിത്സാരംഗത്ത് 30 വര്‍ഷം പിന്നിട്ടു.

ശരീരമാസകലം പൊള്ളലേറ്റവരെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിക്കാന്‍ ഇദ്ദേഹം ആശ്രയിക്കുന്നത് പച്ചമരുന്നിനെയാണ്. ആശുപത്രിയില്‍നിന്ന് മടക്കിയവര്‍ ഉള്‍പ്പെടെ നിരവധിപേരാണ് ഇദ്ദേഹത്തിന്റെ ചികിത്സയില്‍ സുഖം പ്രാപിച്ചത്. 

ദേഹമാസകലം പൊള്ളലേറ്റ് ജീവിതംഅവസാനിച്ചെന്ന് കരുതിയവര്‍ക്ക് തുണയായ ഇയാള്‍ ഇരുനൂറോളം പേരെ ചികിത്സിച്ച് ഭേദമാക്കി. 

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പി ടി കുഞ്ഞമ്പുവിന്റെ മകനാണ്. അച്ഛനില്‍നിന്ന് മനസിലാക്കിയെടുത്തതാണ് ചികിത്സാരീതി. വയനാട്ടില്‍ നിന്നടക്കം എത്തിക്കുന്ന പച്ചമരുന്നുപയോഗിച്ചാണ് മരുന്ന് തയ്യാറാക്കുന്നത്. ചികിത്സ ഇന്നുവരെ പിഴച്ചിട്ടില്ല. 
കാടുകളും മലകളും ഇല്ലാതാവുന്നതിന്റെ ഭാഗമായി പച്ചമരുന്നും കിട്ടാക്കനിയാവുന്നുവെന്നതാണ് ഈ രംഗത്ത് നേരിടുന്ന വെല്ലുവിളി. 

പൊള്ളല്‍ ചികിത്സ നടത്തുന്ന നാട്ടുവൈദ്യന്മാരുണ്ടാക്കുന്ന മരുന്നില്‍നിന്ന് വ്യത്യസ്തമാണ് ഇദ്ദേഹത്തിന്റെ മരുന്ന്. ഔഷധ സസ്യങ്ങള്‍ കോട്ടണ്‍ തുണികളില്‍ പൊതിഞ്ഞ് കമ്പില്‍ കോര്‍ത്തു കെട്ടും. പിന്നീട് വെളിച്ചെണ്ണ ഉപയോഗിച്ച് ഇതിനെ കത്തിക്കും. ഈ രീതിയിലാണ് പൊള്ളല്‍ ചികിത്സക്കുള്ള മരുന്ന് നിര്‍മിക്കുന്നത്. 

ഒന്നര മാസം കൊണ്ട് പൊള്ളല്‍ പൂര്‍ണമായും ഭേദപ്പെടും. പൊള്ളലേറ്റ ഭാഗത്ത് അതിന്റെ അടയാളംപോലും അവശേഷിക്കില്ല. വേണുഗോപാലന് ചികിത്സ കച്ചവടമല്ല. ആരുടെ കൈയില്‍നിന്നും കണക്കുപറഞ്ഞ് പണം വാങ്ങില്ല. മരുന്നിനാവശ്യമായ തുക മാത്രമാണ് പ്രതിഫലം.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.