Latest News

മൊബൈല്‍ പ്രണയം: വികലാംഗനെ വിവാഹം കഴിച്ച പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം മടങ്ങി

കൊച്ചി: ഫോണിലൂടെ വളര്‍ത്തിയെടുത്ത പ്രണയത്തിനൊടുവില്‍ ആളുമാറി വികലാംഗനെ വിവാഹം ചെയ്ത യുവതി കോടതി മുഖേന മാതാപിതാക്കള്‍ക്കൊപ്പം മടങ്ങി. പ്രണയിച്ചത് വിവാഹം ചെയ്തയാളുടെ സഹോദരനെയാണെന്നും കെണിയില്‍പ്പെടുത്തിയാണ് ഈ വിവാഹം നടത്തിയതെന്നും പെണ്‍കുട്ടി കോടതിയെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈകോടതി ഉത്തരവായത്.

ഭാര്യയെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വൈക്കം സ്വദേശിയായ യുവാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിക്കാണ് സിനിമ സ്റ്റൈല്‍ വഴിത്തിരിവുണ്ടായത്.
ഈ വര്‍ഷം ഏപ്രില്‍ ഒമ്പതിന് ക്ഷേത്രത്തില്‍ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വീട്ടുകാര്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.

വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഓണത്തിന് പെണ്‍കുട്ടിയുടെ വീട്ടില്‍ ഇരുവരും ചേര്‍ന്ന് പോയിരുന്നെന്നും പിന്നീട് മടങ്ങിയത്തെിയെങ്കിലും ഭാര്യയെ മാതാപിതാക്കള്‍ തിരികെ വിളിച്ച് തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് പരാതി.
മിസ്ഡ് കോളിലൂടെയുള്ള പരിചയമാണ് പിന്നീട് വിവാഹത്തിലത്തെിയതെന്നും താന്‍ വികലാംഗനാണെന്ന് അറിഞ്ഞുകൊണ്ടാണ് വിവാഹത്തിന് പെണ്‍കുട്ടി തയാറായതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

കോടതി നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. എന്നാല്‍, താന്‍ പ്രണയിച്ചത് ഹരജിക്കാരന്‍െറ സഹോദരനെയാണെന്നും വിവാഹത്തിന് എത്തിയപ്പോള്‍ നിര്‍ബന്ധിച്ച് ഹരജിക്കാരനെ വിവാഹം കഴിപ്പിക്കുകയായിരുന്നെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. തന്നെയാരും അന്യായ തടങ്കലില്‍ വെച്ചിട്ടില്ലെന്നും ഹരജിക്കാരനൊപ്പം പോകാന്‍ ആഗ്രഹമില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ജസ്റ്റിസ് വി.കെ. മോഹനന്‍, ജസ്റ്റിസ് കെ. ഹരിലാല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.


Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.